ന്യൂഡൽഹി: രാജ്യത്തുടനീളം 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂർത്തിയായി. മുൻപ് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെയും വിവാദങ്ങളെയും തുടർന്ന് കടുത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ എൻടിഎ പരീക്ഷ നടത്തിയത്.
പരീക്ഷാ നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒഖ്ലയിലുള്ള എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
പരീക്ഷാ നടത്തിപ്പിനായി ഏർപ്പെടുത്തിയ സാങ്കേതിക, സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ലോജിസ്റ്റിക്സ് സജ്ജീകരണങ്ങളെക്കുറിച്ചും എൻടിഎ ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദമായ വിവരങ്ങൾ നൽകി. എഐ നിരീക്ഷണം ഉൾപ്പെടെയുള്ള വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ പരീക്ഷയ്ക്കായി ഒരുക്കിയിരുന്നത്.