ന്യൂഡൽഹി: സ്വയംഭരണ സ്ഥാപനമായ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ കൈകടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ട്രൈബ്യൂണലിന്റെ ഭരണം കോർപറേറ്റ് കാര്യ മന്ത്രാലയം പൂർണമായി കൈയടക്കിയിരിക്കുകയാണെന്നും ഇതു സ്ഥാപനത്തിന്റെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗങ്ങൾക്കു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ട്രൈബ്യൂണലിലെ ജീവനക്കാരുടെ നിയമന നടപടികൾ പൂർണമായും ഒരു സ്വകാര്യ ഏജൻസിക്ക് ഔട്ട്സോഴ്സ് ചെയ്തതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ എട്ടു വർഷമായി ട്രൈബ്യൂണലിൽ ജോലിചെയ്യുന്ന ജീവനക്കാർ പെട്ടെന്നു പിരിഞ്ഞുപോകേണ്ട സാഹചര്യമാണുള്ളതെന്നും ഇത് ജുഡീഷ്യൽ സ്ഥാപനത്തിന്റെ സ്വയംഭരണത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
ഹർജിക്കാരുടെ ആവശ്യം നേരിട്ടു പരിഗണിച്ചില്ലെങ്കിലും, എൻസിഎൽടി പ്രസിഡന്റ് ആശങ്ക അറിയിക്കുകയാണെങ്കിൽ വിഷയം പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
എൻസിഎൽടിയും വിവാദവും
എൻസിഎൽടി പ്രസിഡന്റിന് സ്റ്റാഫ് നിയമനങ്ങളിൽ പൂർണ സ്വയംഭരണാവകാശം ഉണ്ടായിരിക്കെ, നിയമനച്ചുമതല പുറത്തുനിന്നുള്ള സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതാണ് വിവാദങ്ങൾക്കു വഴിവച്ചത്.
2013ലെ കമ്പനി നിയമപ്രകാരം ഇന്ത്യയിലെ കമ്പനികളുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും കൈകാര്യം ചെയ്യുന്നതിനായാണു സ്വയംഭരണാധികാരമുള്ള എൻസിഎൽടി സ്ഥാപിക്കുന്നത്. ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ച് ഉൾപ്പടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ എൻസിഎൽടിയുടെ നിരവധി ബെഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ നിയമനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്.