ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. കേരളത്തിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന മയക്കുമരുന്ന് വേട്ടയുടെ പാൻ-ഇന്ത്യൻ പതിപ്പാണ് കേന്ദ്രം ഇപ്പോൾ നടപ്പാക്കുന്നത്.
ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ 'നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)' നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് ഈ വമ്പൻ കർമപദ്ധതി.
പദ്ധതിയുടെ തുടക്കമെന്നോണം നാളെ രാജ്യവ്യാപകമായി വിവിധ ഏജൻസികൾ പിടിച്ചെടുത്ത ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ ഒറ്റയടിക്ക് നശിപ്പിച്ചു കളയും. ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു പുതിയ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കും.സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക വിഭാഗം രൂപീകരിക്കും.
ലഹരിമരുന്ന് കേസുകളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം കൂടുതൽ എൻഡിപിഎസ് പ്രത്യേക കോടതികൾ സ്ഥാപിക്കും. കേരളത്തിൽ തുടക്കമിട്ട ശക്തമായ ലഹരിവിരുദ്ധ മാതൃക ഇനി ഇന്ത്യയൊട്ടാകെ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും നാളത്തെ പ്രഖ്യാപനം.