ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകൻ എന്ന പദവിയിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നേപ്പാളിനും ഭൂട്ടാനുമൊപ്പം ചേർത്തു പരാമർശിച്ച മുഹമ്മദ് യൂനുസിന്റെ പ്രസ്താവന വിവാദമായി. ഇതിനകം വഷളായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അസ്വസ്ഥതകൾക്ക് ഇതു കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
18 മാസം നീണ്ട തന്റെ ഭരണകാലത്ത് ബംഗ്ലാദേശിന്റെ വിദേശനയത്തിൽ പരമാധികാരം, ദേശീയ താത്പര്യം, അന്തസ് എന്നീ മൂന്ന് തൂണുകൾ പുനഃസ്ഥാപിച്ചുവെന്നും രാജ്യം ഇനി ആരുടെയും നിർദേശങ്ങൾക്കു വഴങ്ങില്ലെന്നും മുഹമ്മദ് യൂനുസ് ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
ബംഗ്ലാദേശിന്റെ കടൽത്തീരം ലോക സമ്പദ്വ്യവസ്ഥയിലേക്കുള്ള വാതിലാണെന്നും നേപ്പാൾ, ഭൂട്ടാൻ, ‘സെവൻ സിസ്റ്റേഴ്സ്’ (ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ) എന്നിവ ഉൾപ്പെടുന്ന ഈ മേഖലയ്ക്ക് വലിയ സാമ്പത്തിക സാധ്യതകളുണ്ടെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരമാധികാര രാജ്യങ്ങൾക്കൊപ്പം ചേർത്തുവായിച്ചത് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
ചൈനയുടെ സഹായത്തോടെയുള്ള ടീസ്റ്റ നദീപദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും മുഹമ്മദ് യൂനുസ് എടുത്തുപറഞ്ഞു. ഏതൊരു ആക്രമണത്തെയും നേരിടാൻ സൈന്യത്തെ നവീകരിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകാലത്ത് 130 പുതിയ നിയമങ്ങൾ നിർമിച്ചതായും അറുനൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചതായും മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു.