കൊച്ചി: മൂലമ്പിള്ളി പാക്കേജ് പ്രകാരം മുളവുകാട് കാട്ടാത്ത്കടവില് പൊലിസ് സ്റ്റേഷനു സമീപം സര്‍ക്കാര്‍ അനുവദിച്ച പുനരധിവാസ ഭൂമിയിൽ മണ്ണടിച്ച് ബലപ്പെടുത്തുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തി. വല്ലാര്‍പാടം കണ്ടെയ്നര്‍ റെയില്‍വേക്ക് വേണ്ടി മുളവുകാടുനിന്നും കുടിയൊഴിപ്പിക്കപ്പെട്ട 14 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി 2009ല്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.
35 ലക്ഷം ചെലവില്‍ 1,974 ക്യൂബിക് മീറ്റര്‍ മണ്ണാണ് ഒരേക്കര്‍ വരുന്ന മുളവുകാട് സൈറ്റ് ബലപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ആഴം കൂട്ടുന്നതിന്റെ ഭാഗമായി കൊച്ചി കപ്പല്‍ചാലില്‍നിന്ന് കോരിമാറ്റിയ മണ്ണാണ് ഇതിനായി ഉപയോഗിക്കുന്നത്. നിക്ഷേപിക്കുന്ന മണ്ണിന്റെ ഗുണനിലവാരവും ബലപ്പെടുത്തലിന്റെ കാര്യക്ഷമതയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആണ് പരിശോധിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കത്ത് പിഡബ്ല്യുഡി കെഎംആര്‍എലിന് നല്‍കിയിട്ടുണ്ട്.
ഇറിഗേഷന്‍ വകുപ്പിലെ ബിസ്മി ഷഫ്ന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അജ്മല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ഡി. രാഹുല്‍ ദാസ്, പിഡബ്ല്യുഡി എഇഇ എം.ജി. ലിജി, എഇ എസ്.വിഷ്ണു എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ സ്വീകരിച്ചു.