വന്യജീവികൾക്ക് വനത്തിൽ സ്വാഭാവിക സഞ്ചാരസ്വാതന്ത്ര്യവും അതിജീവന അവകാശവും സംരക്ഷിക്കപ്പെടണമെന്നതിൽ തർക്കമില്ല. അവയുടെ ആവാസവ്യവസ്ഥയും സഞ്ചാരപാതകളും ഉറപ്പാക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ വന്യജീവികളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെ പേരിൽ പതിറ്റാണ്ടുകളായി മനുഷ്യർ അധിവസിച്ചുവരുന്ന പ്രദേശങ്ങളിൽ അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അവർ സ്ഥാപിച്ച വേലികൾ നീക്കംചെയ്യുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെടുമ്പോൾ, അവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഭരണഘടനാപരമായ മൗലികാവകാശങ്ങളും ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വവുമാണ്. ഇവിടെ, ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ തുടർച്ചയായ രണ്ട് ഉത്തരവുകൾ കേരളസമൂഹത്തിനു മുന്നിൽ അതീവ ഗൗരവമുള്ള ചില ചോദ്യങ്ങൾ ഉയർത്തുകയാണ്.ദുരന്തമാകുന്ന ദുരന്ത നിവാരണ നിയമം
ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 23ന് ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസമാകുന്ന വേലികൾ, മതിലുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകുന്നു. ഉത്തരവിന്റെ ലക്ഷ്യം വനഭൂമി കൈയേറിയുള്ള അനധികൃത നിർമാണങ്ങൾ തടയുന്നതാണെങ്കിൽ അതിനെ എതിർക്കേണ്ട കാര്യമില്ല. എന്നാൽ, നിയമാനുസൃതമായി പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷക കുടുംബങ്ങൾ വന്യമൃഗങ്ങളിൽനിന്ന് സ്വന്തം ജീവനും സ്വത്തും കൃഷിഭൂമിയും സംരക്ഷിക്കാൻ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങളെയും വന്യമൃഗങ്ങളുടെ സഞ്ചാരം തടയുന്ന അനധികൃത നിർമാണങ്ങളെയും ഒരേ അളവുകോലിൽ അളക്കാനാകുമോ? ഈ വേർതിരിവ് വ്യക്തമാക്കാതെ നടത്തിയ പ്രസ്തുത ഉത്തരവ് കടുത്ത ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആ ഉത്തരവിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി, നടപടി അനധികൃത നിർമാണങ്ങൾക്ക് മാത്രമായിരിക്കുമെന്ന വിശദീകരണം പുറത്തുവന്നിട്ടുണ്ടെങ്കിലും ആ പരിധിയും വ്യക്തതയും ഉത്തരവിൽതന്നെ വ്യക്തമായി നിർവചിക്കേണ്ടത് അനിവാര്യമായിരുന്നു.
എന്നാൽ ഇതിലും ഗൗരവമുള്ള ചോദ്യങ്ങളുയരുന്നത് ഉത്തരവ് പുറപ്പെടുവിച്ച നടപടിക്രമത്തെക്കുറിച്ചാണ്. ദുരന്ത നിവാരണ അഥോറിറ്റിയുടെ പേരിലാണ് നടപടി സ്വീകരിച്ചതെങ്കിൽ, നിയമപരമായി രൂപീകരിക്കപ്പെട്ട ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ പങ്കാളിത്തം അവിടെ എത്രത്തോളം ഉണ്ടായിരുന്നു? കളക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഒരു ഓൺലൈൻ യോഗമാണ് നടന്നതെങ്കിൽ, അതിനെ പൂർണമായ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗമായി കണക്കാക്കാനാകുമോ? ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയിൽ കളക്ടർ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ-ചെയർപേഴ്സണും ജില്ലാ പൊലിസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫിസർ, പിഡബ്ള്യുഡി പ്രതിനിധി, ഫയർഫോഴ്സ് മേധാവി തുടങ്ങിയവർ അംഗങ്ങളുമാണ്. അതുകൊണ്ട് ആ യോഗത്തിൽ ആരൊക്കെ പങ്കെടുത്തു, എന്തായിരുന്നു കൃത്യമായ അജൻഡ, ക്വോറം ഉണ്ടായിരുന്നോ, എന്തൊക്കെയായിരുന്നു ചർച്ചകൾ, യോഗത്തിന്റെ മിനിറ്റ്സ് സൂക്ഷിക്കപ്പെട്ടിട്ടുണ്ടോ, എന്തടിസ്ഥാനത്തിലാണ് മേൽ ഉത്തരവ് പുറപ്പെടുവിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ ലഭിക്കേണ്ടതുണ്ട്.
ഇത് ഒരു സാങ്കേതിക നടപടിക്രമത്തിന്റെ മാത്രം പ്രശ്നമല്ല. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് ഒരു പ്രദേശത്തെ ജനങ്ങളുടെ സ്വത്തിലും സഞ്ചാരസ്വാതന്ത്ര്യത്തിലും ജീവിതരീതിയിലും പ്രത്യക്ഷമായ സ്വാധീനം ചെലുത്തുന്ന ഉത്തരവുകളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 27 പ്രകാരം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ആവശ്യാനുസരണം യോഗം ചേരണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അടിയന്തര സാഹചര്യത്തിൽ ചെയർപേഴ്സണ് ജില്ലാ അഥോറിറ്റിയുടെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും, അത്തരം നടപടി പിന്നീട് ജില്ലാ അഥോറിറ്റിയുടെ അംഗീകാരത്തിന് വിധേയമാണ്. അതിനാൽ ‘അടിയന്തര സാഹചര്യം’ എന്ന ഒറ്റ വാക്ക് പറഞ്ഞ് സ്ഥാപനപരമായ നടപടിക്രമങ്ങളെ മറികടക്കാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. വന്യമൃഗശല്യം രൂക്ഷമായ ഘട്ടങ്ങളിൽ ദുരന്ത നിവാരണ നിയമം മുമ്പും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത് ഒടുവിൽ സംഭവിച്ചത് വയനാട്ടിലെ നരഭോജിയായ കടുവയെ വെടിവച്ചു കൊല്ലുന്നതിനായിരുന്നെങ്കിൽ, ഇന്ന് ഇടുക്കിയിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമാണ്.
ശാസ്ത്രീയ മാനദണ്ഡങ്ങൾ ആവശ്യം
വന്യജീവികളുടെ സഞ്ചാരപാത സംരക്ഷിക്കണമെങ്കിൽ അതിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ വേണം. ഏത് പ്രദേശമാണ് യഥാർഥ വന്യജീവി ഇടനാഴി? അതിന്റെ അതിർത്തി എങ്ങനെ നിർണയിച്ചു? ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയം? പതിറ്റാണ്ടുകളായി ജനവാസമുള്ള പ്രദേശങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവിടെയുള്ള കുടുംബങ്ങളുടെ നിയമപരമായ അവകാശങ്ങളും ജീവിതോപാധികളും എങ്ങനെ സംരക്ഷിക്കും? “വന്യജീവികളുടെ സഞ്ചാരപാത” എന്ന പദം ഭാവിയിൽ മനുഷ്യരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഭരണപരമായ ഉപാധിയായി മാറില്ലെന്ന് ഉറപ്പുപറയാനാകുമോ? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയവും സുതാര്യവുമായ മറുപടി ആവശ്യമാണ്.
അതേസമയം, വന്യജീവി ആക്രമണത്തിന് യഥാർഥ പരിഹാരം തേടേണ്ടതുണ്ട്. വന്യജീവികൾക്ക് വനത്തിനുള്ളിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന ആവാസവ്യവസ്ഥിതി മാനേജ്മെന്റ്, ശാസ്ത്രീയമായി നിർണയിക്കപ്പെടുന്ന വന്യജീവി സഞ്ചാരപാതകൾ, ബയോ ഫെൻസിംഗ്, സോളാർ ഫെൻസിംഗ്, ട്രഞ്ചുകൾ, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം, തെർമൽ ഇമേജിങ്, അപകടസാധ്യതകൾ മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ, റാപിഡ് റെസ്പോൺസ് ടീമുകൾ എന്നിവയെല്ലാം പരിഗണിക്കേണ്ടതാണ്. അതോടൊപ്പം വന്യജീവികളുടെ എണ്ണക്കണക്ക്, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, മനുഷ്യവാസമേഖലകളിലേക്ക് അവ ആകർഷിക്കപ്പെടുന്നതിനുള്ള കാരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും വേണം. ജനങ്ങളെ നിയന്ത്രിക്കുന്നതിനു മുമ്പ് വനം വന്യജീവി മാനേജ്മെന്റിന്റെ നിലവിലുള്ള സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് സർക്കാർ പരിശോധിക്കുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.
നിലപാട് വ്യക്തമാക്കേണ്ടത് സർക്കാർ
നിലവിൽ ഇടുക്കിയിൽ ഉയർന്നിരിക്കുന്ന ഈ ചോദ്യങ്ങൾ ഇടുക്കിയിൽ മാത്രം ഒതുങ്ങുന്നതല്ല. പശ്ചിമഘട്ടത്തിന്റെ വിവിധ ഭൂപ്രദേശങ്ങളിൽ വനാതിർത്തിയോട് ചേർന്ന് പതിറ്റാണ്ടുകളായി ജീവിക്കുന്ന ജനങ്ങൾ വയനാട്ടിലും പാലക്കാട്ടും പത്തനംതിട്ടയിലും കണ്ണൂരിലും മറ്റുജില്ലകളിലുമുണ്ട്. ഒരു ജില്ലയിൽ നടപ്പാക്കപ്പെടുന്ന ഇത്തരമൊരു മാതൃക പിന്നീട് മറ്റിടങ്ങളിലും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാൽ, ഈ വിഷയം അതീവഗൗരവമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം സമീപകാലത്ത്, ഇടുക്കിയോട് ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ മേഘമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടിയിറക്കും അത്തരം പ്രദേശങ്ങളിൽ മനുഷ്യവാസവും വന്യജീവി സംരക്ഷണവും സംബന്ധിച്ച് ഉയരുന്ന പ്രതിസന്ധികളും നമുക്കും ഒരു മുന്നറിയിപ്പായി കാണേണ്ടതുണ്ട്. ഒരു പ്രദേശത്ത് വന്യജീവി സംരക്ഷണത്തിന്റെ പേരിൽ മനുഷ്യവാസ മേഖലയുടെ പരിധി ചുരുക്കുന്ന സമീപനം സ്വീകരിക്കപ്പെടുന്നുവെങ്കിൽ, അതിന്റെ ദീർഘകാല പ്രത്യാഘാതം എന്തായിരിക്കും എന്ന ചോദ്യം നിസാരമായി തള്ളിക്കളയാനാവില്ല.
ഇവിടെ കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നത് സർക്കാരിന്റെ നിലപാടാണ്. ഒരു ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നിൽ വനംവകുപ്പിന്റെ റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ അവ എന്തൊക്കെയാണ്? ശാസ്ത്രീയ പഠനങ്ങൾ ഏതൊക്കെയാണ്? തീരുമാനമെടുക്കുന്നതിന് മുമ്പ് ജനപ്രതിനിധികളുമായോ പ്രദേശവാസികളുമായോ ചർച്ച നടന്നോ? ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത ഔപചാരിക തീരുമാനം ഉണ്ടായോ? നിയമപരമായ ഭൂവകാശമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയില്ലേ? സഞ്ചാരനിയന്ത്രണ ഉത്തരവിന്റെ ആവശ്യകതയും കാലപരിധിയും പുനഃപരിശോധിക്കുമോ? ഈ ചോദ്യങ്ങൾക്ക് സർക്കാർ മൗനം പാലിക്കുമ്പോഴാണ് ഉദ്യോഗസ്ഥതലത്തിൽ എന്താണ് ഇവിടെ നടക്കുന്നതെന്ന സംശയം കൂടുതൽ ശക്തമാകുന്നത്. അതിനാൽ ദുരൂഹത നീക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. വനംമന്ത്രിയുടെ അറിവോടെയാണോ ജനവിരുദ്ധമായ ഇത്തരം ഉത്തരവുകൾ ഇടുക്കി ജില്ലാ ഭരണകൂടത്തിൽനിന്ന് പുറത്തിറങ്ങുന്നത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.