ദോഹ: മലയാള ഗസൽ സംഗീതത്തിന് അനശ്വര സംഭാവനകൾ നൽകിയ ഗായകൻ ഉമ്പായിയുടെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ദോഹയിൽ ഹൃദയസ്പർശിയായ സംഗീതസായാഹ്നം അരങ്ങേറി.
സംഗീതാസ്വാദകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടിയിൽ ഉമ്പായിയുടെ ശിഷ്യനും ഗായകനുമായ മുത്വലിബ് മട്ടന്നൂർ ഗുരുവിന് ഗാനാർച്ചന അർപ്പിച്ചു.
ഉമ്പായിയുടെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് മുത്വലിബ് ഗുരുസ്മരണ പുതുക്കി. ജീവിതകാലത്ത് ഉമ്പായി സ്വന്തം കൈകൊണ്ട് സമ്മാനിച്ച ഹാർമോണിയം തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ആ ഹാർമോണിയം എനിക്ക് ഒരു സംഗീതോപകരണം മാത്രമല്ല; ഗുരുവിന്റെ അനുഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ഓരോ തവണയും അതിൽ സംഗീതം പകരുമ്പോൾ ഉമ്പായി സാറിന്റെ സാന്നിധ്യം അനുഭവപ്പെടാറുണ്ട് എന്ന് മുത്വലിബ് പറഞ്ഞു.
തുടർന്ന് ഉമ്പായിയുടെ ജനപ്രിയ ഗസലുകൾ ആലപിച്ച അദ്ദേഹം സദസിനെ വികാരഭരിതമാക്കി. ക്യു മെലോഡിയ അഡ്മിൻ റഊഫ് മലയിയിൽ, അവതാരകൻ റാഫി പാറക്കാട്ടിൽ, ജാഫർ മുറിച്ചാണ്ടി, നിഷാദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ഹാർമോണിയത്തിൽ അസ്ലം പൊന്മുണ്ടം, തബലയിൽ മാർട്ടിൻ, ഗിറ്റാറിൽ മുഹമ്മദ് സഫ്വാൻ എന്നിവർ സംഗീതസഹകരണം നൽകി.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, മേഘമൽഹാർ അഡ്മിൻ മുംതാസ്, ജാസ്മിൻ റാഫി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഉമ്പായി മലയാള ഗസൽ സംഗീതത്തിന് നൽകിയ അമൂല്യ സംഭാവനകളെയും അദ്ദേഹത്തിന്റെ സംഗീതപാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും അവർ അനുസ്മരിച്ചു.