പാലക്കാട്: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ദലിത് യുവതി നൽകിയ പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, ഇതുവരെ എടുത്ത നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ സംസ്ഥാന ഡിജിപിക്ക് നിർദ്ദേശം നൽകി. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ നീക്കം. ജോലി വാഗ്ദാനം നൽകി പ്രശോഭ് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇത് കാട്ടി ഭീഷണിപ്പെടുത്തി.
എംഎൽഎമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തന്റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഭയപ്പെടുത്തിയതായും പരാതിയിലുണ്ട്. പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ നൽകി നിർബന്ധിച്ചതായും യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭ് വത്സൻ നിലവിൽ മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.