ചിറയിൻകീഴ്: മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളിഹൗസിൽ ഫ്രീമോണി(26)ന്റെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്നും കണ്ടെത്തിയാത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മുതലപ്പൊഴി ഹാർബറിനു സമീപം കടലിലാണ് അപകടമുണ്ടായത്. ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മറ്റ് നാല് മത്സ്യത്തൊഴിലാളികളുമായി കടലിലേക്ക് പോകവേയാണ് അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞു.
കരയിലേക്ക് നീന്തിയ ജോസിനെയും സ്മിത്തിനെയും മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. ഷിജിൻ, ഫ്രീമോൺ എന്നിവർ പുലിമുട്ടിനോട് അടുത്ത് വരെ നീന്തിയെത്തിയതായി മറ്റു മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നു. എന്നാൽ ഇതിനുശേഷം കാണാതാവുകയായിരുന്നു. ഷിജിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഫ്രീമോൺ അവിവാഹിതനാണ്.