ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ രാഷ്ട്രതന്ത്രം (പൊളിറ്റിക്കല്‍ സയന്‍സ്), ഭരണഘടനാപരമായ വിഷയങ്ങള്‍ എന്നീ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള സമിതിയില്‍ ആര്‍എസ്എസ്, എബിവിപിക്കാരെ കുത്തിനിറച്ചതായുള്ള ആരോപണത്തില്‍ വിവാദം പുകയുന്നു.
സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള സംഘീകരണ ശ്രമമാണു പുതിയ 20 അംഗ സമിതിയെന്ന് കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി (എസ്പി) തുടങ്ങിയ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. എന്‍സിഇആര്‍ടി പോലെ ഏറ്റവും സുപ്രധാനമായ വിദ്യാഭ്യാസസംവിധാനത്തെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
പുനഃസംഘടിപ്പിച്ച സമിതിയിലെ കുറഞ്ഞത് നാലംഗങ്ങള്ക്കെങ്കിലും ആർഎസ്എസുമായും ബിജെപിയുടെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിയുമായും അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസും വിദ്യാര്‍ഥിവിഭാഗമായ എന്എസ്യുഐയും ചൂണ്ടിക്കാട്ടി. അക്കാഡമിക് നിഷ്പക്ഷത ഇല്ലാതാക്കുന്നത് ദൂരവ്യാപക പ്രശ്നങ്ങളുണ്ടാക്കും. സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെ സംഘപരിവാറിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി മാറ്റിയെഴുതാനാണു ശ്രമം. പാഠ്യഭാഗങ്ങള്‍ മാറ്റിയെഴുതാനും വിദ്യാഭ്യാസമേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള നാഗ്പുര്‍ സംഘമാണ് നീക്കത്തിനു പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിദ്യാഭ്യാസമേഖലയിലാകെ വരുത്തിയ മാറ്റങ്ങളിലൂടെ രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാനും ഭരണഘടനാമൂല്യങ്ങളില്‍ വെള്ളം ചേര്ക്കാനുമാണു ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വിമർശിച്ചു.