സൂററ്റിലെ നാന വരാച്ചയിലുള്ള രാജാറാം നഗർ സൊസൈറ്റിയിലെ പൂട്ടിയിട്ട ബംഗ്ലാവിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് ജനൽ ഗ്രില്ലിൽ കുടുങ്ങിയതിനെ തുടർന്ന് ക്രൂരമായ മർദ്ദനത്തിനിരയായി.
ആൾത്താമസമില്ലാത്ത ബംഗ്ലാവിൽ കടക്കാൻ ശ്രമിക്കവെ ഇരുമ്പ് കമ്പികൾക്കിടയിൽ അകപ്പെട്ട ഇയാളെ രക്ഷപ്പെടുത്തുന്നതിന് പകരം, പ്രദേശവാസികളിൽ ചിലർ ചേർന്ന് വടികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ദീർഘനേരം ഗ്രില്ലിൽ കുടുങ്ങിക്കിടന്ന് രക്ഷപ്പെടാൻ പൊരുതിയ ഇയാളെ കള്ളനാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം കൈകാര്യം ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും കപോദ്ര പൊലിസ് അന്വേഷണത്തിന് ഉത്തരവിടുന്നതും.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണ് ദീർഘകാലമായി അടഞ്ഞുകിടക്കുന്ന ഈ ബംഗ്ലാവ്. വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പൊലിസ് ഉടമയായ കിഷോർഭായിയെ ബന്ധപ്പെട്ടെങ്കിലും, വീടിന്റെ പൂട്ടുകളോ വാതിലുകളോ തകർത്തിട്ടില്ലെന്നും വസ്തുവകകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതിനാൽ പൊലിസിൽ ഔദ്യോഗികമായി പരാതി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. അതിക്രമിച്ചു കയറിയ വ്യക്തിയെക്കുറിച്ചോ ഇയാൾ മോഷണ ലക്ഷ്യത്തോടെയാണോ എത്തിയതെന്നതിനെക്കുറിച്ചോ നിലവിൽ വ്യക്തതയില്ലെന്നും, പ്രചരിക്കുന്ന വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.