മണ്ഡല പുനർനിർണയ ബില്ല് പാസാക്കുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ ഏപ്രിലിൽ ഇതേ ബില്ല് അവതരിപ്പിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്. എന്നാൽ, ബിജെപിയും എൻഡിഎയും ഇത്തവണ കരുതിക്കൂട്ടി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ 298 ൽ ഒതുങ്ങിയ സർക്കാർ ഇപ്പോൾ തന്നെ 320 ൽ എത്തിക്കഴിഞ്ഞു. ഇനി, പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കി ഏത് വിധേനയും ബില്ല് പാസാക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് പ്രധാനമന്ത്രിയും കൂട്ടരും.
ഏപ്രിലിൽ ഏറ്റ തിരിച്ചടി മറിക്കടക്കുക എന്നത് തന്നെയാണ് പ്രാഥമിക ലക്ഷ്യം. പ്രതിപക്ഷത്തോട് പ്രത്യേകിച്ച് കോൺഗ്രിസിനോട് കണക്ക് ചോദിക്കുക എന്നത് തന്നെയാണ് മുഖ്യലക്ഷ്യം. ഇങ്ങനെ സർക്കാർ ബില്ല് പാസാക്കൽ എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുമ്പോൾ മറുഭാഗത്ത് സംഭവിക്കുന്നത് വൻ തിരിച്ചടികളാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷ്ണർക്കെതിരായ പോരാട്ടങ്ങൾക്ക് മുൻ നിരയിലുണ്ടായിരുന്ന എൻസിപി (എസ്പി) ചുവട് മാറ്റുന്നതാണ് കാണുന്നത്. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പാർട്ടി വക്താവ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.
പ്രതിപക്ഷത്തെ സംബന്ധിച്ച് ഇതു വൻ തിരിച്ചടിയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കൂടെ നിൽക്കുന്ന ശരദ് പവാർ പക്ഷം മാറുന്നത് കോൺഗ്രസിനുചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. 2024 തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻസിപി (എസ്പി), ശിവസേന (യുബിടി) എന്നിവർ ചേർന്ന് നേടിയത്. ഇതിൽ ശിവസേനയിൽ കുറച്ച് നാൾ മുമ്പ് കൂറുമാറ്റം കണ്ടതാണ്. ഷിൻഡെ പക്ഷത്തോട് ചെർന്നു യുബിടിക്കാർ ചുവട്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, എൻസിപി(എസ്പി) അപ്പോഴും ഉറച്ച് നിൽക്കുയായിരുന്നു. പരസ്യമായിട്ട് അങ്ങനെ ഒരു പ്രതീതി ഉണ്ടാക്കുകയായിരുന്നു എന്നു വേണം ഇപ്പോൾ പറയാൻ. കാരണം എൻഡിഎ നേതാക്കളുമായി പിന്നാമ്പുറ ചർച്ചകളിലായിരുന്നു ശരദ് പവാറും കൂട്ടരും എന്ന് വേണം ഇപ്പോൾ മനസിലാക്കാൻ. അല്ലാതെ പെട്ടെന്ന് ബില്ലിനെ പിന്തുണയ്ക്കാൻ അവർക്ക് പ്രാന്തോനും ഇല്ലലോ. ക്യത്യമായ കണക്കുക്കൂട്ടലുകൾ ഉണ്ട്. അത് പക്ഷെ, ചില മാധ്യമങ്ങൾ പറയുന്നതു പോലെ സുപ്രിയ സുലേയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കുക എന്നതൊന്നും ആയിരിക്കില്ല. ചിലപ്പോൾ കേന്ദ്ര മന്ത്രിസഭയിൽ കണ്ടേക്കാം സുപ്രിയയെ. അതിൽ കൂടുതൽ ഒന്നും ഉണ്ടാകില്ല, എന്തായാലും ദേവേന്ദ്ര ഫഡ്നാവിസിനെ ഒന്നും മാറ്റാൻ പോകുന്നില്ല.
ഇതൊക്കെ ഒരു ഭാഗത്തു നടക്കുമ്പോൾ ഇപ്പോൾ വിമർശനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. ശരദ് പവാർ തങ്ങളെ വഞ്ചിക്കുകയാണ് എന്നാണ് മഹാരാഷ്ട്രയിലെ കോൺഗ്രസുകാർ പറയുന്നത്. 85 വയസായിട്ടും രാജ്യസഭയിലേക്കു ശരദ് പവാറിനെ വിട്ടതു തങ്ങളാണെന്നാന്ന് കോൺഗ്രസ് അവകാശപ്പെടുന്നത്. ഉദ്ദവും ചേർന്നാണെന്നും പറയുന്നു. ഇവരെയൊക്കെ ഇപ്പോൾ ശരദ് പവാർ വഞ്ചിച്ചു എന്നാണ് കോൺഗ്രസുകാർ ആവർത്തിച്ചു പറയുന്നത്.
അതേസമയം, ഏത് കോൺഗ്രസ്? ഒന്നിച്ച് നിന്നു തെരഞ്ഞെടുപ്പിനെ നേരിട്ട ശേഷം ഫലം വന്നപ്പോൾ ഒന്നും നോക്കാതെ ഡിഎംകെയെ വിട്ട് വിജയ്ക്കൊപ്പം ചേർന്ന അതേ പാർട്ടി തന്നെയല്ലേയെന്ന് എതിരാളികൾ ചോദിക്കുന്നു. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി കൂടെ നിന്ന ഡിഎംകെയെ ചതിച്ച് മറുകണ്ടം ചാടിയ പാർട്ടിയാണ് ഇപ്പോൾ രാഷ്ട്രീയ വഞ്ചനയുടെ കാര്യം പറയുന്നതെന്നു പറഞ്ഞ് ഡിഎംകെയുടെ മനംമാറ്റത്തെ ന്യായീകരിക്കുകയാണവർ. അന്ന് പറഞ്ഞത് ബിജെപിയെ മാറ്റിനിർത്താനാണ്, ഡിഎംകെ തങ്ങൾക്ക് മന്ത്രിസ്ഥാനം തന്നില്ലല്ലോ..എന്നൊക്കെയാണ്. രാഷ്ട്രീയം അവസരങ്ങളുടെ ഒരു കലയാണെന്നും പറഞ്ഞിരുന്നു. ഡിഎംകെ അതൊന്നും മറന്നിട്ടില്ല. കഴിഞ്ഞ ദിവസത്തെ സ്റ്റാലിന്റെ പ്രസ്താവനയിലും അത് ഉണ്ടായിരുന്നു. പിന്നിൽ നിന്ന് കുത്തിയവരെ തങ്ങൾ മറന്നിട്ടില്ല എന്ന്.
ഏതായാലും ഡിഎംകെയും മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കും എന്നാണ് ഒടുവിൽ വന്ന വാർത്തകൾ. ചില ഉപാധികൾ കേന്ദ്രം അംഗീകരിക്കണം എന്നാലെ പിന്തുണയ്ക്കു എന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. അതു തന്നെ വലിയ മാറ്റം ആണ്, മുന്പ് ഇതേ ബില്ലിന്റെ പകർപ്പ് കത്തിച്ച ആളാണ് സ്റ്റാലിൻ. ആ സ്റ്റാലിൻ പോലും നിലപാട് മാറ്റിയത്. ഒരു പാർട്ടി കാരണം ആണ്, കോൺഗ്രസ് കാരണം മാത്രം. ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന ഇടത് പാർട്ടികളും വിസികെയും മുസ്ലിം ലീഗും ഒക്കെ സ്റ്റാലിനെ നിലപാട് അറിയിച്ചതിനു ശേഷമാണ് വിജയ്ക്കൊപ്പം പോയത്. എന്നാൽ കോൺഗ്രസ് മാത്രം ഡിഎംകെയെ അറിയിച്ചില്ലത്രേ. ആ മാന്യത പോലും കാണിച്ചില്ലെന്നതാണ് ഡിഎംകെയുടെ പരിഭവം. അതിന്റെ പ്രതികാരം കൂടി ഇപ്പോഴത്തെ തീരുമാനത്തിന്റെ പിന്നിലുണ്ടെന്നു കരുതിയാൽ തെറ്റു പറയാനില്ല.
എന്താക്കെയായാലും രാഷ്ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളോ സ്ഥിരമായ ശത്രുക്കളോ ഇല്ല എന്നതാണ് വാസ്തവം. ഡിഎംകെ പോലും മുമ്പ് എൻഡിഎയിൽ ഉണ്ടായിരുന്നവെന്നതു മറക്കരുത്. അധികാരത്തിന് വേണ്ടി പാർട്ടികൾ എന്തും ചെയ്യും. ആരുടെ കൂടെ വേണമെങ്കിലും ചേരും. അധികാരമാണല്ലൊ എല്ലാം. അത് ഏറ്റവും കൂടുതൽ അറിയാവുന്ന പാർട്ടിയാണ് കോൺഗ്രസ്. അവർ ഇങ്ങനെ പറയുമ്പോളാണ് അതിശയം ആകുന്നതെന്നു നിരീക്ഷകരും പറയുന്നു. നിലവിൽ ഏതായാലും ഡിഎംകെ തീരുമാനം പ്രതിപക്ഷ ക്യാമ്പിന് തിരിച്ചടിയാണ്. ഇനിയും പാർട്ടികൾ പ്രതിപക്ഷത്തു നിന്ന് ചുവട്മാറാൻ തയാറെടുത്തു നിൽക്കുന്നു. അതെല്ലാം തിങ്കളാഴ്ചയ്ക്ക് ശേഷം വ്യക്തമാകും. ഇനിയും കോൺഗ്രസ് കരുതലോടെ നീങ്ങേണ്ട കാലമാണ് മുന്നിലെന്നു വ്യക്തം.