കോട്ടയം: മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. വിശ്വാസവും സ്ത്രീശക്തിയും കൈകോർത്ത സവിശേഷമായ കാഴ്ചയായിരുന്നു ഇത്തവണത്തെ പ്രധാന ആകർഷണം.
പരമ്പരാഗതമായ രീതികളിൽ നിന്ന് മാറി, 35 - ഓളം വീട്ടമ്മമാർ ചേർന്ന് പരിശുദ്ധ മാതാവിന്റെ രൂപക്കൂട് വഹിച്ചുകൊണ്ട് പ്രദക്ഷിണത്തിന് നേതൃത്വം നൽകി.
തുടർച്ചയായ രണ്ടാം വർഷമാണ് ഇത്തരമൊരു മാതൃകാപരമായ നീക്കം ഇടവകയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ വീട്ടമ്മമാർ, തികഞ്ഞ അച്ചടക്കത്തോടെയും പ്രാർഥനാപൂർവവുമായാണ് രൂപക്കൂടേന്തി നീങ്ങിയത്.
ആത്മീയതയ്ക്കൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം കൂടി പകർന്നുനൽകിയ ഈ സന്ദർഭം കണ്ടുനിന്നവർക്ക് പുതിയ അനുഭവമായി മാറി.
ഇടവക വികാരി ഫാ. ഫിലിപ് നെൽപ്പുരപറമ്പിലിന്റെ നേതൃത്വത്തിൽ ഫാ. ജസ്റ്റിൻ പുത്തൻപുരയിൽ, ഫാ. ജെന്നി കായംകുളത്തുശ്ശേരി, ഫാ. മിഖായേൽ കിങ്ങണംചിറ എന്നിവരും തിരുനാൾ കമ്മിറ്റിയും ചേർന്നാണ് ഈ വേറിട്ട കാഴ്ചയ്ക്ക് പിന്നിലെ ആസൂത്രണം നിർവഹിച്ചത്.
വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദക്ഷിണത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കുചേർന്നു.