ന്യൂഡൽഹി: ഫരീദാബാദ് അതിരൂപതയുടെ നേതൃത്വത്തിൽ ഗാസിയാബാദ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ജൂലൈ 27 മുതല്‍ ദേശീയ സിമ്പോസിയം സംഘടിപ്പിക്കും.
ഗാസിയാബാദ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 150 ഓളം പേർ പങ്കെടുക്കും.
ജൂലൈ 28ന് ഉജ്ജയിന്‍ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വീഡിയോസന്ദേശം നൽകും.
മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ആമുഖപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗോരഖ്പുർ ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ, ബിജ്നോർ ബിഷപ് മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, സഹായമെത്രാന്മാരായ മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് പാടിയത്ത്, ബിഷപ് എമെരിറ്റസുമാരായ മാര്‍ ജോൺ വടക്കേല്‍ സിഎംഐ, മാർ തോമസ് തുരുത്തിമറ്റം സിഎസ്ടി, സീറോമലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍, ചെറുപുഷ്പ സഭയുടെ പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഡോ. ജോര്‍ജ് ആലുക്ക സിഎസ്ടി തുടങ്ങിയവർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ജൂലൈ 30ന് നടക്കുന്ന സമാപനച്ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി പങ്കെടുക്കും. ദേശീയ സിമ്പോസിയത്തിന്റെ സുഗമമായ നടത്തിപ്പിന് ഫരീദാബാദ് അതിരൂപത ചാൻസലർ ഫാ.ഡോ. മാർട്ടിൻ പാലമറ്റത്തെ ജനറൽ കൺവീനറായും ഫാ. ജിന്റോ കെ. ടോമിനെ ജോയിന്റ് കൺവീനറായും തെരഞ്ഞെടുത്തു.