ഇൻഡോർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധം ആരംഭിച്ചപ്പോൾ തന്നെ ധർമേന്ദ്ര പ്രധാൻ രാജിസന്നദ്ധത അറിയിച്ചിരുന്നതായി മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ് വർഗിയ. ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ധർമേന്ദ്ര പ്രധാനെ തനിക്കറിയാമെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും അർപ്പണബോധവും എടുത്തുപറയേണ്ടതാണെന്നും വിജയ് വർഗിയ പറഞ്ഞു. സമരത്തിന്റെ ആദ്യ നാളുകളിൽത്തന്നെ പാർട്ടി അധ്യക്ഷനെ കണ്ട് രാജിസന്നദ്ധത അറിയിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ നല്ലയൊരു പാർട്ടി പ്രവർത്തകന്റെ മുഖമുദ്രയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കും, സിജെപി യുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ ഒരു മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്കും പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. പ്രതിഷേധങ്ങളെ ദേശവിരുദ്ധ ശക്തികൾ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.