മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മീര ഭയന്ദർ മുൻസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്ത് തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കോർപ്പറേഷന്റെ ആരോഗ്യ വിഭാഗത്തിന്റെ പ്രധാന രേഖകൾ തീപിടിത്തത്തിൽ കത്തിനശിച്ചു.
ഭയന്ദർ പ്രദേശത്തുള്ള എം.ബി.എം.സി കെട്ടിടത്തിൽ രാവിലെ എട്ടിനാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടൻതന്നെ സ്ഥലത്തെത്തുകയും ഒരു മണിക്കൂറിനുള്ളിൽ തീ പൂർണമായും അണയ്ക്കുകയും ചെയ്തു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.