പാത്രിയാർക്കൽ സഭകളുടെ പിതാവും തലവനുമായ പാത്രിയാർക്കീസും അദ്ദേഹത്തിന്റെ സഭയിലെ മെത്രാന്മാരുടെ സിനഡും തമ്മിലുള്ള ബന്ധം ഗുരുതരവും പരിഹരിക്കാനാകാത്ത വിധവും തകരുകയും പുതിയ നേതൃത്വം ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ പാത്രിയാർക്കീസ് സ്വമേധയാ രാജിവയ്ക്കുന്നില്ലെങ്കിൽ സ്വീകരിക്കേണ്ട പ്രത്യേക കാനോനിക നടപടിക്രമം ഉൾചേർത്തുകൊണ്ട് 106, 126 എന്നീ കാനോനകളിലാണു മാറ്റങ്ങൾ വരുത്തിയത്. നിലവിലുണ്ടായിരുന്ന പൗരസ്ത്യ കാനോനിക നിയമത്തിലെ ഒരു പ്രധാന നിയമവിടവാണ് ഈ പരിഷ്കാരം പരിഹരിക്കുന്നത്.
പൗരസ്ത്യസഭകളുടെ കാനോനകളുടെ നിയമസംഹിതയിൽ സുപ്രധാനമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2026 ഓഗസ്റ്റ് 29ന് പതിനാലാമൻ മാർപാപ്പ "പരസ്പര ഐക്യം' (Mutua Concordia) എന്നപേരിലുള്ള ഒരു അപ്പസ്തോലിക ലേഖനം സ്വമേധയാ പ്രസിദ്ധീകരിച്ചു.
പാത്രിയാർക്കൽ സഭകളുടെ പിതാവും തലവനുമായ പാത്രിയാർക്കീസും അദ്ദേഹത്തിന്റെ സഭയിലെ മെത്രാന്മാരുടെ സിനഡും തമ്മിലുള്ള ബന്ധം ഗുരുതരവും പരിഹരിക്കാനാകാത്ത വിധവും തകരുകയും പുതിയ നേതൃത്വം ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ പാത്രിയാർക്കീസ് സ്വമേധയാ രാജിവയ്ക്കുന്നില്ലെങ്കിൽ സ്വീകരിക്കേണ്ട പ്രത്യേക കാനോനിക നടപടിക്രമം ഉൾചേർത്തുകൊണ്ട് 106, 126 എന്നീ കാനോനകളിലാണു മാറ്റങ്ങൾ വരുത്തിയത്.
നിലവിലുണ്ടായിരുന്ന പൗരസ്ത്യ കാനോനിക നിയമത്തിലെ ഒരു പ്രധാന നിയമവിടവാണ് ഈ പരിഷ്കാരം പരിഹരിക്കുന്നത്. മെത്രാന്മാരുടെ സിനഡിന്റെ ഘടനയും പ്രവർത്തനവും പാത്രിയാർക്കൽ പീഠത്തിന്റെ ഒഴിവാകലും സംബന്ധിച്ച് കാനോന നിയമസംഹിത വിശദമായ വ്യവസ്ഥകൾ നൽകുന്നുണ്ടെങ്കിലും പാത്രിയാർക്കീസും സിനഡും തമ്മിലുള്ള കൂട്ടായ്മ പരിഹരിക്കാനാകാത്തവിധം തകരുകയും പാത്രിയാർക്കീസ് രാജിവയ്ക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനു വ്യക്തമായ നടപടിക്രമം അതിൽ ഉണ്ടായിരുന്നില്ല.
ഈ സാധ്യത വെറും സൈദ്ധാന്തികമായ ഒന്നല്ല. അടുത്തകാലത്തെ കൽദായ പാത്രിയാർക്കൽ സഭയുടെ അനുഭവം, പാത്രിയാർക്കീസും മെത്രാന്മാരും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ സംഘർഷങ്ങൾ ഉണ്ടാകാം എന്നതിന്റെ സമകാലിക പശ്ചാത്തലം നൽകുന്നു.
കർദിനാൾ ലൂയിസ് റാഫേൽ സാക്കോ 2026 മാർച്ചിൽ ബാഗ്ദാദിലെ പാത്രിയാർക്കീസ് സ്ഥാനത്തുനിന്ന് രാജിവച്ചു. ലെയോ പതിനാലാമൻ മാർപാപ്പ കാനോൻ നിയമസംഹിത കാനൻ 126:2 അനുസരിച്ച് ആ രാജി സ്വീകരിക്കുകയും ചെയ്തു. എന്നാൽ, ഒരു പാത്രിയാർക്കീസ് സ്വമേധയാ രാജിവയ്ക്കാത്ത സാഹചര്യത്തിൽ, ഇത്തരമൊരു പ്രതിസന്ധിയെ നേരിടാൻ വ്യക്തമായ ഒരു കാനോനിക പരിഹാരം ആവശ്യമാണെന്നു മനസിലാക്കിയതിനാലാകാം നിലവിൽ മാർപാപ്പയ്ക്കുള്ള അധികാരങ്ങളിൽ കുറവ് വരുത്താതെതന്നെ മെത്രാൻസിനഡിന് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള അധികാരം നൽകുന്നവിധം ഈ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്.
എന്നിരുന്നാലും, പ്രത്യേകമായി കൽദായ സഭയിലെ സാഹചര്യത്തിന്റെ ഫലമായാണ് ഈ ഭേദഗതി എന്നു പറയുന്നത് ഉചിതമല്ല. പൗരസ്ത്യസഭകളുടെ കാനോനിക വ്യവസ്ഥയിൽ നിലനിന്നിരുന്ന ഒരു ഘടനാപരമായ കുറവിനെ പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
►പ്രധാന മാറ്റങ്ങൾ
നിയമാനുസൃതം മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടുന്നതിന് പാത്രിയാർക്കീസിനുള്ള അധികാരവും കടമയും വ്യക്തമാക്കുന്നതാണ് 106-ാം കാനോനായിലെ ഒന്നും രണ്ടും ഖണ്ഡികകൾ. പാത്രിയാർക്കീസ് ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുകയോ പരാജയപ്പെടുകയോ ചെയ്യുകയാണെങ്കിൽ സിനഡ് വിളിച്ചുകൂട്ടുന്നതിനുള്ള അവകാശം സഭയിലുള്ള മെത്രാൻ പട്ടത്തിൽ ഏറ്റവും മുതിർന്ന, വോട്ടവകാശമുള്ള (നിലവിൽ 80 വയസിൽ താഴെ) അംഗത്തിന് നൽകിക്കൊണ്ട് ഒരു ഖണ്ഡികകൂടി കൂട്ടിച്ചേർത്തു (കോഡ് ഓഫ് കാനൻസ് ഓഫ് ദ ഈസ്റ്റേൺ ചർച്ചസ് 106:3). അദ്ദേഹവും അതിനു പരാജയപ്പെട്ടാൽ ഈ അധികാരം മെത്രാൻ പട്ടത്തിൽ മുതിർന്നതും വോട്ടവകാശമുള്ളതും ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിന് സംലഭ്യനുമായ അടുത്ത അംഗത്തിന് ക്രമാനുഗതമായി കൈമാറ്റം ചെയ്യപ്പെടുന്നു. 126-ാം കാനോനയിൽ പറയുന്ന നടപടിക്രമങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള അനിവാര്യമായ സംവിധാനമാണ് ഇതിലൂടെ രൂപപ്പെടുത്തിയിരിക്കുന്നത്.
►കാനോന 126ലെ നടപടിക്രമങ്ങൾ
നിലവിലുള്ള പാത്രിയാർക്കീസ് കാലം ചെയ്യുകയോ രാജിവയ്ക്കുകയോ ചെയ്യുമ്പോഴാണ് പാത്രിയാർക്കൽ സിംഹാസനം ഒഴിവാകുന്നത്. ഇതേക്കുറിച്ച് 126-ാം കാനോയിലെ ഒന്നും രണ്ടും ഖണ്ഡികകൾ വ്യക്തമാക്കുന്നുണ്ട്. ഇതോടുകൂടി മൂന്ന് ഖണ്ഡികകൾകൂടി ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തു. നിയമാനുസൃതം വിളിച്ചുചേർക്കപ്പെട്ട സിനഡിൽ പുതിയ ഒരു അജൻഡ കൂട്ടിച്ചേർക്കുന്നതിന് അംഗങ്ങളിൽ മൂന്നിലൊരു ഭാഗത്തിന്റെ സമ്മതമുണ്ടായാൽ മതി (സിസിഇഒ കാനൻ 108:3). ഇപ്രകാരം, ഗൗരവമുള്ള ചില കാരണങ്ങളുടെ പേരിൽ സിനഡിന് പാത്രിയാർക്കീസിന്റെ രാജി ആവശ്യപ്പെടാൻ സാധിക്കും (സിസിഇഒ കാനൻ 126:3).
എന്നാൽ അദ്ദേഹം അതിനു തയാറാകുന്നില്ലെങ്കിൽ സിനഡിന് ഒരു പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി, മുമ്പ് സൂചിപ്പിച്ചപ്രകാരം, മെത്രാൻ പട്ടത്തിൽ ഏറ്റവും മുതിർന്ന, വോട്ടവകാശമുള്ള മെത്രാനു സ്വീകരിക്കാം. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ പാത്രിയാർക്കീസിനെ തത്സ്ഥാനത്തുനിന്ന് നീക്കുന്നതിന് രഹസ്യ വോട്ടെടുപ്പ് നടത്തുകയും മൂന്നിൽ രണ്ട് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്താൽ അദ്ദേഹം ഇക്കാര്യം മാർപാപ്പയെ അറിയിക്കുകയും വേണം. അതിനുമുമ്പ് പാത്രിയർക്കീസിന് സിനഡ് മുമ്പാകെ സ്വയം പ്രതിരോധിക്കാനും തന്റെ ഭാഗം വിശദീകരിക്കാനും അവസരം നൽകണം. എന്നാൽ ഇത് എപ്രകാരമാണു ചെയ്യേണ്ടതെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. സിനഡിന്റെ തീരുമാനത്തിന് മാർപാപ്പയുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ പാത്രിയാർക്കീസ് സ്ഥാനം ഒഴിഞ്ഞതായി പരിഗണിക്കപ്പെടും. തുടർന്ന് നിയമപ്രകാരം പുതിയ പാത്രിയാർക്കീസിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങാവുന്നതാണ്.
ഇങ്ങനെ നീക്കം ചെയ്യപ്പെടുന്ന പാത്രിയാർക്കീസിന് സ്ഥാനികനാമവും ആരാധനാക്രമ അനുഷ്ഠാന അവസരങ്ങളിലുള്ള പ്രത്യേക സ്ഥാനവും അദ്ദേഹത്തിന്റെ പദവിക്ക് അനുസൃതമായ താമസ സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും നൽകുന്നതു സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിനും സിനഡിന് അധികാരം നൽകുന്നതാണ് 126-ാം കാനോയിലെ അഞ്ചാമത്തെ ഖണ്ഡിക.
പാത്രിയാർക്കൽ സഭകളെ സംബന്ധിക്കുന്ന കാനോനകളിലാണ് ഭേദഗതിയെങ്കിലും ഈ നടപടിക്രമങ്ങൾ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭകൾക്കും ബാധകമാണ് (സിസിഇഒ കാനൻ 152).
►ഉപസംഹാരം
പാത്രിയാർക്കീസും സിനഡും തമ്മിലുള്ള കൂട്ടായ്മ ഗുരുതരമായി തകരുന്ന അസാധാരണ സാഹചര്യത്തിൽ പൗരസ്ത്യസഭയുടെ സ്വന്തം സിനഡൽ ഘടനയ്ക്കുള്ളിൽ ഒരു ക്രമബദ്ധമായ കാനോനിക പരിഹാരം നൽകുന്നതിനുള്ള ശ്രമമാണ് ഈ ഭേദഗതിയിൽ വ്യക്തമാകുന്നത്. മുറിവേറ്റ കൂട്ടായ്മ പുനഃസ്ഥാപിക്കുകയും പൗരസ്ത്യസഭയുടെ സിനഡൽ സ്വഭാവം സംരക്ഷിക്കുകയും മാർപാപ്പയുമായുള്ള കൂട്ടായ്മയിൽ സഭയുടെ ഐക്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ അന്തിമമായ ലക്ഷ്യം.
(ലേഖകൻ ഓറിയൻറൽ കാനൻലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റാണ്)