ബാങ്കോക്ക്: മ്യാൻമറിൽ സൈനിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പൊതുതെരഞ്ഞെടുപ്പിൽ സൈന്യം പിന്തുണ നൽകുന്ന പാർട്ടി മുന്നിൽ. മൂന്നു ഘട്ടമായി നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഫലം പുറത്തുവരുമ്പോൾ സൈന്യത്തിന്റെ പിന്തുണയുള്ള പാർട്ടി ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചതായാണു റിപ്പോർട്ട്.
പൈത്തു ഹ്ലുട്ടാവ് എന്നറിയപ്പെടുന്ന അധോസഭയിലെ 330 സീറ്റുകളിൽ 38 എണ്ണം യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടി (യുഎസ്ഡിപി) നേടിയതായി യൂണിയൻ ഇലക്ഷൻ കമ്മീഷൻ (യുഇസി) അറിയിച്ചു. ഷാൻ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിക്കും മോൺ യൂണിറ്റി പാർട്ടിക്കും ഓരോ സീറ്റ് വീതം ലഭിച്ചു.
ഡിസംബർ 28ന് നടന്ന ആദ്യ ഘട്ടതെരഞ്ഞെടുപ്പിൽ 52 ശതമാനം പോളിംഗ് നടന്നതായി സൈനിക സർക്കാർ അവകാശപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ മത്സരിച്ച 102 സീറ്റുകളിൽ 88 എണ്ണത്തിലും വിജയിച്ചതായി യുഎസ്ഡിപിയുടെ മുതിർന്ന നേതാവ് അവകാശപ്പെട്ടു. 29 മണ്ഡലങ്ങളിൽ പാർട്ടിക്ക് എതിരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പാർട്ടികളെ ഒഴിവാക്കിയും വിയോജിപ്പുള്ളവരെ അടിച്ചമർത്തിയും നടത്തിയ തെരഞ്ഞെടുപ്പ് സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരുന്നു.