പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി അധികാരത്തിൽ എത്തിയ നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസപ്രമേയം പാസായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
ആകെ 14 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ടുപേരുമാണ് ഉള്ളത്. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ രണ്ട് സിപിഎം അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്യുകയായിരുന്നു.
നേരത്തെ തുല്യബലം വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നേടിയത്. കോൺഗ്രസിനായിരുന്നു വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചിരുന്നത്. അവിശ്വാസപ്രമേയം പാസായ സാഹചര്യത്തിൽ ഒരു മാസത്തിനകം പഞ്ചായത്തിലെ പുതിയ ഭരണസമിതിയെയും അധ്യക്ഷനെയും തെരഞ്ഞെടുക്കും.