വത്തിക്കാൻ സിറ്റി: പ്രാദേശിക പാരമ്പര്യങ്ങളുടെ അനുയോജ്യമായ കൂടിച്ചേരലുകൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ കത്തോലിക്കാസഭയുടെ പവിത്രമായ സംഗീതപാരമ്പര്യം വരുംതലമുറകൾക്കായി സംരക്ഷിക്കപ്പെടണമെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ആരാധനക്രമത്തിൽ വിശുദ്ധ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രതിവാര കൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാർപാപ്പ വ്യക്തമാക്കി.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘സാക്രോസാങ്തം കോൺസിലിയം’ എന്ന പ്രമാണരേഖയെ ആസ്പദമാക്കിയുള്ള പ്രബോധന പരമ്പരയുടെ ഭാഗമായാണ് മാർപാപ്പ വിശുദ്ധ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചത്.
"പാടുന്നത് സ്നേഹിക്കുന്നവരുടെ ലക്ഷണമാണ്'' എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ച മാർപാപ്പ, സംഗീതം വിശ്വാസികൾക്കിടയിൽ ഐക്യവും ദൈവസ്തുതിയും വളർത്തുന്നുവെന്നും ചൂണ്ടിക്കാട്ടി.
സഭയുടെ സംഗീതപാരമ്പര്യത്തിന് വലിയ വിലയുണ്ട്. ഗ്രിഗോറിയൻ സംഗീതത്തിനും പൈപ്പ് ഓർഗനും ആരാധനക്രമത്തിൽ പ്രത്യേക സ്ഥാനമുണ്ട്. എങ്കിലും പ്രാദേശികവും അനുയോജ്യവുമായ മറ്റ് വാദ്യോപകരണങ്ങളും സംഗീതരൂപങ്ങളും ഉപയോഗിക്കാമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.