വത്തിക്കാൻ സിറ്റി: ക്രിസ്മസിനോടനുബന്ധിച്ച് വത്തിക്കാനിൽ സംഘടിപ്പിച്ചിരിക്കുന്ന തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദർശനം ഇന്ന് ആരംഭിക്കും.
ജൂബിലിവർഷാചരണത്തോടനുബന്ധിച്ച് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയമാണ്‘100 നേറ്റിവിറ്റി സീൻസ് ഇൻ ദ വത്തിക്കാൻ’ എന്നപേരിൽ അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രോ-പ്രീഫെക്ടും ജൂബിലി സംഘാടകസമിതി തലവനുമായ ആർച്ച്ബിഷപ് റിനോ ഫിസിഷെല്ല പ്രദർശനം ഉദ്ഘാടനം ചെയ്യും.
ക്രൊയേഷ്യ, റുമേനിയ, പെറു, എരിത്രിയ, തായ്വാൻ തുടങ്ങി 23 രാജ്യങ്ങളിൽനിന്നുള്ള 132 തിരുപ്പിറവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കും.
ഓരോന്നും വ്യത്യസ്തമായ ദൃശ്യങ്ങളായിരിക്കും. മെക്സിക്കൻ എംബസി സംഘടിപ്പിക്കുന്ന പരമ്പരാഗത നാടോടി പ്രകടനവും ഉണ്ടായിരിക്കും. പ്രദർശനം ജനുവരി എട്ടുവരെ തുടരും.