കാലാവസ്ഥയും യുദ്ധവും കാർഷികോത്പന്നങ്ങളുടെ വിധി നിശ്ചയിക്കും. ദക്ഷിണേന്ത്യൻ നാളികേര കർഷകരെ കണ്ണീരിലാക്കി കൊപ്ര വില ഇടിയുന്നു. കുരുമുളക് മികവ് നിലനിർത്താനുള്ള ശ്രമത്തിൽ. യുദ്ധം, ലേലകേന്ദ്രങ്ങളിൽ ഏലത്തിനു കാലിടറി. ടയർ ലോബി റബർ വില ഇടിച്ചു. പിന്നിട്ട വർഷം ഏകദേശം 98,000 കോടി രൂപയുടെ കാര്ഷികോത്പന്ന കയറ്റുമതി നടന്നു, കപ്പൽ ഗതാഗതത്തിലെ തടസങ്ങളും ഇൻഷ്വറൻസ് തുക വർധനവും മൂലം ചരക്കു കയറ്റുമതി രംഗം സ്തംഭനത്തിലാണ്.
യുദ്ധ സാഹചര്യം മറയാക്കി രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽനിന്നും ബഹുരാഷ്ട്ര ബയർമാർ പിൻവലിഞ്ഞ് വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം. ആഗോള വിപണിയിൽ പ്രിയമേറിയ പല ഉത്പന്നങ്ങളിൽ അമിത ചാഞ്ചാട്ടമുളവാക്കി താഴ്ന്ന വിലയ്ക്കു ചരക്കു കൈക്കാലാക്കാനുള്ള അണിയറ നീക്കം ഇന്ത്യ ഉൾപ്പെടെയുള്ള കാർഷിക രാജ്യങ്ങളെ ബാധിക്കും.
യുദ്ധ സാഹചര്യത്തിൽ കടൽ മാർഗമുള്ള ചരക്ക് നീക്കം തടസപ്പെട്ടു. കപ്പൽ കമ്പനികൾ ചരക്കു കൂലിയും ഇൻഷ്വറൻസ് തുകയിലും വരുത്തിയ മാറ്റങ്ങൾ വാങ്ങലുകാരിൽ പതിയുമെന്നത് പല ഉത്പന്നങ്ങൾക്കും ലോക വിപണിയിൽ ഡിമാൻഡ് കുറയ്ക്കാം.
ഒടുവിൽ വ്യവസായികൾ ജയിച്ചു, നാളികേര കർഷകരെ നക്ഷത്രം എണ്ണിച്ചു. വെളിച്ചെണ്ണ വില ഉയർത്തിപ്പിടിച്ച് സ്റ്റോക്ക് വിറ്റുമാറാൻ വൻകിട മില്ലുകാർ നടത്തിയ നാടകങ്ങൾക്കിടയിൽ കൊപ്രയെ ചവിട്ടി താഴ്ത്തിയ തമിഴ്നാട് ലോബിയും ഇപ്പോൾ നിലയില്ലാക്കയത്തിലാണ്. ഫെബ്രുവരി അവസാനം കാങ്കയത്ത് വെളിച്ചെണ്ണ വില സ്റ്റെഡിയായി നിലനിർത്തി കൈവശമുള്ള എണ്ണ പരമാവധി വിറ്റുമാറാൻ അവർ മത്സരിച്ചു. ഒപ്പം കൊപ്ര ശേഖരിക്കാതെ വില ഇടിക്കാനും നീക്കം നടത്തി.
പരിഭ്രാന്തരായ കർഷകർ വിളവെടുപ്പ് വേഗത്തിലാക്കി പച്ചത്തേങ്ങ വില്പനയ്ക്ക് തിടുക്കം കാണിച്ച കാര്യം മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു. വ്യവസായികളുടെ നീക്കം കണ്ട് കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം ആദ്യ നിയന്ത്രിച്ചെങ്കിലും പിന്നീട് അവർ വില്പനയിലേക്ക് ചുവടുമാറ്റിയത് സ്ഥിതിഗതികൾ താറുമാറാക്കി.
മാസാരംഭത്തിൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് പ്രതീക്ഷയ്ക്കൊത്ത് ഉയരാഞ്ഞത് മില്ലുകാരുടെ കണക്കുകൂട്ടലും തെറ്റിച്ചു. കൊച്ചിയിൽ 28,400 രൂപയിൽനിന്നും വെളിച്ചെണ്ണ ശനിയാഴ്ച 26,900ലേക്ക് ഇടിഞ്ഞു. ഒറ്റ ആഴ്ചയിൽ 1500 രൂപയുടെ ഇടിവ്. കൊപ്രയ്ക്ക് 1600 രൂപ ഇടിഞ്ഞ് 15,300 രൂപയായി. തമിഴ്നാട്ടിൽ എണ്ണ വില 2000 രൂപ കുറഞ്ഞ് 21,000 രൂപയായി, കൊപ്ര 13,700 ലുമാണ്.
കൊപ്രയുടെ താങ്ങുവില 12,027 രൂപയാണ്. ശക്തമായ ഒരു താങ്ങുള്ളതിനാൽ ഇനി ചരക്ക് സംഭരണത്തിനു വ്യവസായ ലോബി രംഗത്ത് ഇറങ്ങാം. കേന്ദ്ര ഏജൻസി വിപണിയിലേക്ക് അടുത്താൽ ആവശ്യാനുസരണം കൊപ്ര കണ്ടെത്തുക ദുഷ്കരമായി മാറുമെന്ന ആശങ്കയും വൻകിട മില്ലുകാരിലുണ്ട്.
യുദ്ധാന്തരീക്ഷത്തിനിടയിൽ കപ്പൽ മാർഗമുള്ള ചരക്ക് നീക്കത്തിനു കാലതാമസം നേരിടുന്നു. പ്രതീക്ഷിച്ച സമയത്ത് യുഎസ്‐ യുറോപ്യൻ തുറമുഖങ്ങളിൽ കണ്ടെയ്നറുകൾ എത്തുന്ന കാര്യം ചോദ്യം സംശയമായതോടെ ബഹുരാഷ്ട്ര കമ്പനികൾ അന്താരാഷ്ട്ര വിപണിയെ കൈക്കുമ്പിളിൽ അമ്മാനമാടാനുള്ള നീക്കത്തിലാണ്.
രാജ്യാന്തര വിപണിയിൽ പ്രിയമേറിയ കാപ്പിയും കുരുമുളകും ഏലവും കൊക്കോയുമെല്ലാം ഇതിൽ പെടും. കുരുമുളകിന് 600 രൂപ ഇടിഞ്ഞ് അൺഗാർബിൾഡ് 69,400 രൂപയായി, ഗാർബിൾഡ് മുളക് വില 71,400 രൂപ.
സീസൺ അവസാനിച്ചതിനാൽ ഏലത്തോട്ടങ്ങൾ പലതും നിർജീവം. മധ്യവർത്തികളും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം കുറച്ച് വില ഉയർത്താൻ ശ്രമിച്ചെങ്കിലും പശ്ചിമേഷ്യൻ സംഘർഷാവസ്ഥ പുതിയ വാങ്ങലുകാരെ രംഗത്ത് നിന്നും പിൻതിരിപ്പിക്കുന്നു. നോമ്പ് കാലമായതിനാൽ അറബ് രാജ്യങ്ങൾ രംഗത്തില്ല. കിലോ 2500 രൂപ റേഞ്ചിൽ നീങ്ങിയ ശരാശരി ഇനങ്ങൾ ഇതിനകം 2200ലേക്ക് അടുത്തു.
സംസ്ഥാനത്ത് റബർ ലഭ്യത ചുരുങ്ങിയിട്ടും വ്യവസായികൾ ഷീറ്റ് വില ഇടിച്ചു. 21,900 രൂപയിൽ ഇടപാടുകൾ തുടങ്ങിയ നാലാം ഗ്രേഡ് വാരാന്ത്യം ടയർ കമ്പനികളിൽ നിന്നുള്ള പിന്തുണ കുറഞ്ഞതോടെ 21,500 രൂപയായി. അഞ്ചാം ഗ്രേഡ് 21,800 ൽ നിന്ന് 21,100 രൂപയായി. ലാറ്റക്സ് 13,600 രൂപയിലും ഒട്ടുപാൽ 13,800 രൂപയിലുമാണ്.
ജപ്പാൻ ഒസാക്കയിൽ റബർ അവധി കിലോ 380 യെന്നിൽ നിന്നും 367 യെൻ വരെ താഴ്ന്ന ശേഷം 372ലാണ്.