വംശീയവിദ്വേഷം യ ഥാര്‍ഥ ദേശീയബോധത്തെ നശിപ്പിക്കും. ഇന്ത്യന്‍ ദേശീയത സങ്കുചിതമോ ആക്രമണോത്സുകമോ വിനാശകരമോ അല്ല. “എന്റെ ദേശീയബോധം തീവ്രമാണെങ്കിലും അതു സങ്കുചിതമല്ല. ഏതെങ്കിലും രാഷ്ട്രത്തെയോ വ്യക്തിയെയോ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതുമല്ല. എന്റെ ദേശീയബോധം സ്വദേശി ആശയത്തെപ്പോലെതന്നെ വിശാലമാണ്. ലോകം മുഴുവനും പ്രയോജനം ലഭിക്കത്തക്കവിധം ഇന്ത്യ ഉയരണമെന്നാണ് ആഗ്രഹിക്കുന്നത്”- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ദര്‍ശനമാണിത്.
സങ്കുചിത ദേശീയതയേക്കാള്‍ മാനവികതയ്ക്കു മുന്‍ഗണന നല്കുന്നതിലൂടെയാണ് യഥാര്‍ഥ പുരോഗതി കൈവരിക്കാനാവുകയെന്ന് വിഖ്യാത എഴുത്തുകാരനും കവിയുമായ രവീന്ദ്രനാഥ ടാഗോറും ചൂണ്ടിക്കാട്ടി. ആക്രമണോത്സുകവും യാന്ത്രികവുമായ ദേശീയത വലിയൊരു ഭീഷണിയായി അദ്ദേഹം കണ്ടു. അധികാരം, പതാകകള്‍, അഭിമാനം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രം, ആ രാഷ്ട്രത്തിനുതന്നെ ഏറ്റവും വലിയ ദോഷമാണെന്നു ജന ഗണ മനയുടെ രചയിതാവായ ടാഗോര്‍ വാദിച്ചു. തീവ്ര ദേശീയത എളുപ്പത്തില്‍ വിദേശികളോടുള്ള വെറുപ്പായും ഒടുവില്‍ സഹപൗരന്മാരോടുള്ള വെറുപ്പായും മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
വെറുപ്പിനാകരുത് ദേശീയത
“ദേശീയത ഒരു വ്യാജ ദൈവമാണ്. എങ്കിലും ദശലക്ഷക്കണക്കിനാളുകള്‍ അതിനെ അതീവഗൗരവത്തോടെയാണു കാണുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാനും നശിപ്പിക്കാനും കൊല്ലാനും കൊല്ലപ്പെടാനും അവര്‍ തയാറാകുന്നു. രാഷ്ട്രീയക്കാര്‍ ഇതിനെ തങ്ങളുടെ നേട്ടത്തിനായി ചൂഷണം ചെയ്യുന്നു”- തത്വചിന്തകനും എഴുത്തുകാരനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തിക്കു സംശയമേയില്ല. സ്വയംവഞ്ചന കലര്‍ന്ന അധികാരക്കൊതിയാണ് ദേശീയതയെന്ന് വിഖ്യാത ആംഗലേയ നോവലിസ്റ്റ് ജോര്‍ജ് ഓര്‍വെല്‍ എഴുതി.
“ദേശീയത ഒരു ബാല്യകാല രോഗമാണ്. മനുഷ്യരാശിയെ ബാധിക്കുന്ന അഞ്ചാംപനി പോലെയാണത്” എന്നായിരുന്നു ആല്‍ബര്‍ട്ട് ഐന്സ്റ്റീന് അഭിപ്രായപ്പെട്ടത്. ദേശസ്നേഹം സ്വന്തം ജനതയോടുള്ള സ്നേഹത്തിനു മുന്‍ഗണന നല്കുന്നതാണെങ്കില് സ്വന്തം ജനതയല്ലാത്തവരോടുള്ള വെറുപ്പിനു മുന്‍ഗണന നല്‍കുന്നതാണു ദേശീയതയെന്നാണ് ഫ്രഞ്ച് ചിന്തകനായ ചാള്‍സ് ഡി ഗോള്‍ പറഞ്ഞത്.
വിവാദമല്ല, വേണം ആദരവ്
ഒരു ജനതയ്ക്കു തങ്ങളുടേതായ ഭൂപ്രദേശം, ഭാഷ, സംസ്കാരം, ചരിത്രം എന്നിവയിലുള്ള പങ്കുവയ്ക്കപ്പെട്ട ബോധവും ഐക്യവുമാണു ദേശീയത. യഥാര്‍ഥ ദേശീയതയുടെ പേരില്‍ സ്വന്തം ജനതയ്ക്കിടയില്‍ വിഭാഗീയതയും അസഹിഷ്ണുതയും വളര്‍ത്തുന്ന പ്രവണതയാണു കപടദേശീയത. രാജ്യസ്നേഹത്തിനപ്പുറം രാഷ്ട്രീയ അധികാരമാണ് ഇതിന്റെ ലക്ഷ്യം. രാജ്യസ്നേഹം അളക്കാനുള്ള ഉപാധിയാകരുത് ദേശീയഗാനവും ദേശീയഗീതവും. എതിര്‍സ്വരങ്ങളെ ദേശദ്രോഹമായി ചിത്രീകരിച്ച് ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണു രാജ്യവിരുദ്ധം.
ദേശഭക്തിയുടെ മറവില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇന്ത്യയുടെ ദേശീയഗാനമായ ജന ഗണ മന, ദേശീയഗീതമായ വന്ദേമാതരം എന്നിവ ഒരുപോലെ ആദരിക്കപ്പെടുകയാണു വേണ്ടത്. മാനുഷ്യരെല്ലാം ഒന്നുപോലെ എന്ന ഓണാശംസ രാജ്യത്തിനാകെ കരുത്താകട്ടെ.
നിയമഭേദഗതി അത്ര ലളിതമല്ല
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നു കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തില്‍ എഐസിസി ആസ്ഥാനത്തു വന്ദേമാതരം പൂര്‍ണമായി പാടിയതും രണ്ടു ചരണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗാനാലാപനം നിര്‍ത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചതും വിവാദമായി. കേരളത്തില്‍ വന്ദേമാതരം ഒഴിവാക്കിയതും കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും പൂര്‍ണമായി പാടുകയും ചെയ്തപ്പോള്‍ വിവാദം കൊഴുത്തു. ഇതിനുശേഷമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കൃത്യമായ നിലപാടു സ്വീകരിച്ചത്. വന്ദേമാതരം ആദ്യ രണ്ടു ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന് 1937ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
ദേശീയ ബഹുമാനത്തെ അവഹേളിക്കുന്നതു തടയല്‍ ഭേദഗതി നിയമം- 2026 (ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ അമെന്മെന്റ്) കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയതോടെയാണു പുതിയ വിവാദം. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണു നടപടി. ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയ്ക്കു മാത്രം സംരക്ഷണം നല്‍കിയിരുന്ന 1971ലെ നിയമത്തിലുള്ള മൂന്നാംവകുപ്പു പരിഷ്കരിച്ചാണു ജന ഗണ മനയ്ക്കു നല്കുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും നല്‍കിയത്. എന്നാല്‍, ഈ നിയമം വന്ദേമാതരം നിര്‍ബന്ധമാക്കുന്നില്ല. ഔദ്യോഗിക ചടങ്ങുകളില്‍ രണ്ടും ഒരുമിച്ച് ആലപിക്കുമ്പോള്‍, 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദേശീയഗാനത്തിനു മുമ്പായി വന്ദേമാതരം ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റേതായി ഒരു നിര്‍ദേശവും ഇറക്കിയിട്ടുണ്ട്.
ദേശീയഗീതം ആയുധമാക്കുന്നവര്‍
1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്കൃതവത്കരിച്ച ബംഗാളി ഭാഷയില്‍ രചിച്ച വന്ദേമാതരത്തിന്റെ ‘അമ്മേ, ഞാന്‍ അങ്ങയെ വണങ്ങുന്നു’ എന്നര്‍ഥം വരുന്നതാണ് ആദ്യ രണ്ടു ചരണങ്ങള്‍. ഓരോ ഭാരതീയന്റെയും അഭിമാനം ഉയര്‍ത്തുന്നതാണിത്. സ്വാതന്ത്ര്യസമരത്തില്‍ ജനവികാരം ആളിക്കത്തിച്ച ഗീതത്തിന് ആറു ചരണങ്ങളാണുള്ളത്. എന്നാല്‍, “പത്ത് ആയുധങ്ങളുള്ള ദുര്ഗയാണു നീ; താമരക്കുമ്പിളില്‍ വാഴുന്ന ലക്ഷ്മിയാണു നീ; വിജ്ഞാനദാനിയായ സരസ്വതിയാണു നീ, നിനക്കു മുന്നില്‍ നമിക്കുന്നു” എന്നു വിവര്‍ത്തനം ചെയ്യാവുന്ന വരികളടങ്ങിയ നാലു ചരണങ്ങളാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആയുധമാക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തു രാജ്യത്ത് ഉരുത്തിരിഞ്ഞ ഒത്തുതീര്‍പ്പിനു വിരുദ്ധമാണു പുതിയ നിയമനിര്‍മാണം. സംഘപരിവാര്‍ അജന്‍ഡയാണു നിയമഭേദഗതിയെന്നാണ് പ്രതിപക്ഷ ആരോപണം.
വന്ദേമാതരം വിഷയത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ആദ്യംമുതല്‍ ഇടപെട്ടു നിലപാടെടുത്തിരുന്നു. 1937ലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയവും ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകളും ഇതിന്റെ തെളിവാണ്. വന്ദേമാതരത്തിനെതിരായ പ്രതിഷേധം വലിയ പരിധിവരെ വര്‍ഗീയവാദികള്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നു ജനഹര്‍ലാല്‍ നെഹ്റു അന്നേ അഭിപ്രായപ്പെട്ടു. എങ്കിലും, അതില്‍ ചില വസ്തുതകളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. വര്‍ഗീയവാദികളുടെ വികാരങ്ങളെ തൃപ്തിപ്പെടുത്താനല്ല; മറിച്ച്, യഥാര്‍ഥ പരാതികള്‍ പരിഹരിക്കാനായിരിക്കണം ലക്ഷ്യമെന്നും നെഹ്റു വ്യക്തമാക്കി.
അഭിമാനമായ രണ്ടു ചരണങ്ങള്‍
വന്ദേമാതരത്തിന്റെ ഉപയോഗത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ ചെറുത്തുനില്‍പ്പിന്റെയും ത്യാഗത്തിന്റെയും പ്രതീകമായാണു സ്വാതന്ത്ര്യസമര സേനാനികള്‍ ഇതിനെ സ്വീകരിച്ചത്. മാതൃഭൂമിയുടെ സൗന്ദര്യത്തെയും സമൃദ്ധിയെയും വാഴ്ത്തുന്ന ആദ്യത്തെ രണ്ടു ചരണങ്ങൾ ഈ പശ്ചാത്തലത്തിലാണു ദേശീയതലത്തില്‍ അംഗീകാരം നേടിയത്. മതബിംബങ്ങള്‍ അടങ്ങിയ, ശേഷമുള്ള ചരണങ്ങളെക്കുറിച്ച് മുസ്ലിംകള് ഉന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പരിഗണിച്ചിരുന്നു.