പാലക്കാട്: പിഎം ശ്രീ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. കത്ത് ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി അടിയന്തരമായി കൂടിയാലോചനകള്‍ നടത്തുമെന്നും വ്യക്തമാക്കി.
സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും ചര്‍ച്ചകള്‍ നടത്തി മുഖ്യമന്ത്രി നിലപാട് അറിയിക്കും. മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎം ശ്രീയുടെ ഭാവി. തനിക്ക് ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി പൂര്‍ണമായി തള്ളണോ അതോ ഉപാധികളോടെ അനുവദിക്കണോ എന്നതൊക്കെ ആലോചിച്ചു തീരുമാനിക്കും. പിഎം ശ്രീയില്‍ വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫില്‍ പദ്ധതിയോട് എതിര്‍പ്പ് തന്നെയാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
രഹസ്യമായി കരാറില്‍ ഒപ്പിട്ട് ഞങ്ങള്‍ തയാറാണ് എന്ന് പറഞ്ഞത് കഴിഞ്ഞ സര്‍ക്കാരാണ്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട 2000 കോടിയോളം രൂപ കിട്ടാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
എസ്എസ്‌കെ ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്‍റെ നട്ടെല്ലാണ്. അത് തടഞ്ഞുവച്ചിരിക്കുകയാണ്. പിഎം ശ്രീയുടെ പേരില്‍ കേരളത്തിന്‍റെ ഫണ്ട് തടഞ്ഞുവയ്ക്കരുത് എന്ന് കേന്ദ്രമന്ത്രിയോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണ് ഇത്. പദ്ധതിയുമായി മുന്നോട്ട് തന്നെ പോകണമെന്നാണ് കത്തിലെ ആവശ്യം. മുന്‍ സര്‍ക്കാര്‍ പിഎം ശ്രീ ധാരണാ പത്രത്തില്‍ ഒപ്പിട്ടതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പദ്ധതി സംബന്ധിച്ച് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാർഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പെടുന്നു.