മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ ഈ വർഷത്തെ ഗണേശോത്സവാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആഗസ്റ്റ് 29-ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വർണാഭമായ ആഗമൻ സോഹ്ള ഘോഷയാത്രകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
കൂറ്റൻ വിഗ്രഹങ്ങളും വ്യത്യസ്തങ്ങളായ പ്രമേയങ്ങളും കൊണ്ട് ഇത്തവണത്തെ ആഘോഷങ്ങൾ ശ്രദ്ധേയമാകുന്നുണ്ടെങ്കിലും, ഭൗതികശാസ്ത്ര തത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ നിർമ്മിച്ച രണ്ട് ഗണപതി വിഗ്രഹങ്ങൾ ഇപ്പോൾ വലിയ രീതിയിലുള്ള ആശയപരമായ തർക്കങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വിഗ്രഹനിർമ്മാണത്തിലെ സാങ്കേതിക മികവിനെയും കലാസൃഷ്ടിയെയും ഒരുവിഭാഗം ഭക്തർ പ്രശംസിക്കുമ്പോൾ, ഉത്സവങ്ങളുടെ ഭക്തിനിർഭരമായ അന്തരീക്ഷം നഷ്ടപ്പെടുത്തി കേവലം പ്രദർശനവസ്തുവാക്കി മാറ്റുന്നു എന്ന രൂക്ഷവിമർശനമാണ് മറുവിഭാഗം ഉയർത്തുന്നത്.
പ്രമുഖ മണ്ഡലങ്ങൾ അവതരിപ്പിച്ച ഈ സാങ്കേതിക പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയായിക്കഴിഞ്ഞു. മുംബൈ ചാ പേശ്വ മണ്ഡലത്തിലെ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച ഭാരം കുറഞ്ഞ വിഗ്രഹമാണ് ഇതിലൊന്ന്.
വിഗ്രഹത്തിന്റെ അടിഭാഗത്തുള്ള ഒരു ചെറിയ വീണയിൽ മാത്രം താങ്ങി, വായുവിൽ നിൽക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്തിടെ ഭുലേശ്വർ ചാ രാജയുടെ വിഗ്രഹം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരണമടഞ്ഞ സംഭവം നഗരവാസികളിൽ ഉണ്ടാക്കിയ ഭയം വിട്ടുമാറിയിട്ടില്ല.
ഈ സാഹചര്യത്തിൽ സുരക്ഷ പോലും അവഗണിച്ച് മണ്ഡലങ്ങൾ തമ്മിൽ നടത്തുന്ന ഇത്തരം മത്സരങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. ദൈവത്തെ സർക്കസ് വസ്തുവാക്കി മാറ്റുകയാണെന്നും, വിഗ്രഹങ്ങളുടെ വലിപ്പത്തിലും ആഡംബരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഗണേശോത്സവത്തിന്റെ യഥാർഥ ലാളിത്യവും പരമ്പരാഗത ഭക്തിയുമാണ് ഇല്ലാതാകുന്നതെന്നും ഭക്തർ ചൂണ്ടിക്കാണിക്കുന്നു.
ആഡംബര പ്രകടനങ്ങൾക്ക് അപ്പുറം സുരക്ഷിതവും ലളിതവുമായ ആഘോഷങ്ങളിലേക്ക് മടങ്ങണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.