മുട്ടം: റോഡ് കുളംതോണ്ടി വാട്ടര്‍ അഥോറിറ്റിയും വൈദ്യുതി വകുപ്പും. ജല്‍ജീവന്‍ മിഷന് പദ്ധതികള്‍ക്കായി മുട്ടം പഞ്ചായത്തിലെ റോഡുകള്‍ കുത്തിപ്പൊളിച്ചതോടെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെയാണ് കെഎസ്ഇബി കേബിള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തത്. മുട്ടം ടൗണ്‍ മുതല്‍ കോടതിക്കവല വരെ റോഡിന്റെ വിവിധ മേഖലകളില്‍ കെഎസ്ഇബി ഏതാനും ദിവസങ്ങളായി കുഴിയെടുക്കുകയാണ്. എന്നാല്‍ കുഴികളില്‍ കേബിള്‍ സ്ഥാപിച്ചതിന് ശേഷം ചുറ്റിലും ആവശ്യത്തിന് മണ്ണിട്ട് മൂടാതെ പോകുകയാണ് കരാറുകാരൻ.
നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന തൊടുപുഴ - പുളിയന്മല പാതയിലാണ് അധികൃതരുടെ ഇത്തരം നടപടി. കുഴികള്‍ മണ്ണിട്ട് മൂടുന്ന പ്രദേശത്തെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബിയും കരാറുകാരനും മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ജീവന് ഭീഷണിയായി ജല്‍ജീവന്‍ പദ്ധതി
മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്തുകളിലേക്കും മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായും മുട്ടം മേഖലയിലെ റോഡുകള്‍ കുത്തിപ്പൊളിച്ച് മൂന്ന് വര്‍ഷമായിട്ടും റോഡ് ടാർ ചെയ്യാൻ അധികൃതര്‍ തയാറാകാത്ത അവസ്ഥയാണ്. റോഡിലൂടെ കടന്ന് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ അനേകം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട് നിരവധി ആളുകള്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ച് ഇപ്പോഴും ചികിത്സയിലാണ്. റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ കഴിയാതെ റോഡില്‍ കുടുങ്ങുന്നതിനാല്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ഇവിടെ വാക്കേറ്റവും പതിവാണ്. മുട്ടം കുരിശുപള്ളിക്കവല മുതല്‍ പെരുമറ്റം കനാല്‍ ഭാഗം വരെയുള്ള റോഡിലാണ് വലിയ പ്രതിസന്ധി.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ജല്‍ജീവന്‍ മിഷന് അധികൃതരുടെ യോഗം വിളിച്ചു ചേര്‍ത്ത് റോഡ് ഉടന്‍ ടാറിംഗ് നടത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പെരുമറ്റം കനാല്‍ ഭാഗം മുതലുള്ള റോഡിന്റെ ഭാഗങ്ങള്‍ ടാറിംഗ് നടത്തുന്നതിനുള്ള മുന്നൊരുക്കം ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ ജോലി പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്.