ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026 - 2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി അംഗമായി ന്യൂയോർക്കിൽ നിന്നുള്ള ജിൻസ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നെെമ) ഔദ്യോഗിക എൻഡോഴ്സ്മെന്റോടെയാണ് ജിൻസ് ജോസഫ് ഫൊക്കാന തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ന്യൂയോർക്ക് മലയാളി സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ജിൻസ് ജോസഫ്. നെെമയുടെ തുടക്കം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ കമ്മിറ്റി അംഗവുമാണ്.
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിൽ ക്രിക്കറ്റ് കോഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള ജിൻസ് ജോസഫ്, നിലവിൽ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുന്നതിലും യുവാക്കളെ കായികരംഗത്തേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹം സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) സ്ഥാപക അംഗങ്ങളിൽ ഒരാളായ ജിൻസ് ജോസഫ്, എട്ട് വർഷക്കാലം സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ കേരള ക്രിക്കറ്റ് ലീഗിന്റെ അഡ്വൈസറായും സേവനം തുടരുന്നു.
വിവിധ സംഘടനകളിലൂടെയും കായിക-സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നേടിയ നേതൃത്വപരിചയവും സംഘടനാ പ്രവർത്തന പരിചയവും ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജിൻസ് ജോസഫ് പറഞ്ഞു.
ഐടി മേഖലയിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള ജിൻസ് നിലവിൽ ഐടി പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. പ്രഫഷണൽ രംഗത്തെ പ്രോജക്ട് മാനേജ്മെന്റ്, ടീം കോഓർഡിനേഷൻ, ലീഡർഷിപ്പ് അനുഭവങ്ങളും ഫൊക്കാനയിലെ പുതിയ ഉത്തരവാദിത്തത്തിൽ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരോടൊപ്പം താമസിക്കുന്ന ജിൻസ് ജോസഫ്, പുതിയ തലമുറയെ ഫൊക്കാനയുമായി കൂടുതൽ അടുപ്പിക്കുന്നതിനും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും മുൻഗണന നൽകുമെന്ന് അറിയിച്ചു.
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് തന്നെ എൻഡോഴ്സ് ചെയ്ത ന്യൂയോർക്ക് മലയാളി അസോസിയേഷനും തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും സംഘടനാ പ്രവർത്തകർക്കും ഫൊക്കാന കുടുംബാംഗങ്ങൾക്കും തന്നോടൊപ്പം പ്രവർത്തിച്ച ടീം എംപവർ പാനലിലെ സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ലഭിച്ച പുതിയ ഉത്തരവാദിത്തം ഒരു അംഗീകാരമായി മാത്രം കാണാതെ, സമൂഹത്തിനായി കൂടുതൽ പ്രവർത്തിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും ജിൻസ് ജോസഫ് പറഞ്ഞു.