മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ് നല്കുന്ന ഹില്‍ടോപ്പ് ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മണ്ഡലത്തിലെ മൂന്ന് പ്രധാന കുന്നിന്‍പ്രദേശങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കുന്ന പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ മന്ത്രി പി.സി. വിഷ്ണുനാഥിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ അടിയന്തര നടപടി.
സന്ദര്‍ശനത്തിനു പിന്നാലെ പദ്ധതിയുടെ പ്രാഥമിക പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ആര്. അജീഷ് കുമാര്‍, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, കെ. സുനിത, എസ്. ശ്രീജ എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തില്‍ ഉണ്ടായിരുന്നത്. പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം ഉദ്യോഗസ്ഥ സംഘം മാത്യു കുഴല്നാടന് എംഎല്‍എയുമായി വിശദ ചര്‍ച്ച നടത്തി. എംഎല്‍എ നല്കിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നത്. സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മാത്യു കുഴല്നാടന് എംഎല്‍എ മുന്നോട്ടുവച്ച പ്രകൃതിസൗഹൃദ ഇക്കോ-ടൂറിസം ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വികസന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആവോലി, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചക്കിപ്പാറ, പായിപ്ര പഞ്ചായത്തിലെ പോയാലിമല, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപ്പാറ എന്നീ പ്രദേശങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
പദ്ധതിക്കായി തെരഞ്ഞെടുത്ത മൂന്ന് കേന്ദ്രങ്ങളും റവന്യു ഭൂമിയാണ്. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനൊപ്പം തന്നെ ടൂറിസം വികസനത്തിനായി ഈ ഭൂമി വിട്ടുകിട്ടുന്നതിന് സര്‍ക്കാരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുകളും നടത്തുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.