മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ബന്ദിപ്പുര വനപാതയിലെ രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
രണ്ടാഴ്ചയോളം നീളുന്ന ദസറ ആഘോഷങ്ങള്‍ കാണാനെത്തുന്ന വയനാട്ടുകാരും വിനോദസഞ്ചാരികളും രാത്രി ഒമ്പതിനുള്ളില്‍ വനപാത കടക്കേണ്ടിവരുന്നത് ആഘോഷങ്ങള്‍ക്ക് തടസമാകുന്നുവെന്നാണ് ആരോപണം. ഉത്സവകാലത്തെങ്കിലും കേരളം-കര്‍ണാടക സര്‍ക്കാരുകള്‍ ഇടപെട്ട് താത്കാലിക യാത്രാ ഇളവ് അനുവദിക്കണമെന്നാണ് ജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യം.
മൈസൂരു ദസറയ്ക്ക് തുടക്കമായതോടെ കൊട്ടാരനഗരിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ചാമുണ്ഡിമലയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പൂജകളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കൊട്ടാരവും നഗരവീഥികളും വൈദ്യുതദീപാലങ്കാരത്തില് തിളങ്ങുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ മൈസൂരുവിലെത്തുമെന്നാണ് പ്രതീക്ഷ. ദീപാലങ്കാരങ്ങള്‍, ഡ്രോണ്‍ പ്രദര്‍ശനം, വ്യോമസേനയുടെ എയര്‍ ഷോ, വിജയദശമി ദിനത്തിലെ ജംബൂ സവാരി എന്നിവയാണ് പ്രധാന ആകര്ഷണങ്ങള്.
എന്നാല്‍ ബന്ദിപ്പുര വനപാതയിലെ രാത്രി യാത്രാനിരോധനം കാരണം വൈകുന്നേരങ്ങളില്‍ മൈസൂരുവിലെത്തുന്നവര്ക്ക് രാത്രിയിലെ പരിപാടികള്‍ പൂര്‍ണമായി ആസ്വദിക്കാനാകാതെ നേരത്തേ മടങ്ങേണ്ടിവരുന്നു. സമയപരിധി പാലിക്കാന്‍ യാത്ര നേരത്തേ ആരംഭിക്കേണ്ടിവരുന്നതും കുടുംബാംഗങ്ങളുള്പ്പെടെയുള്ള സഞ്ചാരികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു.
ദസറക്കാലം മൈസൂരുവിലെ ആഘോഷങ്ങള്‍ കാണാനെത്തുന്നവരും വയനാട് വഴി യാത്ര ചെയ്യുന്നവരും ജില്ലയിലെ ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് വരുമാനം നല്‍കിയിരുന്ന കാലമാണ്. രാത്രിയാത്രാ നിരോധനത്തെത്തുടര്‍ന്ന് സഞ്ചാരികളുടെ വരവ് കുറയുന്നതും വയനാട് വഴിയുള്ള യാത്ര ഒഴിവാക്കുന്നതും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
ദസറയോടനുബന്ധിച്ച് കര്‍ണാടക ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വയനാട് മേഖലയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം പരിമിതമാണെന്ന പരാതിയുമുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ദസറ ആഘോഷങ്ങളുടെ ദിവസങ്ങളിലെങ്കിലും നിയന്ത്രിത സമയക്രമത്തിലോ പ്രത്യേക അനുമതിയിലൂടെയോ യാത്രാ ഇളവ് അനുവദിച്ചാല്‍ വയനാട്ടുകാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കടുക്കാനും ജില്ലയിലെ വ്യാപാരവിനോദസഞ്ചാര മേഖലകള്‍ക്ക് നേട്ടമുണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ