ധുരന്ധർ 2ൽ ഐഎസ്ഐ മേജർ ഇക്ബാൽ എന്ന വില്ലൻ വേഷത്തിലെത്തിയ ബോളിവുഡ് നടൻ അർജുൻ രാംപാൽ സിനിമയ്ക്ക് കൈ കൊടുത്തത് തന്നെ ഒരു പകവീട്ടലിന് വേണ്ടിയാണ്.
2008 നവംബർ 26-ന് മുംബൈ താജ് ഹോട്ടലിൽ ഭീകരാക്രമണം നടന്നപ്പോൾ അർജുൻ രാംപാലും അതിന് സമീപത്തെ ഹോട്ടലിൽ ഉണ്ടായിരുന്നു. മുംബൈ നഗരം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിന്ന ആ രാത്രിയിൽ താൻ കണ്ട കാഴ്ചകളും അനുഭവിച്ച ഭയവും ഇന്നും മായാതെ നിൽക്കുന്നുവെന്ന് താരം വെളിപ്പെടുത്തി.
മുംബൈയിൽ നടന്ന ഇന്ത്യ ടുഡേയുടെ ഹലോ! ഹാൾ ഓഫ് ഫെയിം അവാർഡ്സ് വേദിയിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
2008-ൽ, 26/11 സമയത്ത് ഞാൻ ഈ ഹോട്ടലിലുണ്ടായിരുന്നു (ഫോർ സീസൺസ്). എന്റെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു ഞാൻ. ഞങ്ങൾ താജ് ഹോട്ടലിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു.
എന്റെ ജന്മദിനം ആഘോഷിക്കാനായിരുന്നു ആ യാത്ര. നവംബർ 26 എന്റെ ജന്മദിനം കൂടിയാണ്. ആ സമയത്ത് ഞങ്ങൾ ബാറിലിരുന്ന് ഒരു ഡ്രിങ്ക് ഓർഡർ ചെയ്തു. അപ്പോഴാണ് ആദ്യത്തെ ബോംബ് സ്ഫോടനം നടന്നത്.
അത് മാഹിമിന് അടുത്തായിരുന്നു. ആ ശബ്ദം ഞാൻ കേട്ടു, ഹോട്ടലിലെ ഗ്ലാസുകളെല്ലാം വിറച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായില്ല.
പത്ത് മിനിറ്റിനുള്ളിൽ ഞങ്ങളുടെ ഫോണുകൾ ശബ്ദിച്ചു തുടങ്ങി. കൊളാബയിൽ ഏതോ ഗാംഗ് വാർ (ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ) നടക്കുന്നുണ്ടെന്നും അങ്ങോട്ട് വരരുതെന്നുമാണ് എല്ലാവരും പറഞ്ഞത്.
ഏകദേശം 20-30 മിനിറ്റിനുള്ളിൽ ഫോർ സീസൺസ് ഹോട്ടൽ പൂർണമായും അടച്ചുപൂട്ടി. ഹോട്ടൽ ഉടമ ആദർശ് ജാതിയ വളരെ മാന്യമായി എനിക്ക് ഒരു സ്യൂട്ട് മുറി നൽകി. നിങ്ങൾക്ക് രാത്രി ഇവിടെ താമസിക്കാം, പക്ഷേ ആരെയും പുറത്തുപോകാൻ അനുവദിക്കില്ല, അത് സുരക്ഷിതമല്ല എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ എന്റെ ജന്മദിനത്തിൽ, 26/11 ഭീകരാക്രമണത്തിന്റെ ഭീകരതകൾ അരങ്ങേറുന്നത് ഞാൻ കണ്ടു. പിറ്റേന്ന് രാവിലെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ, വഴിയിലെ കാഴ്ചകൾ കണ്ട് എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി, മൂന്ന് തവണയെങ്കിലും വണ്ടി നിർത്തേണ്ടി വന്നു.
പിന്നീട് ആദിത്യ എന്നോട് ധുരന്ധർ സിനിമയിലെ 26/11 രംഗം വിവരിച്ചപ്പോൾ, എനിക്ക് പകവീട്ടാൻ ഉള്ള സമയമായി എന്നാണ് തോന്നിയത്, അത് തന്നെയാണ് ഞാൻ ആ സിനിമയിലൂടെ ചെയ്തതും. എനിക്ക് ഇത്രയേ പറയാനുള്ളൂ... ഭാരത് മാതാ കി ജയ്!’’ അർജുൻ രാംപാൽ പറഞ്ഞു.
സംവിധായകൻ ആദിത്യ ധർ ചിത്രത്തിന്റെ കഥയും 26/11-നെ ആസ്പദമാക്കിയുള്ള രംഗങ്ങളും വിവരിച്ചപ്പോൾ തന്നെ ഇതിലൂടെ തന്റെ പകവീട്ടാൻ കഴിയുമെന്ന് ഉറപ്പിച്ചതായി താരം പറഞ്ഞു.