Movies
മാൻഡലിൻ, ബാൻജോ, ഗിറ്റാർ... ഒരുപോലെ സാമ്യങ്ങളും വ്യത്യാസങ്ങളുമുള്ള സംഗീതോപകരണങ്ങൾ. പിതാവിന്റെ വിരലുകൾ വിസ്മയപ്പൂക്കൾ വിടർത്തിയ മാൻഡലിനിൽ മൂന്നാം വയസിൽ തുടങ്ങി, ബാൻജോയിലൂടെ ഗിറ്റാറിലേക്കൊഴുകിയതാണ് എസ്.പി. വെങ്കിടേഷിന്റെ സംഗീതം.
ഇവയിൽ കൂടുതൽ ഗാംഭീര്യവും വൈവിധ്യവുമുള്ള സ്വരം പകരുന്നതു ഗിറ്റാറാണ്. എല്ലാത്തരം സംഗീതത്തിലും ഗിറ്റാർ ഇണങ്ങും; എല്ലാ ഭാവങ്ങളും വെങ്കിടേഷിന്റെ സംഗീതത്തിൽ ഇണങ്ങിയതുപോലെ. ഒരു ഗിറ്റാർ നെഞ്ചിൽച്ചേർന്നില്ലാത്ത എസ്.പി. വെങ്കിടേഷിന്റെ രൂപം സങ്കല്പിക്കുക പ്രയാസം. വീണയുടെയും സിത്താറിന്റെയും ശബ്ദങ്ങൾവരെ അദ്ദേഹം ഗിറ്റാറിൽ സൃഷ്ടിക്കുമായിരുന്നുവത്രേ.
എല്ലാം അരുൾ
ഈണങ്ങൾ മനസിൽ തെളിയിക്കുന്നതു കടവുളിന്റെ അരുൾ (ദൈവത്തിന്റെ വരം) ആണെന്നായിരുന്നു എക്കാലവും വെങ്കിടേഷിന്റെ പക്ഷം. അദ്ദേഹം കൈതൊട്ടതെല്ലാം മലയാളിയുടെ മനസുതൊട്ടു. ഒരിക്കൽ അദ്ദേഹം പറഞ്ഞു: “എന്റെ ട്യൂണുകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്നതു കടവുളിന്റെ അനുഗ്രഹം. സംവിധായകർ ഓരോ സന്ദർഭം പറയുന്പോഴും ഈണം മനസിൽ തെളിയും. ഇതെല്ലാം എങ്ങനെ വരുന്നു എന്നറിയില്ല. പ്ലാനുകൾ എല്ലാം കടവുളിന്റേതാണ്. ഞാൻ വെറും വർക്കർ മാത്രം!”
അദ്ദേഹം ഗിറ്റാറിൽ തൊട്ടുണർത്തിയ ചെറിയ സംഗീതശകലങ്ങൾ മനോഹരഗാനങ്ങളായ കഥകൾ, തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് പലവട്ടം ഓർമിച്ചിട്ടുണ്ട്. ‘തുടർക്കഥ’ എന്ന ചിത്രത്തിന്റെ കന്പോസിംഗ് കഴിഞ്ഞു മടങ്ങുന്ന വേളയിൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയുടെ ഡൈനിംഗ് റൂമിലിരുന്ന് വെങ്കിടേഷ് ഒരു ശകലം വായിച്ചു. ഡെന്നിസിന്റെ ആഗ്രഹപ്രകാരമായിരുന്നു അത്. ഒരൊറ്റ കേൾവിയിൽ ആ ഗിറ്റാർനാദം അദ്ദേഹത്തിനിഷ്ടമായി. അതിനെയൊരു മുഴുനീള ഗാനമാക്കി സിനിമയിൽ ഉപയോഗിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു.
തുടർക്കഥയിലെ മറ്റു പാട്ടുകളെഴുതിയത് ഒ.എൻ.വി. കുറുപ്പാണ്. അദ്ദേഹം വിമാനത്താവളത്തിലേക്കു പോകാനൊരുങ്ങിനിൽക്കുന്നു. വെങ്കിടേഷ് ഗിറ്റാറിൽ വായിച്ച ഈണം കേൾപ്പിച്ച് അതിനനുസരിച്ച് വരികൾ എഴുതണമെന്ന് ഒഎൻവിയോട് ആവശ്യപ്പെടുന്നതുതന്നെ ശ്രമകരമായ ദൗത്യമാണ്. നിന്ന നിൽപ്പിൽ ഈണം കേട്ട് കവി രണ്ടു വരികൾ പറഞ്ഞുകൊടുത്തു. ബാക്കി നാട്ടിലെത്തിയശേഷം ഫോണിൽ പറഞ്ഞുകൊടുക്കാമെന്നും ഉറപ്പുനൽകി. ആ പാട്ട് തുടർക്കഥയിൽ എം.ജി. ശ്രീകുമാറിന്റെയും ചിത്രയുടെയും ശബ്ദത്തിൽ ഇങ്ങനെ കേട്ടു: ‘മാണിക്യക്കുയിലേ നീ... കാണാത്ത കാടുണ്ടോ... കാണാത്ത കാട്ടിലേതോ നീലക്കടന്പുണ്ടോ...’
മറ്റൊരിക്കൽ ഡെന്നീസ് ജോസഫിനു വായിച്ചുകേൾപ്പിച്ച സംഗീതശകലത്തിൽനിന്നാണ് പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ എന്ന പാട്ടുണ്ടായത്. കിഴക്കൻ പത്രോസ് എന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് ഈ സംഭവം. ഒഎൻവിയുടെ സുന്ദരമായ വരികളും യേശുദാസിന്റെ ആലാപനവും ചേർന്നപ്പോൾ പാട്ട് അതിസുന്ദരം. പാട്ടിനു പറ്റിയ സന്ദർഭം സിനിമയിൽ ഇല്ലാതിരുന്നതിനാൽ ടൈറ്റിൽ സോംഗ് ആയി ഉൾപ്പെടുത്തുകയായിരുന്നു. ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായി ഇതു മാറിയതു ചരിത്രം. ഗിറ്റാർ ബിറ്റുകളായി ഈണങ്ങൾ വിരിഞ്ഞ വിസ്മയം!
ഭാഷകൾക്കപ്പുറം
ഇരുനൂറു ശതമാനം തമിഴനാണ് എസ്.പി. വെങ്കിടേഷെന്നു സ്നേഹപൂർവം വിശേഷിപ്പിച്ചത് ഗാനരചയിതാവ് ഷിബു ചക്രവർത്തിയാണ്. രാജാവിന്റെ മകനിലെ പാട്ടുകൾക്ക് ഈണമിടാനെത്തുന്പോൾ മലയാളത്തിന്റെ പശ്ചാത്തലം ഒട്ടുമില്ല വെങ്കിടേഷിന്. അദ്ദേഹത്തിന്റെ മീറ്ററൊപ്പിച്ച് വരികളെഴുതാൻ എളുപ്പമായിരുന്നില്ല. എന്നിട്ടും ആ പാട്ടുകൾ മലയാളി ആസ്വാദകരെ ത്രസിപ്പിച്ചു. ‘വിണ്ണിലെ ഗന്ധർവ വീണകളും’, ‘പാടാം ഞാനാ ഗാനവും’, ‘ദേവാംഗനയും’ ഏറ്റുപാടാത്തവർ ചുരുക്കം. മലയാളത്തിന് അങ്ങനെ പുതിയൊരു മ്യൂസിക് ഡയറക്ടറെ സമ്മാനം കിട്ടുകയായിരുന്നു.
ഇതേ മലയാളമറിയാത്തയാൾ വൈകാതെ മലയാളത്തിന്റെ സ്വന്തമായി. അദ്ദേഹം ചെയ്തുവയ്ക്കുന്ന മീറ്റർ ഗാനരചയിതാക്കൾക്ക് ഏറ്റവും എളുപ്പമുള്ളവയായി. തനി മലയാളിത്തമുള്ള ഒട്ടേറെ പാട്ടുകൾ പിറന്നു. വെങ്കിടേഷ് നൽകുന്ന ഈണം കാസറ്റിൽ പലയാവർത്തി കേൾക്കുന്പോഴേക്കും പാട്ടിന്റെ പല്ലവി തനിയെ വരുമെന്ന് ഓർമിച്ചിട്ടുണ്ട് ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ പുലരി പൂക്കളാൽ എന്ന പാട്ടാണ് വെങ്കിടേഷിന്റെ ഈണത്തിൽ ആദ്യമായി എഴുതിയത്. ഓടിനടന്നു പാട്ടുകൾ ചെയ്ത് ഏറ്റവും ഔന്നത്യത്തിൽ നിൽക്കുന്ന കാലമാണ് അന്നു വെങ്കിടേഷിന്റേത്. എന്നിട്ടും ഒരു പുതിയ ആളായ തന്നെ കവി എന്ന നിലയിൽ കണ്ട് വെങ്കിടേഷ് സ്വീകരിച്ചുവെന്ന് ഐ.എസ്. കുണ്ടൂർ പറയുന്നു. ഒട്ടേറെ നാടകങ്ങൾക്കും മേലേപ്പറന്പിൽ ആണ്‍വീട്, വാർധക്യപുരാണം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങിയ ചിത്രങ്ങൾക്കും പാട്ടെഴുതിയയാളാണ് അദ്ദേഹം.
മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ തെന്നിന്ത്യ വിട്ട് അതേ മനോഹാരിതയോടെ ബംഗാളിൽവരെ വെങ്കിടേഷിന്റെ ഈണങ്ങളെത്തി. പശ്ചാത്തലസംഗീതമായും പാട്ടുകളായും അവരുടെ ഹൃദയങ്ങളും തൊട്ടു. അപ്പോഴും മലയാളവും മലയാളികളും ഇവിടത്തെ സിനിമാ സൗഹൃദങ്ങളും അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു. തനിക്കു പേരും പുരസ്കാരങ്ങളും സമ്മാനിച്ചതു കേരളമാണെന്ന് അദ്ദേഹം എന്നും ഓർമിച്ചു. എപ്പോൾ വിളിച്ചാലും ഏതു ട്രെൻഡിനൊപ്പിച്ചും പാട്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. പുതിയ തലമുറ ഇഷ്ടപ്പെടുന്ന റിഥവും സൗണ്ടിംഗും തന്റെ കൈയിൽ തയാറാണെന്ന് ഒരിക്കലൊരു ടെലിവിഷൻ അഭിമുഖത്തിൽ വെങ്കിടേഷ് പറയുകയും ചെയ്തു.
മലയാളികളെ അദ്ദേഹം ഫേസ്ബുക്കിലൂടെയും ഫോണ്‍വിളികളിലൂടെയും കണ്ടുകൊണ്ടിരുന്നു. ഒരിക്കൽ പറഞ്ഞു: ഫേസ്ബുക്കിൽ മലയാളികൾ എന്നെക്കുറിച്ച് എഴുതുന്നതെല്ലാം ഇവിടെ മലയാളികളായ സഹപ്രവർത്തകർ കാണിച്ചുതരാറുണ്ട്. മലയാളത്തിൽ എത്രയോ നല്ല പുതിയ സംഗീതസംവിധായകർ വന്നു, എത്രയധികം പാട്ടുകൾ വന്നു. എന്നിട്ടും വർഷങ്ങൾക്കിപ്പുറം എസ്.പി. വെങ്കിടേഷിനെ മലയാളികൾ ഓർക്കുന്നു. അതാണ് ഏറ്റവും വലിയ സന്തോഷവും പുരസ്കാരവും. അതിനപ്പുറം ഒന്നുമില്ല...
ലഹരി പടർത്തിയ ‘ശാന്തമീരാത്രി’യും വാത്സല്യം തുളുന്പിയ ‘താമരക്കണ്ണനുറങ്ങേണ’വുമടക്കം പാട്ടുകളുടെ ഒരു ഭാവസാഗരം മലയാളികൾക്കുമുന്നിൽ വിശാലമായിക്കിടക്കുന്നു. അലകളും അലയുന്ന കാറ്റും ഈണമായി നമ്മെ തൊടുന്നു...
Movies
സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിനെക്കുറിച്ചുള്ള ഓർമകളുമായി സംവിധായകൻ ഭദ്രൻ. പശ്ചാത്തല സംഗീതത്തിന്റെ രാജാവാണ് അദ്ദേഹമെന്ന കുറിപ്പോടെയാണ് ഭദ്രൻ എസ്പിവിയെ അനുസ്മരിച്ചത്.
സമീപകാലത്ത് വെങ്കിടേഷുമൊത്ത് ഏറ്റവും അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് താനെന്നും സ്ഫടികത്തിന്റെ റി-റിലീസിനുവേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടെന്നും ഭദ്രൻ പറയുന്നു.
മലയാള സിനിമയുടെ King of background score. എസ്.പി. വെങ്കിടേഷിന്റെ ഈ പെട്ടെന്നുള്ള വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിക്കുന്നു...സമീപകാലത്ത് ഏറ്റവും അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് ഞാൻ. സ്ഫടികം 4k അറ്റ്മോസ് റീലോഡിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് റി-ക്രിയേറ്റ് ചെയ്യാൻ അതീവ ശ്രമകരമായിരുന്നു. കാരണം അതിന്റെ Orginal Sound Tracks ഒന്നും സൂക്ഷിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരിശ്രമവും ജാഗ്രതയും വളരെ സ്ലാഹനീയമായിരുന്നു. എന്നെ കൂടെക്കൂടെ ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അദ്ദേഹം വിളിക്കുമായിരുന്നു. ഇനിയും സ്ഫടികം പോലെ ഒരു സിനിമ കൂടി എനിക്ക് പ്രവർത്തിക്കണം അത് എന്റെ ഒരു അന്തിമ അഭിലാഷമാണ് എന്ന് പറയുമായിരുന്നു.
ഇത് പറയുമ്പോളൊക്കെ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടുപോകുമെന്ന്. നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ലോകം ഉള്ളിടത്തോളം കാലം that everlasting music will stay with us. ആദരാഞ്ജലികൾ.
ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിലെ എല്ലാ ഗാനങ്ങളും ഒരുക്കിയത് വെങ്കിടേഷായിരുന്നു. ചിത്രത്തിലെ ഏഴിമല പൂഞ്ചോല ഇപ്പോഴും മലയാളികൾക്കിടയിൽ തരംഗമാണ്.
Kerala
കോട്ടയം: ഹൃദയം തൊടുന്ന മെലഡികളുമായി സംഗീത പ്രേമികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ... ഇന്നു ചെന്നൈയിൽ അന്തരിച്ച എസ്.പി. വെങ്കിടേഷ് എന്ന സംഗീതപ്രതിഭയെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
വിവിധ ഭാഷകളിലായി അഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം നൽകി. ഒപ്പം പശ്ചാത്തല സംഗീതംകൊണ്ടും സിനിമകളെ അനശ്വരമാക്കി.
1980–90 കാലഘട്ടങ്ങളിൽ മലയാള സിനിമയ്ക്കു അമൂല്യമായ നിരവധി ഗാനങ്ങളും പശ്ചാത്തല സംഗീതവും സമ്മാനിച്ച അദ്ദേഹം, മാധുര്യവും ക്ലാസിക്കൽ സ്പർശവുമുള്ള സംഗീതശൈലിയിലൂടെ വേറിട്ടുനിന്നു.
കഥയുടെയും കഥാപാത്രങ്ങളുടെയും വികാരങ്ങളെ നന്നായി മനസിലാക്കി ഒരുക്കുന്ന സംഗീതസംവിധാനമാണ് എസ്.പി. വെങ്കിടേഷിന്റെ പ്രത്യേകത. മെലഡി ഗാനങ്ങളിൽ അദ്ദേഹം പുലർത്തിയ ലാളിത്യവും ആത്മീയ സ്പർശവും ശ്രോതാക്കളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
ഹിറ്റുകളുടെ പെരുമഴയാണ് അദ്ദേഹം മലയാള സിനിമയ്ക്കുമേൽ വർഷിച്ചത്.
ഒരു വല്ലം പൊന്നും പൂവും (മിന്നാരം), തുമ്പിപ്പെണ്ണേ...(ധ്രുവം), തളിർവെറ്റിലയുണ്ടോ...(ധ്രുവം), പാതിരാക്കിളി (കിഴക്കൻ പത്രോസ്) തുടങ്ങി മലയാളികൾ ഏറെ ഏറ്റുപാടിയ ഗാനങ്ങൾ എസ്.പി ഒരുക്കി.
കിലുക്കം, കൗരവർ, സ്ഫടികം, ജോണിവാക്കർ തുടങ്ങിയ സിനിമകളെ സൂപ്പർ ഹിറ്റുകളാക്കുന്നതിൽ അതിലെ എസ്പി ഒരുക്കിയ ഗാനങ്ങളും സഹായിച്ചു. മലയാളം, തമിഴ്, കന്നട, ബംഗാളി, ഹിന്ദി, മറാഠ ഭാഷകളിൽ അദ്ദേഹത്തിന്റെ സംഗീതസ്പർശമെത്തി.
National
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണ വെങ്കിടേഷിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
1985-2000 കാലഘട്ടങ്ങളിൽ നിരവധി മലയാളം സിനിമകൾക്കായി ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ വ്യക്തിയാണ് എസ്.പി. വെങ്കിടേഷ്.
1971ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പം ഗിത്താര്‍ വായിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു.
1981ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് എസ്.പി. വെങ്കിടേഷ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും എസ്.പി. വെങ്കിടേഷിനെ പ്രിയങ്കരനാക്കി.
രാജാവിന്റെ മകന്, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്മാര്, വ്യൂഹം, കുട്ടേട്ടന്, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മാന്ത്രികം, സ്ഫടികം തുടങ്ങി നിരവധി സിനിമകളിലൂടെ എസ്.പി. വെങ്കിടേഷിന്റെ സംഗീത വൈദഗ്ധ്യം മലയാളി കണ്ടു.
Movies
ഇന്ത്യൻ സിനിമയ്ക്ക് ഓസ്കർ തിളക്കം സമ്മാനിച്ച സംഗീത സംവിധായകൻ എം.എം. കീരവാണി മറ്റൊരു ചരിത്രനേട്ടത്തിൽ. റിപ്പബ്ലിക് ദിന പരേഡിന് സംഗീതം ഒരുക്കാനുള്ള അപൂർവ ബഹുമതി കീരവാണിയെ തേടിയെത്തിയിരിക്കുകയാണ്. വന്ദേമാതരം എന്ന അനശ്വര ഗാനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കീരവാണിയെത്തേടി അവസരമെത്തിയത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ ഒരുങ്ങുന്ന വന്ദേമാതരം എന്ന ഗാനത്തിനു സംഗീതം നൽകുന്നത് താനാണെന്ന വിവരം കീരവാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നുള്ള 2,500 കലാകാരന്മാരാണ് കീരവാണിയുടെ സംഗീതവിരുന്നിൽ അണിനിരക്കുന്നത്.
ജനുവരി 26-ലെ റിപ്പബ്ലിക് ദിന പരേഡിൽ വന്ദേമാതരം എന്ന ഐതിഹാസിക ഗാനത്തിന് സംഗീതം നൽകാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടനും അഭിമാനിതനുമാണെന്നും രാജ്യത്തിന്റെ ആത്മാവിനെ ആഘോഷിക്കാൻ നമുക്ക് ഒന്നിക്കാമെന്നും കീരവാണി എക്സിൽ കുറിച്ചു.
77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി കർത്തവ്യപഥിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികൾ.
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കീരവാണി, ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു... എന്ന ഗാനത്തിലൂടെയാണ് ഓസ്കർ വേദിയിൽ ഇന്ത്യയുടെ യശസുയർത്തിയത്. ഇപ്പോൾ രാജ്യത്തിന്റെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് അദ്ദേഹം സംഗീതം പകരുന്നു എന്നതു ചലച്ചിത്രമേഖലയ്ക്കും ആവേശമാണു പകരുന്നത്.
Special News
കീ ബോര്‍ഡില്‍ വേഗം കൊണ്ട് വിസ്മയം കാണിക്കുന്ന പ്രശസ്ത സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത ഒരു സംഗീത പരിപാടിക്കിടെയാണ് സ്റ്റീഫന്‍ ദേവസി താന്‍ മരണത്തിന്റെ വക്കില്‍നിന്ന് അദ്ഭുതകരരമായി ജീവിതത്തിലേക്കു പറന്നുയര്‍ന്ന കഥ പറയുന്നത്.
ശരാശരിക്കാരന്
സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: ഞാനൊരു സാധാരണക്കാരനായ പയ്യന് ആയിരുന്നു. ദാ ആയിരിക്കുന്ന പയ്യനെപ്പോലെ ഒരു സാധാരണക്കാരന്. പഠിക്കാന്‍ ഞാന്‍ ശരാശരിയായിരുന്നു. അത്ര ബില്യന്റൊന്നും ആയിരുന്നില്ല. തീര്‍ത്തും ശരാശരിക്കാരന്. എന്നാല്‍, ഒരു കാര്യം കൃത്യമായി ചെയ്തിരുന്നു. അമ്മ പറഞ്ഞതു പ്രകാരം ഞാന്‍ സണ്‍ഡേ സ്കൂളില്‍ പോകുമായിരുന്നു. അവിടെ പറയുന്ന ഒരു വാക്യമെങ്കിലും കാണാതെ പഠിക്കും. പഠിച്ചില്ലെങ്കില്‍ അമ്മ ചീത്ത പറയും, ഡാഡി ചീത്ത പറയും. അതു പേടിച്ച് പഠിക്കും.
അങ്ങനെയായിരുന്നു ഞാന്‍. ഞാന്‍ എന്നെ പറ്റി അധികമൊന്നും ചിന്തിച്ചിട്ടില്ല. എന്റെ ഭാവിയെ പറ്റിയും ചിന്തിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആയിരിക്കും ജീവിതം എന്നു കരുതി. സ്കൂളില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് എനിക്ക് ദിവസം ഒരടിയെങ്കിലുംകിട്ടും. യൂണിഫോം മര്യാദയ്ക്ക് ഇടില്ല, ഇംഗ്ലീഷ് സംസാരിക്കില്ല. ഞങ്ങളുടെ സ്കൂളില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതു നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ ഒരു വാക്കിന് 25 പൈസ ഫൈന്‍ കൊടുക്കണം. എന്തായാലും ഞാന്‍ ദിവസം അഞ്ചു ഉറുപ്പിക ചെലവാക്കുമായിരുന്നു.
പത്താം വയസിലെ പനി
പത്താം വയസില്‍ എനിക്കൊരു പനി വന്നു. അതൊരു പ്രത്യേക പനിയായിരുന്നു. അതു ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആയിരുന്നെന്നു തോന്നുന്നു. കാരണം ദൈവം എന്ന ഒരു ഓവനലിട്ട് ബേക്ക് ചെയ്യാന്‍ തുടങ്ങി. എന്നാല്‍, ആ രോഗം അപകടകാരിയായിരുന്നു. അതു ഗുരുതരമായ കാന്‍സര്‍ ആയിരുന്നു. എല്ലാവര്ക്കും ഞാന്‍ കീബോര്‍ഡ് വേഗത്തില്‍ വായിക്കുമ്പോള്‍ ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നു വന്നയാളാണെന്നു തോന്നും. എന്നാല്‍, ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നുള്ള ആളല്ല. അതൊരു ഗിഫ്റ്റ് ആയിരുന്നു. എന്റെ പനി മാറുന്നില്ല. ദിനംതോറും വഷളായി. രക്ഷപ്പെടില്ല എന്ന സ്ഥിതിയായി. മരണത്തിന്റെ വക്കിലെത്തിയതും ഡോക്ടര്‍ ഡാഡിയോടു പറഞ്ഞു. ദുബായില്‍നിന്ന് എത്രയും വേഗം നാട്ടിലെത്തുക. ഫ്യൂണറല്‍ നടത്താനുള്ള പണവും കരുതാന്‍ പറഞ്ഞു.
ദൂതനെപ്പോലെ ഒരാള്‍
എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അപ്പോള്‍ ഒരു പാസ്റ്റര്‍ ഞങ്ങളുടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്താന്‍ വന്നു. ഞങ്ങളാരും അദ്ദേഹത്തെ മുമ്പു കണ്ടിട്ടില്ല. എല്ലാവരും ഡാഡി വരുന്നതുവരെ എന്റെ ആയുസ് രണ്ടു ദിവസംകൂടി നീട്ടിക്കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുന്ന സമയം ആയിരുന്നു അത്. അപ്പോള്‍ പാസ്റ്റര്‍ എന്റെ കിടയ്ക്കരികില്‍ വന്നു പറഞ്ഞു ഈ ബാലന് നിരവധി ദേശങ്ങളില്‍ യാത്ര ചെയ്യും... അതുകേട്ട് എല്ലാവരും ഞെട്ടി. ഇതെന്താ ഇദ്ദേഹം പറയുന്നത്. ഏതു നിമിഷവും മരിക്കുമെന്നു കരുതിയിരിക്കുമ്പോള്‍ വിവിധ ദേശങ്ങളില്‍ യാത്ര ചെയ്യുമെന്നു പറയുന്നു. പാസ്റ്റര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍, അതു ദൈവത്തിന്റെ മെസേജ് ആയിരുന്നു. എന്നാല്‍, ആ നിമിഷം ഞാന്‍ സുഖപ്പെട്ടു. എന്റെ രക്തത്തിന്റെ കൗണ്ട് ശരിയായ നിലയിലേക്കു വന്നു.
ആ കീബോര്‍ഡ്
എന്റെ സംസ്കാരം നടത്താന്‍ കൊണ്ടുവന്ന പണം ഉപയോഗിച്ച് ഡാഡി എനിക്കൊരു കാസിനോ കീബോര്‍ഡ് വാങ്ങിത്തന്നു. അന്നു ഞാന്‍ കീബോര്‍ഡില്‍ പരിശീലനം തുടങ്ങി. അവിടെനിന്നാണ് ഈ സ്റ്റീഫന്‍ ദേവസിയുടെ തുടക്കം. അല്ലാതെ എനിക്ക് യാതൊരു സംഗീത പശ്ചാത്തലവുമില്ല. എനിക്കറിയാം എന്ന രക്ഷിച്ച ഓള് റൗണ്ടര്‍, സര്വശക്തന് അത് യേശുവാണ്.... ഇത്രയും പറഞ്ഞിട്ട് ഒ്ന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു... എന്ന ഗാനം പാടിയാണ് തന്റെ സാക്ഷ്യം അദ്ദേഹം അവസാനിപ്പിച്ചത്.
Movies
മലയാള ചലച്ചിത്രഗാന രംഗത്ത് ശുദ്ധ സംഗീതത്തിന്റെ ഇലഞ്ഞിപ്പൂമണം ആസ്വാദകരുടെ ഇന്ദ്രിയങ്ങളിലേക്ക് പടർത്തിയ ജി. ദേവരാജൻ മാസ്റ്ററുടെ സ്മരണാർഥമുള്ള മ്യൂസിയം നാടിന് സമർപ്പിച്ചു.
ഒരു സംഗീതോപാസകന്റെ ജീവത രേഖ അതിന്റെ തനിമയും പൊലിമയും ഒട്ടും ചോരാതെ അനാവരണം ചെയ്താണ് മ്യൂസിയം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപത്തെ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് അവിസ്മരണീയമായ അനേകം ഗാനങ്ങളിലൂടെ സമ്പന്നമാക്കിയ മാസ്റ്ററുടെ പേരിലുള്ള മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും പ്രവർത്തിക്കുക