ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോർ ജില്ലയിൽ നടന്ന മതപരമായ ചടങ്ങിനിടെ നർമദ നദിയിലേക്ക് 11,000 ലിറ്റർ പാലും 210 സാരികളും ഒഴുക്കിയത് ജലാശയത്തെ മലിനമാക്കിയെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളോട് ദേശീയ ഹരിത ട്രൈബ്യൂണൽ വിശദീകരണം തേടി.
മധ്യപ്രദേശ് സർക്കാരിനെതിരേയുള്ള ഹർജി പരിഗണിക്കവേയാണ്, ഇത്തരം ആചാരങ്ങൾ നിലവിലുള്ള പരിസ്ഥിതി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണോയെന്നും ഇത്തരം മലിനീകരണം തടയാൻ പുതിയ നിയന്ത്രണങ്ങൾ ആവശ്യമാണോയെന്നും പരിശോധിക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകിയത്.
കഴിഞ്ഞ ഏപ്രിൽ എട്ടിന് ഭേരുണ്ഡ പ്രദേശത്തെ സത്ദേവ് ഗ്രാമത്തിൽ നടന്ന 21 ദിവസത്തെ മതപരമായ ചടങ്ങിന്റെ സമാപന ഭാഗമായാണ് 11,000 ലിറ്റർ പാൽ നദിയിലേക്ക് ഒഴുക്കിയത്. ഈ നടപടി നദിയുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ഭോപ്പാലിലെ എൻജിടി സെൻട്രൽ ബെഞ്ചാണ് മധ്യപ്രദേശ് സർക്കാരിനെതിരായ ഹർജി പരിഗണിച്ചത്. ജസ്റ്റീസ് ഷിയോകുമാർ സിംഗ്, വിദഗ്ധ അംഗം സുധീർകുമാർ ചതുർവേദി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന മലീനികരണ നിയന്ത്രണബോർഡുകളോട് വിശദീകരണം തേടിയത്. 1974-ലെ ജലമലിനീകരണ നിരോധന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് നടന്നതെന്ന് ഹർജിക്കാർ വാദിച്ചു.
നദിയിലേക്ക് പാൽ ഒഴുക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് കൃത്യമായ ശാസ്ത്രീയവിവരങ്ങളൊന്നും നിലവിൽ കോടതിക്ക് മുമ്പിൽ സമർപ്പിച്ചിട്ടില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചെങ്കിലും നദികളിലേക്കോ കിണറുകളിലേക്കോ മലിനവസ്തുക്കൾ ഒഴുക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നു ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
ആചാരങ്ങളുടെ പേരിൽ നർമദയിൽ പാൽ ഒഴുക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മലിനീകരണ നിയന്ത്രണബോർഡ് പരിശോധനകൾ കർശനമാക്കണമെന്നും ട്രൈബ്യൂണൽ വിശദമാക്കി.
പടിഞ്ഞാറേക്കൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണ് നർമദ. മധ്യപ്രദേശിലെ അമർകണ്ടക്കിൽനിന്ന് ഉത്ഭവിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ 1312 കിലോമീറ്റർ ഒഴുകി കാംബെയിൽവച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ മൂന്നു സംസ്ഥാനങ്ങളിലെയും കൃഷിക്കും കുടിവെള്ളത്തിനുമുള്ള പ്രധാന സ്രോതസുകൂടിയാണ് നർമദ.