ന്യൂഡൽഹി: ഗാർഹിക പാചക ആവശ്യങ്ങൾക്ക് സുരക്ഷിതവും ശുദ്ധവുമായ ഇന്ധനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) ലഭ്യത വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് (നാഷണൽ പിഎൻജി ഡ്രൈവ് 3.0) കേന്ദ്രസർക്കാർ തുടക്കംകുറിച്ചു.
2027 സാമ്പത്തികവർഷം വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ 50 ലക്ഷം പുതിയ ഗാർഹിക കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്.
പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡും സിറ്റി ഗ്യാസ് വിതരണ കമ്പനികളും സംയുക്തമായാണു പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലൂടെ 50 ലക്ഷം പുതിയ ഗാർഹിക പിഎൻജി രജിസ്ട്രേഷനുകൾ പൂർത്തിയാക്കും. നിലവിലുള്ള 40 ലക്ഷം കണക്ഷനുകളെക്കൂടി സജീവ ഉപഭോക്താക്കളാക്കി മാറ്റും.
അർധ-നഗര, ഗ്രാമീണ മേഖലകളിൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിലും സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ പൂർണശേഷി വിനിയോഗിക്കുന്നതിലും മൂന്നാംഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കും.
1.3 കോടി കണക്ഷൻ നൽകാൻ ശേഷിയുള്ള പൈപ്പ്ലൈൻ ശൃംഖല
രാജ്യത്തുടനീളം നിലവിൽ 6.9 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള കൂറ്റൻ പൈപ്പ്ലൈൻ ശൃംഖല സജ്ജമാണ്. ഏകദേശം 1.3 കോടി ഗാർഹിക കണക്ഷനുകൾക്ക് തടസമില്ലാതെ പാചകവാതകം എത്തിക്കാൻ ഈ അടിസ്ഥാന സൗകര്യത്തിനു ശേഷിയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ നടന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 13.4 ലക്ഷം പുതിയ കണക്ഷനുകളും 15.3 ലക്ഷത്തിലധികം രജിസ്ട്രേഷനുകളും കൈവരിക്കാൻ സാധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുന്നത്.