കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 8,422 മയക്കുമരുന്നു കേസുകള്‍. 1,492 മയക്കുമരുന്ന് കേസുകള്‍ പരിഗണനയിലുള്ള എറണാകുളത്തെ കോടതികളാണ് ഇക്കാര്യത്തില്‍ മുന്നിലെന്നും ഹൈക്കോടതി രജിസ്ട്രി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മയക്കുമരുന്ന് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കോടതി നിര്‍ദേശിച്ച എന്‍ഡിപിഎസ് കോടതികള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു. സുപ്രീകോടതി നിര്‍ദേശത്തെത്തുടര്‍ന്നു സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
തിരുവനന്തപുരത്ത് 1,245 കേസുകളും പാലക്കാട് 1,055 കേസുകളുമാണ് പരിഗണനയിലുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം (364), പത്തനംതിട്ട (101), ആലപ്പുഴ (523), കോട്ടയം (240), തൊടുപുഴ (255), തൃശൂര്‍ (689), മഞ്ചേരി (952), കോഴിക്കോട് (505), വയനാട് (263), കണ്ണൂര്‍ (353), കാസര്‍ഗോഡ് (385) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകളുടെ കണക്ക്.
തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക കോടതികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതി നല്‍കിയെങ്കിലും മഞ്ചേരി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ തുടങ്ങുന്ന കാര്യത്തിലെ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചത്.
കേന്ദ്രസര്‍ക്കാര്‍ സഹായം വൈകുന്നതാണ് പുതിയ കോടതികള്‍ തുടങ്ങാന്‍ തടസമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, കേന്ദ്രസഹായത്തിനായി കാത്തിരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്കി.