കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ഇന്നു പ്രാബല്യത്തിൽ വരുന്നതോടെ പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു ഉൾപ്പടെയുള്ള മേഖലകൾ ഇനി മൈസൂരു ഡിവിഷന്റെ കീഴിലാകും. ഇതോടെ സതേണ്‍ റെയിൽവേയുടെ ഭാഗമായിരന്ന മംഗളൂരു സൗത്ത് വെസ്റ്റേണ്‍ റെയിൽവേയുടെ ഭാഗമാകും.
മംഗളൂരു മേഖലയെ സതേൺ റെയിൽവേയിൽനിന്നു മാറ്റിയ സാഹചര്യത്തിൽ പാലക്കാട് ഡിവിഷനു കീഴിൽ മംഗളൂരുവിലുണ്ടായിരുന്ന ജീവനക്കാരെ ഇവിടെനിന്ന് സതേൺ റെയിൽവേയുടെ സ്ഥലങ്ങളിലേക്കു പുനർവിന്യസിച്ചിട്ടുണ്ട്.
ലോക്കോപൈലറ്റുകളുടെയും ഗാർഡുകളുടെയും ക്രൂ ഡിപ്പോ മംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു മാറ്റി. ഉള്ളാളിലെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡിപ്പോ കുന്പളയിലേക്കും മാറ്റി. ഡിവിഷൻ വിഭജനത്തെത്തുടർന്ന് മംഗളൂരു മേഖലയിലെ ട്രെയിൻ നിയന്ത്രണത്തിനുള്ള പുതിയ കണ്ട്രോൾ ബോർഡ് മൈസുരു ഡിവിഷനിൽ സജ്ജമാക്കിയിട്ടുണ്ട്. മംഗളൂരു കോച്ച് ഡിപ്പോയിലെ ട്രെയിൻ സർവീസുകളിലോ അറ്റകുറ്റപ്പണികളിലോ നിലവിൽ മാറ്റം ഉണ്ടാകില്ല.
ഡിവിഷൻ വിഭജനം യാത്രക്കാരെ ബാധിക്കില്ലെന്നാണു റെയിൽവേ പറയുന്നത്. അതേസമയം, പാലക്കാട് ഡിവിഷനു കീഴിലെ ട്രെയിനുകൾ മംഗളൂരുവിലേക്കു നീട്ടുന്നതിന് സാങ്കേതികമായ ഒരുപാട് പ്രശ്നങ്ങൾ തരണംചെയ്യേണ്ടി വരും. നേരത്തേ പാലക്കാട് ഡിവിഷനിൽനിന്നുതന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കാമായിരുന്നു.
മംഗളൂരു സെൻട്രൽ, ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാ ടിക്കറ്റുകളുടെ വരുമാനം പാലക്കാടിനു നഷ്ടപ്പെടും. ചരക്കു നീക്കവമായി ബന്ധപ്പെട്ട വരുമാനം കുറയുന്നത് പാലക്കാടിനെ ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്. ചരക്കുനീക്കത്തിലൂടെ വലിയ വരുമാനം നേടിക്കൊടുത്ത മംഗളൂരു തുറമുഖത്തിനടുത്ത പനന്പൂർ ഉൾപ്പടെയുള്ള സ്റ്റേഷനുകൾ മൈസൂരുവിലേക്കു മാറിയതാണു കാരണം.
പ്രതിവർഷം 1100 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഡിവിഷന്റെ സാന്പത്തികശേഷി കുറയുന്നതു മലബാറിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും മറ്റ് വികസന പദ്ധതികളെയും ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.