ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്നാണ്.
പിന്നീട് 10 മുതൽ 20 വരെ കോൺഗ്രസിന്റെ ബ്ലോക്ക് അടിസ്ഥാനത്തിൽ ആയിരക്കണക്കിന് ആളുകളെ പങ്കാളികളാക്കി ബൈക്ക് റാലി, സൈക്കിൾ റാലി, പദയാത്ര തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
25 മുതൽ നവംബർ 25 വരെ ഒരുമാസത്തേക്ക് ‘വോട്ട് ബചാവോ, ദേശ് ബചാവോ’ എന്ന മുദ്രാവാക്യമുയർത്തി വിപുലമായ കാമ്പയിൻ സംഘടിപ്പിക്കും. വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 13 കോടി വോട്ടർമാരെ കണ്ടെത്തി അവരുടെ വോട്ടുകൾ പുനഃസ്ഥാപിക്കാൻ ബൂത്ത് അടിസ്ഥാനത്തിൽ വോട്ട് രക്ഷാ വോളണ്ടിയർമാരെ നിയോഗിക്കാനും നേതൃത്വം തീരുമാനിച്ചു.
നവംബർ 25, 26 തീയതികളിൽ ‘ഡൽഹി ചലോ’ നടത്താനും പാർട്ടി തീരുമാനിച്ചു. നവംബർ ഒന്നിന് ഇന്ത്യാ സഖ്യത്തിന്റെ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.