നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’ ആദ്യ ഭാഗം രാജ്യത്തുടനീളം തരംഗമായിരിക്കുകയാണ്. നമിത് മൽഹോത്രയും നടൻ യഷും ചേർന്ന് നിർമ്മിച്ച ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. 4200 കോടി രൂപയാണ് രണ്ടു ഭാഗങ്ങൾക്കുമായി നിർമ്മാണച്ചെലവ്. സാങ്കേതികത്തികവിൽ ഇന്ത്യൻ സിനിമയെ ഹോളിവുഡ് സിനിമയ്ക്കൊപ്പം ഉയർത്തിയ ചിത്രമെന്നതാണ് രാമായണയുടെ പ്രധാന നേട്ടം. ലോകശ്രദ്ധ നേടിയ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറയിൽ അണിനിരന്നത്. പ്രദർശനത്തിനെത്തി അഞ്ചാം ദിവസം 346 കോടി രൂപയാണ് ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. 663 കോടിയാണ് ആകെ കളക്ഷൻ.
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് എല്ലാ ഭാഷകളിലും പ്രത്യേകിച്ചും ആദ്യകാലത്തു ഇഷ്ടവിഷയം ആയിരുന്നു രാമായണം. വിവിധ ആഖ്യാനങ്ങളുള്ള രാമായണത്തിലെ ഓരോ ഭാഗം പ്രത്യേകമെടുത്ത് ഓരോ ചിത്രങ്ങളൊരുക്കിയിരുന്നു. തെലുങ്കിലായിരുന്നു കൂടുതൽ ചിത്രങ്ങൾ. അതിനുകാരണം എൻ.ടി. രാമറാവു എന്ന ഇതിഹാസ നടനും. ശ്രീരാമ, ശ്രീകൃഷ്ണ വേഷങ്ങളിൽ ഏറ്റവും അനുയോജ്യനായിരുന്നു രാമറാവു. തെലുങ്കരുടെ മാത്രമല്ല ഇന്ത്യൻ സിനിമയിൽത്തന്നെ ഈ കഥാപാത്രങ്ങളുടെ മനുഷ്യരൂപം രാമറാവു ആയിരുന്നു.
തിരശീലയിൽ ദൈവങ്ങളെ അവതരിപ്പിച്ചു ഈ മനുഷ്യൻ ആന്ധ്രയുടെ മുഖ്യമന്ത്രിവരെയായി. കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളും ഭ്രമിപ്പിക്കുന്ന കൂറ്റൻ സെറ്റുകളും ഇത്തരം ചിത്രങ്ങളുടെ സവിശേഷതയാണല്ലോ. കാലം കഴിയുംതോറും നിർമ്മാണത്തിന് കൂടുതൽ പണം മുടക്കുകയും കളർ ചിത്രങ്ങളും ടെക്നോളജിയും കംപ്യൂട്ടറും സിജിയുമൊക്കെ രംഗത്തെത്തുകയും ചെയ്പ്പോൾ രാമായണം പോലുള്ള ചിത്രങ്ങൾ കൂടുതൽ ആകർഷകമായി.
നമ്മുടെ കൊച്ചു മലയാളത്തിലും രാമായണം അടിസ്ഥാനപ്പെടുത്തി ധാരാളം ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇതേസമയം പണ്ടിറങ്ങിയ മറ്റൊരു രാമായണ ചിത്രം ഓർത്തുപോവുകയാണ്. ‘ശ്രീരാമപട്ടാഭിഷേകം ‘എന്ന പേരിൽ പ്രദർശനത്തിനെത്തിയ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം. 1960ൽ പ്രദർശനത്തിനെത്തിയ സീതയാണ് രാമായണത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ ആദ്യമിറങ്ങിയ ചിത്രം. രണ്ടുവർഷം കഴിഞ്ഞാണ് ശ്രീരാമപട്ടാഭിഷേകം പ്രദർശനത്തിനെത്തുന്നത്. നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ചു, ജി.കെ. രാമുവാണ് ശ്രീരാമപട്ടാഭിഷേകം സംവിധാനം ചെയ്തത്. നടൻ വേണു നാഗവള്ളിയുടെ പിതാവ് നാഗവള്ളി ആർ.എസ്. കുറുപ്പാണ് തിരക്കഥ, സംഭാഷണം രചിച്ചത്. ജി.കെ. രാമു, എം. കണ്ണപ്പൻ എന്നിവർ ഛായാഗ്രഹണവും എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനവും നിർവഹിച്ചു. ബ്രദർ ലക്ഷ്മണൻ സംഗീതമൊരുക്കിയ ചിത്രത്തിൽ കമുകറ പുരുഷോത്തമൻ, പി. സുശീല, യേശുദാസ്, ചിക്കി കൃഷ്ണവേണി തുടങ്ങിയവർ ഗാനമാലപിച്ചു.
മലയാളത്തിന്റെ, പ്രത്യേകിച്ച് അക്കാലത്തെ വളരെ തുച്ഛമായ തുകയിൽ നിർമിച്ചിട്ടും സൃഷ്ടിയുടെ മേന്മയിൽ ഇപ്പോഴും മികച്ചയൊന്നാണ് ശ്രീരാമപട്ടാഭിഷേകം. അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതികത്തികവ് ചിത്രത്തിന് അവകാശപ്പെടാം. രാക്ഷസന്മാരുടെ അഭ്യാസങ്ങളും ഹനുമാന്റെ സമുദ്രലംഘനവും യുദ്ധവും എല്ലാം ഇന്നും കാണാൻ കൗതുകമാണ്. രാവണന്റെ പത്തുതലകൾ സംസാരിക്കുന്നതൊക്കെ കണ്ട് ഇന്നും പ്രേക്ഷകർ അദ്ഭുതപ്പെടുന്നുണ്ടെങ്കിൽ അന്ന് പ്രേക്ഷകർ ഞെട്ടിയിരിക്കും. ചിത്രത്തിന്റെ വലിയൊരു സവിശേഷത അഭിനേതാക്കളായിരുന്നു. തിക്കുറിശി സുകുമാരൻ നായരുടെ ദശരഥൻ, മിസ് കുമാരിയുടെ കൈകേയി, കൊട്ടാരക്കര ശ്രീധരൻ നായരുടെ രാവണൻ, അടൂർ പങ്കജം മന്ഥര, ജി.കെ. പിള്ളയുടെ വിശ്വാമിത്രൻ എന്നിങ്ങനെയായിരുന്നു കാസ്റ്റിംഗ്.
പെർഫെക്ട് കാസ്റ്റിംഗിനു ഉദാഹരണം. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കൾ. മണ്ഡോദരിയായി അഭിയിച്ച നടി പുതുമുഖമായിരുന്നു. പിന്നീട് മലയാള സിനിമയുടെ അമ്മ മുഖം കവിയൂർ പൊന്നമ്മ. ലോകത്തൊരിടത്തും പിന്നീടിതുവരെ സംഭവിക്കാത്ത അദ്ഭുതം മറ്റൊന്നായിരുന്നു. ശ്രീരാമ - ലക്ഷമണന്മാരുടെ കഥാപാത്രങ്ങളും നടന്മാരും. അന്നത്തെ സൂപർസ്റ്റാർ പ്രേം നസീറും യഥാർഥ സഹോദരൻ പ്രേം നവാസുമായിരുന്നു രാമ, ലക്ഷ്മണന്മാർ. സങ്കൽപസന്ദര്യമുള്ള നടന്മാർ, ഇരട്ടകളെപ്പോലെ തോന്നിക്കുന്നവർ. അതേസമയം ജനപ്രിയനടന്മാരും. ഇങ്ങനെയെല്ലാം ഒത്തിണങ്ങി മറ്റൊരു ശ്രീരാമ, ലക്ഷ്മണന്മാർ ഇന്നിതുവരെ ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെയൊന്ന് എളുപ്പവുമല്ല.