കൊച്ചി: കേരളത്തിന് വലിയൊരു മാറ്റം ആവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . എറണാകുളം കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ ദീപികയുടെ 140 ാം വാര്‍ഷികാഘോഷവും ഐക്കണ്‍സ് ഓഫ് ദ ഇയര്‍ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിന്റെ സവിശേഷതകളെയും കഴിവിനെയും തിരിച്ചറിഞ്ഞ്, ലോകത്തിലെ തന്നെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ നമുക്ക് സാധിക്കണം. അതിനു കഴിവുള്ളവരാണ് നമ്മുടെ മലയാളികൾ.
ഉന്നതവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും കേരളത്തെ മികച്ചൊരു ഡെസ്റ്റിനേഷൻ പോയിന്റാക്കി മാറ്റാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ തൊഴിലും പഠനസൗകര്യങ്ങളും ഉറപ്പാക്കണം. വിദേശത്തുനിന്നുള്ള കുട്ടികളും ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തണം. ഇത്തരം നല്ല മാറ്റങ്ങൾക്കായി ശ്രമിക്കുമ്പോൾ മാധ്യമങ്ങളുടെ പിന്തുണയും നാടിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിനെ മാറ്റിയെടുക്കാൻ മാധ്യമങ്ങൾക്കു വലിയ പങ്കുണ്ട്. മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനും സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എന്നനിലയിൽ തന്റെ സ്വപ്ന പദ്ധതിയായ സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പർട്ട് സർവീസിന് തുടക്കമായെന്നും ആദ്യ ഓർഡർ പശ്ചിമബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലാണു ലഭ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.