ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ എൻസിഇആർടി സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്തി. സമൂഹത്തെ മസസിലാക്കൽ: ഇന്ത്യയും അതിനപ്പുറവും എന്ന എൻസിഇആർടിയുടെ പുതിയ പാഠപുസ്തകത്തിലാണ് 1975-77 വരെ ഇന്ത്യയിൽ നിലനിന്നിരുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭാഗങ്ങളുള്ളത്. ഇന്ത്യൻ ജനാധിപത്യം നേരിട്ടതും അതിജീവിച്ചതുമായ ഏറ്റവും പ്രധാന വെല്ലുവിളികളിലൊന്നായാണ് അടിയന്തരാവസ്ഥയെ പാഠപുസ്തകത്തിൽ ചിത്രീകരിക്കുന്നത്.
1970കളുടെ തുടക്കത്തിൽ രാജ്യത്തു നിലനിന്നിരുന്ന രാഷ്ട്രീയ വിയോജിപ്പുകളും സാമ്പത്തിക പ്രയാസങ്ങളും തൊഴിലില്ലായ്മയും ഇന്ദിരാഗാന്ധി സർക്കാരിനോടുള്ള വർധിച്ചുവന്ന നിരാശബോധവും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളും പാഠഭാഗത്തു പരാമർശിക്കുന്നുണ്ട്.
1975 ജൂണിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും ഇക്കാലയളവിൽ ഭൂരിപക്ഷം മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടുവെന്നും, മാധ്യമങ്ങൾ സെൻസർ ചെയ്യപ്പെട്ടുവെന്നും നിരവധി രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും പാഠഭാഗത്തിൽ പരാമർശമുണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരെ സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയപ്രകാശ് നാരായൺ നടത്തിയ സമരങ്ങളെയും പാഠഭാഗത്തിൽ അടിവരയിടുന്നു.
എൻസിഇആർടി ശരിയായ കാര്യമാണ് ചെയ്തതെന്നും അടിയന്തരാവസ്ഥയിലെ ഇരുണ്ട പ്രവർത്തനങ്ങൾ ഭാവി തലമുറകൾ അറിയേണ്ടതുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ബിജെപി ഇന്ത്യയുടെ ചരിത്രത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ബിജെപിക്ക് ഇത്തരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ മാത്രമേ താത്പര്യമുള്ളൂവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
‘കൃഷ്ണ’ നദിയുടെ പേര്
ന്യൂഡൽഹി: ആറാം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിന്റെ തലക്കെട്ട് കൃഷ്ണ എന്നു നൽകിയതിൽ വിശദീകരണവുമായി എൻസിഇആർടി. ആർ3 ഭാഷാ പാഠപുസ്തകങ്ങൾക്ക് ഇന്ത്യയിലെ നദികളുടെ പേരാണ് നൽകിയിരിക്കുന്നതെന്നും കർണാടകയിലെ കൃഷ്ണ നദിയുടെ പേരാണ് പാഠപുസ്തകത്തിനെന്നുമാണ് വിശദീകരണം.
കുട്ടികളുടെ പാഠപുസ്തകത്തിനു രാഷ്ട്രീയവും മതപരവുമായ ആഖ്യാനം നൽകാൻ ശ്രമിക്കുന്നുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഹിന്ദി പാഠപുസ്തകത്തിനു ഗംഗയെന്നും ഇംഗ്ലീഷിനു കാവേരിയെന്നും ഉർദു പാഠപുസ്തകത്തിനു യമുനയെന്നുമാണ് പേര് നൽകിയിരിക്കുന്നതെന്നും എൻസിഇആർടി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മുൻ വർഷത്തെ പാഠപുസ്തകങ്ങളിൽ സസ്യാഹാരങ്ങളും മാംസാഹാരങ്ങളും സമീകൃതാഹാരങ്ങളായി അവതരിപ്പിച്ചിരുന്നെങ്കിലും പുതിയ പാഠപുസ്തകത്തിൽ സമീകൃതാഹാരങ്ങളായി സസ്യാഹാരങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സമീകൃതാഹാരങ്ങളിൽ മാംസാഹാരങ്ങളെ പരാമർശിച്ചിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ചിത്രീകരണത്തിൽ സസ്യാഹാരങ്ങളും മാംസാഹാരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻസിഇആർടിയുടെ ന്യായീകരണം.