ചാംഗ്ലാംഗ്: അരുണാചൽ പ്രദേശിലെ ചാംഗ്ലാംഗ് ജില്ലയിൽ ലഹരിമരുന്ന് കടത്തിനെതിരെ സുരക്ഷാ സേന നടത്തുന്ന വ്യാപക പരിശോധനയ്ക്കിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പിടിയിലായ ഇവരെ തുടർനടപടികൾക്കായി പൊലിസിന് കൈമാറി.
നൊക്വാംഗ് തൈഖെ (35), വെൻചക് തൈഖെ (21), ചക്സാങ് തൈഖെ (16), വെന്നാവ് തുച്ചി (12), ഡൻജിയോൺ കാചിക് (15) എന്നിവരാണ് പിടിയിലായത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാംഗ്ലാംഗ് പ്രദേശം അടുത്തകാലത്തായി അനധികൃത ലഹരിമരുന്ന് കടത്തിന്റെ പ്രധാന പാതയായി മാറിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് സുരക്ഷാ സേന പരിശോധന കർശനമാക്കിയത്. അടുത്തിടെ അസം റൈഫിൾസും അരുണാചൽ പൊലിസും ചേർന്ന് നാംപോംഗ് മേഖലയിൽ വെച്ച് രണ്ട് മ്യാൻമർ പൗരന്മാരെ പിടികൂടിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന 130 ഗ്രാം ബ്രൗൺ ഷുഗറാണ് അന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയാൻ മേഖലയിൽ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.