തൊടുപുഴ: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുട്ടം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പ്രചാരണം ശക്തമായി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെയാണ് മുന്നണികള്‍ പ്രചാരണം ഊര്‍ജിതമാക്കിയത്. നാലു സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്.
പത്രികകളുടെ സൂഷ്മപരിശോധന ഇന്നലെയായിരുന്നു. ആരുടെയും പത്രിക തള്ളാത്തതിനാല്‍ നാലു പേരും മത്സരരംഗത്തുണ്ട്. പഞ്ചായത്തംഗമായിരുന്ന കുട്ടിയമ്മ മൈക്കിളിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യുഡിഎഫിനായി കേരള കോണ്‍ഗ്രസിലെ എത്സമ്മ ടോമാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്രയായി വി.എസ്. സിന്ധുവും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍.എന്‍. രമ്യയുമാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് ഡമ്മി സ്ഥാനാര്‍ഥിയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിനും മത്സരിക്കുന്നുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥി എത്സമ്മ ടോം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുട്ടിയമ്മ മൈക്കിളിന്റെ എതിര് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കുട്ടിയമ്മ മൈക്കിള്‍ 332 വോട്ടം എത്സമ്മ ടോം 200 വോട്ടും നേടി. യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന ഒന്‍പതാം വാര്‍ഡ് കുട്ടിയമ്മ മൈക്കിള്‍ എല്‍ഡിഎഫിലേക്കു മാറിയതോടെയാണ് കൈവിട്ടുപോയത്. ഇത്തവണ ഉറച്ച പ്രതീക്ഷയോടെയാണ് യുഡിഎഫ് ഇവിടെ മത്സരിക്കുന്നത്. നിലവില്‍ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസിലെ ചേരിപ്പോരും യുഡിഎഫിലെ പടലപ്പിണക്കവും മുന്നണിക്കു പ്രതികൂലമായി മാറിയതോടെയാണ് പഞ്ചായത്ത് ഭരണം കൈവിട്ടുപോയത്. ഇത്തവണ ആരു ജയിച്ചാലും ഭരണമാറ്റത്തിന് സാധ്യതയില്ല. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫാണ് ഉദ്ഘാടനം ചെയ്തത്.
തെരഞ്ഞെടുപ്പുരംഗത്ത് പുതുമുഖമാണ് എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന വി.എസ്. സിന്ധു. ബിജെപി സ്ഥാനാര്‍ഥി എന്‍.എന്‍. രമ്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്നു മത്സരിച്ചിരുന്നു.
14 വരെയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസരം. 28നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 29ന് രാവിലെ 10ന് ആരംഭിക്കും. എംവിഐപി അസി. എന്‍ജിനിയര്‍ മരിയ പോള്‍ ആണ് വരണാധികാരി.