കാക്കനാട്: ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 33 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ മമ്പാട് സ്വദേശി തണ്ടുപറയ്ക്കൽ വീട്ടിൽ ടി.പി. നാസർ (61) ആണ് പിടിയിലായത്.
ഈ മാസം 13, 16 തീയതികളിലായി നാസർ ബാങ്കിലെത്തി വളകൾ പണയം വച്ച് ആകെ 33,27,700 രൂപ വായ്പയായി കൈപ്പറ്റിയിരുന്നു. തൃക്കാക്കര വില്ലേജ് ഓഫീസിന് സമീപമുള്ള കാത്തലിക് സിറിയൻ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.
13ന്12 വളകൾ പണയം വച്ച് 13,07,800 രൂപ കൈപ്പറ്റിയ ഇയാൻ 16ന് വീണ്ടും 17 വളകൾ കൂടി പണയം വച്ച് 20,19,900 രൂപയും കൈക്കലാക്കി. നാസറിന്റെ അക്കൗണ്ടിലൂടെ ഈ പണം മുക്കുപണ്ടം നാസറിനെ ബാങ്കിൽ പരിചയപ്പെടുത്തിയ ഫയാസ്, അഹമ്മദ് അസ്ലം എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ആർടിജിഎസ് വഴി കൈമാറിയിരുന്നു.
തട്ടിപ്പ് മനസിലായതോടെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ വി.ബി. അനസ്, പി.എം. വിമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. നാസറിനെ ഫയാസ്, അഹമ്മദ് അസ്ലം എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.