മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്തിലെ മുട്ടത്തിപ്പറമ്പ് തോടിന്റെ സംരക്ഷണത്തിന് നടപടി വേണമെന്ന് ആവശ്യം. കാട്ടുകട, ചെറുവാരണം, മായിത്തറ മേഖലകളിലെ പെയ്ത്തുവെള്ളം മുട്ടത്തിപ്പറമ്പ് തോട്ടിലൂടെയാണ് കായലിൽ പതിക്കുന്നത്. തോടിന്റെ ഇരുകരകളിലും കൈയേറ്റം വർധിക്കുന്നതും മാലിന്യങ്ങൾ നിറയുന്നതും വെള്ളമൊഴുക്കിന് തടസമാകുന്നുണ്ട്.
നല്ലൊരു മഴ പെയ്താൽ മുട്ടത്തിപ്പറമ്പ് കേളവത്ത് ഭാഗം വെള്ളക്കെട്ടിലാകും. വാർഡുകളിൽ നിറയുന്ന മഴ വെള്ളം മുട്ടത്തിപ്പറമ്പ് തോട്ടിലൂടെ ഒഴുകി നീങ്ങാതെ വരുമ്പോഴാണ് സമീപമേഖലകൾ വെള്ളത്തിലാകുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഒന്പതു വീട്ടുകാരെ ഈ മേഖലയിൽനിന്നു മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. മുട്ടത്തിപ്പറമ്പ് പാലത്തിനു തെക്കുഭാഗത്ത് തോട് കൈയേറുന്നതാണ് മേഖലയിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രധാന ജലനിർഗമന മാർഗമാണ് മുട്ടത്തിപ്പറമ്പ് തോട്. അനുദിനമെന്നോണം തോട് മെലിയുന്ന സാഹചര്യം ജനത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്. കൈയേറ്റങ്ങൾ തടയാനും തോടിന് ആഴം കൂട്ടാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുട്ടത്തിപ്പറമ്പ് തോട്ടിലൂടെ ഒഴുകിനീങ്ങുന്ന പെയ്ത്തുവെള്ളം കട്ടച്ചിറ ആറിലൂടെയാണ് വേമ്പനാട്ടു കായലിൽ പതിക്കുന്നത്. 10 മീറ്ററിലേറെ വീതിയുണ്ടായിരുന്ന തോട് പലയിടത്തും ചെറുതോടുകളുടെ അവസ്ഥയിലേക്കു ചുരുങ്ങിയിട്ടുണ്ട്. ജലനിർഗമനം തടസപ്പെടുന്ന സാഹചര്യമുണ്ടായതിനെത്തുടർന്ന് മുട്ടത്തിപ്പറമ്പ് പാലത്തിന്റെ ചിറ പൊളിയുന്ന സ്ഥിതിയും വർഷങ്ങൾക്കു മുൻപ് ഉണ്ടായിട്ടുണ്ട്.