ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷകളിൽ തുടർച്ചയായി ക്രമക്കേടുകളുണ്ടാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാർലമെന്ററി സമിതി.
എൻടിഎ നടത്തുന്ന പരീക്ഷകളുടെ നിലവിലുള്ള രൂപരേഖയിലും പരീക്ഷാനടത്തിപ്പുകളിലും വീഴ്ചകളുണ്ടെന്നും കോണ്ഗ്രസ് എംപി ദിഗ്വിജയ് സിംഗ് അധ്യക്ഷനായ വിദ്യാഭ്യാസത്തിന്റെ പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
ക്രമക്കേടുകൾ ഒഴിവാക്കാൻ ഒരു ഉന്നതസമിതി ശിപാർശ ചെയ്യുന്ന പരിഷ്കാരങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ വിദ്യാഭ്യാസമന്ത്രാലയത്തോട് പാർലമെന്ററി സമിതി നിർദേശിച്ചു.
2004ലെ വിവാദമായ പരീക്ഷാ ക്രമക്കേടുകൾക്കുശേഷം ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല സമിതിയിൽനിന്നു പല നിർദേശങ്ങളും ഉൾക്കൊണ്ട് തിരുത്തൽ നടപടിയിലേക്കു കടന്നെങ്കിലും നടപ്പിലാക്കുന്നത് വൈകുന്നതിൽ പാർലമെന്ററി സമിതി ആശങ്ക രേഖപ്പെടുത്തി.