കോഴിക്കോട്: പഞ്ചസാരയും സിങ്ക് അസിറ്റേറ്റും ഉപയോഗിച്ച് ഒറ്റഘട്ടത്തിൽ വെറും ഏഴ് മിനിറ്റിനുള്ളിൽ റെഡ്യൂസ്ഡ് ഗ്രാഫീൻ ഓക്സൈഡ്–സിങ്ക് ഓക്സൈഡ് നാനോ കോംപോസിറ്റ് നിർമിക്കുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതികവിദ്യ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഫിസിക്സ് വിഭാഗം വികസിപ്പിച്ചു. ഗവേഷക രേഷ്മ എസ്. ഫിലിപ്പും ഗവേഷണ ഗൈഡ് പ്രഫ. മെറിൽ മാത്യുവും ചേർന്നാണ് ഗവേഷണം നടത്തിയത്.
പരമ്പരാഗത രീതികളിൽ ഇത്തരം നാനോ കോംപോസിറ്റുകൾ നിർമിക്കാൻ മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ ആവശ്യമായി വരുന്നതിനൊപ്പം വിഷകരമായ രാസവസ്തുക്കളും സങ്കീർണമായ നിരവധി ഘട്ടങ്ങളും ആവശ്യമാണ്.
ഇതിൽനിന്ന് വ്യത്യസ്തമായി, പുതിയ ഒറ്റഘട്ട താപവിഘടന രീതിയിൽ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യവുമായ പഞ്ചസാരയും സിങ്ക് അസിറ്റേറ്റും ഉപയോഗിച്ച് വെറും ഏഴ് മിനിറ്റിൽ കോംപോസിറ്റ് നിർമിക്കാനാകുന്നു. ഈ രീതി വേഗമേറിയതും ചെലവു കുറഞ്ഞതും വൻതോതിലുള്ള ഉത്പാദനത്തിന് അനുയോജ്യവുമാണ്.
ഭാരലോഹങ്ങളാൽ മലിനമായ ജലത്തിലെ വിഷലോഹങ്ങളുടെ ശുദ്ധീകരണമാണ് കോംപോസിറ്റിന്റെ പ്രധാന ഉപയോഗങ്ങളിലൊന്ന്. ക്രോമിയം മലിനീകരണത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ സഹായകമാണ്. ലെഡ് പോലുള്ള വിഷലോഹങ്ങളും കാര്യക്ഷമമായി നീക്കം ചെയ്യാൻ കോംപോസിറ്റിന് സാധിക്കും.
ജലത്തിലെ ജൈവ മലിനീകരണങ്ങളായ മിഥിലീൻ ബ്ലൂ, റോഡാമിൻ ബി, ആന്റിബയോട്ടിക്കായ ഓഫ്ലോക്സാസിൻ തുടങ്ങിയവയെ പ്രകാശപ്രേരിത രാസവിഘടനത്തിലൂടെ നീക്കം ചെയ്യാനും കോംപോസിറ്റിന് കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബാക്ടീരിയകൾക്കെതിരേയും ഊർജസംഭരണത്തിനും
ശക്തമായ ബാക്ടീരിയവിരുദ്ധ പ്രവർത്തനം ഉപയോഗപ്പെടുത്തിയാൽ കോംപോസിറ്റ് ജലശുദ്ധീകരണത്തിനും അണുനശീകരണത്തിനും ജൈവചികിത്സാ രംഗത്തും സാധ്യതയുണ്ട്.
ഈ കോംപോസിറ്റിന് മികച്ച വൈദ്യുതസംഭരണി (supercapacitor) സ്വഭാവസവിശേഷതകൾ ഉണ്ടെന്നതിനാൽ ഊർജസംഭരണ ഉപകരണങ്ങളുടെ നിർമാണത്തിലും പ്രയോഗസാധ്യതയുണ്ട്. ഗവേഷണത്തിന്റെ വിവിധ ഫലങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഗവേഷണത്തിന്റെ ശാസ്ത്രീയ പ്രാധാന്യത്തിനും അന്താരാഷ്ട്ര അംഗീകാരത്തിനും തെളിവാണ്.