കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കരാർ ഏജൻസിക്കു മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് ലൈഫ് മിഷന്റെ സ്ഥിരീകരണം ഇല്ലാതെയെന്നു രേഖകൾ.
മുൻ ചെയർമാൻ വി. സലിം ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്കു സമയം അനുവദിക്കാതെ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഓൺലൈൻ പേമെന്റിനു പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചതെന്ന് വെളിപ്പെടുത്തുന്ന ജിസിഡിഎ നോട്ട് ഷീറ്റിന്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്.
മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാറുകാരായ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 20 ശതമാനം അഡ്വാൻസ് മൊബിലൈസേഷൻ ഫണ്ട് നൽകാൻ 2020 സെപ്റ്റംബർ 30നാണ് സർക്കാർ ഉത്തരവിറങ്ങുന്നത്.
സാങ്കേതിക ഭരണാനുമതി ലൈഫ് മിഷൻ പരിശോധിച്ചു അംഗീകാരം നൽകിയശേഷം മാത്രമേ ഫണ്ട് നൽകാവൂവെന്നും ഉത്തരവിൽ പറയുന്നു. ഈ വിവരം ജിസിഡിഎ നോട്ട് ഷീറ്റിൽ എഴുതിയിട്ടുണ്ട്. എന്നാൽ ലൈഫ് മിഷന്റെ ഈ അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ 2.49 കോടി രൂപ നൽകിയതായാണു രേഖയിലുള്ളത്.
എന്നാൽ, പണം കൈമാറിയത് ചട്ടങ്ങളും നിർദേശങ്ങളും പാലിച്ച് സുതാര്യമായായിരുന്നെന്നും മൊബിലൈസേഷൻ അഡ്വാൻസ് നൽകുക എന്നത് കരാർവ്യവസ്ഥയിൽ ഉള്ളതാണെന്നും ജിസിഡിഎ വ്യക്തമാക്കി.
ഫ്ലാറ്റ് വിഷയത്തിൽ മുന്പ് നടന്ന രണ്ടു വിജിലൻസ് അന്വേഷണത്തിലും തുക കൈമാറിയതിൽ ചട്ടവിരുദ്ധതയോ നിയമലംഘനമോ കണ്ടെത്തിയിട്ടില്ല. പുതിയ അന്വേഷണത്തിലും ഇക്കാര്യങ്ങളൊക്കെ പരിശോധിക്കട്ടേയെന്നും ജിസിഡിഎ വൃത്തങ്ങൾ പറഞ്ഞു.