മതിലകം: വോട്ടു കവർച്ച മനുസ്മൃതി നടപ്പാക്കാനുള്ള സംഘപരിവാർ അജൻഡയുടെ ആദ്യ ഭാഗമെന്നു കവി മുരുകൻ കാട്ടാക്കട.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മതിലകത്തെ കലാ-കായിക-സാമൂഹിക-സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മതരാഷ്ടമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രഭരണകൂടം. അതിനൊപ്പം ജനാധിപത്യം അവസാനിപ്പിച്ച് കേന്ദ്രാധിപത്യം വർധിപ്പിക്കാനും സംഘപരിവാർ ശ്രമിക്കുകയാണ്. ഹിന്ദുക്കൾക്ക് മാത്രം വോട്ടവകാശം നൽകിയാൽ മതിയാകും എന്ന ചിന്താഗതിക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. 13 കോടി ഇന്ത്യക്കാരെ വോട്ടർ പട്ടികയിൽനിന്നു വെട്ടിമാറ്റിയതും അനർഹരും ജീവിച്ചിരിക്കാത്തവരുമായ അനേകംപേരെ കൂട്ടിച്ചേർക്കുന്നതും ജനാധിപത്യ ധ്വംസനമാണെന്നും കവി മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു.
മതിലകം ജന്തർ മന്തർ കൂട്ടായ്മ പ്രസിഡന്റ് ടി.കെ. മീരാഭായ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തക കെ.കെ. ഷാഹിന മുഖ്യപ്രഭാഷണംനടത്തി. ജനറൽ കൺവീനർ ടി.എസ്. സജീവൻ, കോ - ഓർഡിനേറ്റർ വി.കെ. മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
മതിലകം പഞ്ചായത്തിലെ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രകടനമായി ബറോഡ ബാങ്ക് പരിസരത്ത് എത്തിച്ചേർന്ന് ജനകീയ മാർച്ച് ആരംഭിച്ചു. ദേശീയപതാകകൾ വഹിച്ച കുട്ടികളാണ് ജനകീയ മാർച്ച് നയിച്ചത്.