ആറ്റിങ്ങൽ: കോടികൾ ചെലവിട്ടു നിർമിച്ച മുതലപ്പൊഴി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻർ ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ നശിക്കുന്നു. ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനങ്ങൾ വലയുമ്പോഴാണ് അധികൃതരുടെ ഗുരുതരമായ അവഗണനയിൽ ഈ കേന്ദ്രം പൂട്ടിയിട്ടിരിക്കുന്നത്.
2020-ൽ തറക്കല്ലിട്ട പദ്ധതിക്കായി ടൂറിസം വകുപ്പ് മൂന്നുകോടി രൂപയാണ് അനുവദിച്ചിരുന്നത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമാണം പൂർത്തിയായെങ്കിലും ഒന്നരവർഷത്തോളം കേന്ദ്രം പൂട്ടിക്കിടന്നു. തുടർന്നു പ്രധാന ഗേറ്റും കടമുറികളുടെ വാതിലുകളും ഇലക്ട്രിക് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചതിനെ തുടർന്നു 10 ലക്ഷം രൂപകൂടി അധികമായി ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. തുടർന്നായിരുന്നു അന്നത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും സ്ഥിതിക്ക് മാറ്റമൊന്നുമുണ്ടായില്ല.
കുട്ടികൾക്കായുള്ള കളിസ്ഥലം, കഫറ്റീരിയ, ഓപ്പൺ എയർ ഓഡിറ്റോറിയം, വൃത്തിയുള്ള ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം കോമ്പൗണ്ടിലുണ്ടെങ്കിലും ഒന്നിലേക്കുപോലും ജനങ്ങൾക്ക് പ്രവേശനമില്ല. ബീച്ചിന് അഭിമുഖമായി ഇരിപ്പിടങ്ങളോ ആവശ്യത്തിനു തെരുവുവിളക്കുകളോ സ്ഥാപിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾക്കു ശേഷവും ലൈറ്റുകൾ പ്രകാശിക്കാത്തതിനാൽ എത്തുന്നവർ ഇരുട്ടു വീഴും മുമ്പ് മടങ്ങാൻ നിർബന്ധിതരാകുകയാണ്.
ലൈഫ് ഗാർഡുകളുടെ സേവനമില്ലായ്മയും രൂക്ഷമായ മാലിന്യപ്രശ്നവും തീരത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കെട്ടിടം അടഞ്ഞുകിടക്കുന്നതോടെ കേന്ദ്രം സാമൂഹികവിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. മദ്യക്കുപ്പികളും നിരോധിത പാൻ മസാല ഉൽപ്പന്നങ്ങളുടെ കവറുകളും തള്ളിയ നിലയിലാണ് ഇപ്പോൾ കാണപ്പെടുന്നത്.