International
ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം, ആ വൃക്ഷരാജന് അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഉയരമുണ്ട്! 102.3 മീറ്ററാണ് (336 അടി) ആ വൃക്ഷഭീമന്റെ ഉയരം! ടിബറ്റിലെ യാർലുംഗ് സാംഗ്ബോ ഗ്രാൻഡ് കാന്യോൺ നേച്ചർ റിസർവിലെ വനമേഖലയിലാണ് ഹിമാലയൻ സൈപ്രസ് (കുപ്രെസസ് ടോറുലോസ) സ്ഥിതിചെയ്യുന്നത്. വിവിധ സർവകലാശാലയിലെ ഗവേഷകർ ആ വൃക്ഷവുമായി ബന്ധപ്പെട്ടു പഠനങ്ങൾ നടത്തുന്നുണ്ട്.
കാലിഫോർണിയയിലെ റെഡ്വുഡ് നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന കോസ്റ്റൽ റെഡ് വുഡ് ആണ് ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും ഉയരം കൂടിയ വൃക്ഷം. ഹൈപ്പീരിയോൺ എന്നു വിളിപ്പേരുള്ള വൃക്ഷരാജാവിന്റെ അമ്പരപ്പിക്കുന്ന ഉയരം 381 അടിയാണ്. അതു കഴിഞ്ഞാൽ ലോകത്ത് അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണ് ടിബറ്റിലെ ഹിമാലയൻ സൈപ്രസ്. ഈ വിഭാഗത്തിൽപ്പെട്ട മരങ്ങൾക്കു നൂറ്റാണ്ടുകളോളം ആയുസുണ്ടാകാറുണ്ട്. ടിബറ്റിൽ കണ്ടെത്തിയ മഹാവൃക്ഷത്തിന് ഏകദേശം 1,500 വർഷം പഴക്കമുണ്ടെന്നാണു ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
International
പാതി ആണും പാതി പെണ്ണുമായ ജീവിയുണ്ടോ..? അങ്ങനെയൊരു ജീവി ഉണ്ടെന്നു കേള്ക്കുമ്പോള് തന്നെ ആരും അദ്ഭുതപ്പെട്ടേക്കാം! എന്നാല്, അങ്ങനെയൊന്നിനെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന് ശാസ്ത്രലോകം. ആരിലും അതിശയം ജനിപ്പിക്കുന്ന ആ ജീവി, ഒരു പക്ഷിയാണ്! പാതി ആണും പാതി പെണ്ണുമായി ഒരു പക്ഷി! പ്രകൃതിയിലെ അപൂര്വ പ്രതിഭാസത്തിനു സാക്ഷിയായിരിക്കുകയാണ് ഷിക്കാഗോയിലുള്ള പക്ഷിനിരീക്ഷകര്.
ബൈലാറ്ററല് ഗൈനാന്ഡ്രോമോര്ഫ് (Bilateral gynandromorph) എന്നു വിശേഷിപ്പിക്കുന്ന അപൂര്വ ജനിതകാവസ്ഥയുള്ള ബോബോലിങ്ക് (Bobolink) പക്ഷിയെയാണ് ഷിക്കാഗോയ്ക്കു സമീപം പക്ഷിനിരീക്ഷകര് കണ്ടെത്തിയത്. ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറുള്ള ബാരിംഗ്ടണ് ഹില്സിലെ വനമേഖലയാണ് ഈ പറവയുടെ വാസകേന്ദ്രം. ആപൂര്വ പക്ഷിയെ കാമറയില് പകര്ത്തിയത് സിറ്റിസണ്സ് ഫോര് കണ്സര്വേഷന് പ്രവര്ത്തകനായ ലൂക്ക് ഡാല്ബര്ഗ് ആണ്. ചിത്രം കാമറയ്ക്കുള്ളിലാക്കിയ ഡാല്ബര്ഗ് അദ്ഭുതപ്പെട്ടു. വലതുഭാഗം ആണ്പക്ഷിയുടേതു പോലെയും ഇടതുഭാഗം പെണ്പക്ഷിയുടേതുപോലെയും! ശരീരത്തെ നേര്പകുതിയായി തിരിക്കുന്ന തരത്തില് പറവയുടെ നിറവും വ്യക്തമായി വേർതിരിഞ്ഞുനിൽക്കുന്നതും കാണാം.
അതേസമയം, ലോകത്ത് ആദ്യമായാണ് ബോബോലിങ്ക് ഇനത്തില്പ്പെട്ട പക്ഷിയില് അപൂര്വ പ്രതിഭാസം കണ്ടെത്തുന്നത്. "ബ്ലാക്ക് ആന്ഡ് ടാന്' എന്നാണ് പക്ഷിനിരീക്ഷകര് ഇതിനു പേരിട്ടിരിക്കുന്നത്. ഫീല്ഡ് മ്യൂസിയത്തിലെ കണ്സര്വേഷന് ഇക്കോളജിസ്റ്റായ കാമറൂണ് റട്ട് ഉള്പ്പെടെയുള്ള വിദഗ്ധര് എത്തിയാണ് പക്ഷിയെ തിരിച്ചറിഞ്ഞത്. ഇതിന്റെ നിരവധി ചിത്രങ്ങള് അദ്ദേഹം പകര്ത്തി. വലത്തോട്ട് പറക്കുമ്പോഴും ഇടത്തോട്ട് പറക്കുമ്പോഴും രണ്ട് വ്യത്യസ്ത പക്ഷികളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ ശരീരഘടന.
ഇണയെ കണ്ടെത്താൻ ആണ്പക്ഷിയായി
ബോബോലിങ്കിന്റെ ജീവിതരീതി ഗവേഷകർക്ക് ആശ്ചര്യജനകമായി. പാതി പെണ്ണാണെങ്കിലും പൂര്ണമായും ഒരു ആണ്പക്ഷിയുടെ ജീവിതമാണു നയിക്കുന്നത്. ചൂളംകുത്തിയും മറ്റ് ആണ്പക്ഷികളുമായി മത്സരിക്കാനും ഈ പക്ഷി മിടുക്കുകാണിച്ചു. മാത്രമല്ല, ഒരു പെണ്പക്ഷിയെ ആകര്ഷിച്ച് ഇണചേരുകയും ചെയ്തു. മാത്രമല്ല, ഇണപ്പക്ഷിക്കു ജനിച്ച കുഞ്ഞുങ്ങളെ വളര്ത്തുകയും ചെയ്തു എന്നത് ശാസ്ത്രലോകത്തെ കൂടുതല് അത്ഭുതമായി.
അപൂർവ പ്രതിഭാസത്തിന്റെ കാരണം
കോശവിഭജന പ്രക്രിയയായ മിയോസിസില് (meiosis) സംഭവിക്കുന്ന പിഴവുകളാണ് ഈ അസ്ഥയ്ക്ക് കാരണമെന്നു ശാസ്ത്രജ്ഞര് വെളിപ്പെടുത്തി. പെണ്പക്ഷികളില് Z, W എന്നീ രണ്ട് ക്രോമസോമുകളാണുള്ളത്. കോശവിഭജന സമയത്ത് അണ്ഡത്തിന് ഒരു അധിക ക്രോമസോം ലഭിക്കുകയും, ഈ അണ്ഡം രണ്ട് ബീജങ്ങളുമായി സംയോജിക്കുകയും ചെയ്യുമ്പോള് ഭ്രൂണത്തില് ആണ് (ZZ), പെണ് (ZW) കോശങ്ങളുടെ മിശ്രിതം ഉണ്ടാകുന്നു. ഈ ഭ്രൂണം വളരുമ്പോഴാണ് ശരീരത്തിന്റെ ഒരു ഭാഗം ആണും മറുഭാഗം പെണ്ണുമായി മാറുന്നത്.
ലോകത്താകെ പതിനൊന്നായിരത്തിലേറെ പക്ഷിവര്ഗങ്ങളാണുള്ളത്. ഇതിൽ വെറും 45 ഇനങ്ങളിലായി, നൂറില് താഴെ പക്ഷികളില് മാത്രമേ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുള്ളൂവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോര്തേണ് കാര്ഡിനല്, ഗ്രീന് ഹണിക്രീപ്പര് എന്നീ പക്ഷിവർഗങ്ങളിൽ അപൂർവ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. പക്ഷികള്ക്കു പുറമെ, ചിത്രശലഭങ്ങളിലും ചിലയിനം തേനീച്ചകളിലും ഈ പ്രതിഭാസം കാണാറുണ്ടെന്നും ഗവേഷകർ പറഞ്ഞു.
International
കല്ലുരുകന്ന വെയിലും ഉഷ്ണതരംഗവും കൊടും വരൾച്ചയും അതിജീവിക്കാൻ ശേഷിയുള്ള അപൂർവമൃഗം. നൂറ്റാണ്ടുകളായി മനുഷ്യന്റെ മരുജീവിതത്തിന്റെ നട്ടെല്ലായി നിലകൊണ്ട കരുത്തൻ. മരുഭൂമിയിലെ കപ്പലുകള് എന്നു വിശേഷിപ്പിക്കപ്പെടുന്ന അത്ഭുത ജീവികള്ക്കു വെള്ളമില്ലാതെ ദിവസങ്ങളോളം കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്, ഭൂമിയിലെ ഒരു മൃഗത്തിനുമില്ലാത്ത കഴിവ്. എന്നാല്, മനുഷ്യന്റെ വിശ്വസ്തമൃഗം ഇന്നു കടുത്ത പ്രതികൂലസാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്.
കാലാവസ്ഥാ വ്യതിയാനംമൂലമുള്ള, ആഗോളതാപനത്തിന്റെ കടുത്ത പ്രഹരം ഏറ്റുവാങ്ങുകയാണ് ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ഒട്ടകങ്ങള്, അവ അതിജീവനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഒട്ടകങ്ങൾ ഇന്നു കടുത്ത നിര്ജലീകരണം, സൂര്യാഘാതം, രോഗങ്ങള് തുടങ്ങിയവമൂലം മരിച്ചുവീഴുകയാണെന്ന് ശാസ്ത്രജ്ഞരും മൃഗസംരക്ഷണ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു.
ഉത്തരാഫ്രിക്ക, ഹോണ് ഓഫ് ആഫ്രിക്ക (സൊമാലിയ, എത്യോപ്യ, ജിബൂട്ടി, എരിട്രിയ), പശ്ചിമേഷ്യ എന്നിവിടങ്ങളിലെ മരുഭൂമികളില് ഉഷ്ണതരംഗം നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഈ പ്രദേശങ്ങളില് താപനില പതിവായി 50 ഡിഗ്രിക്കു മുകളിലാണ്. ഒട്ടകങ്ങളുടെ സ്വാഭാവിക ശരീര പ്രകൃതിക്ക് താങ്ങാന് കഴിയുന്നതിലും അപ്പുറമാണ് നിലവിലെ അന്തരീക്ഷ താപനില.
കുറഞ്ഞ വിയർപ്പും, വെള്ളം ശരീരത്തില് ദിവസങ്ങളോളം സൂക്ഷിക്കാനാകുന്ന സവിശേഷ ശരീരഘടനയാണ് ഒട്ടകങ്ങളുടേത്. സാധാരണയായി 40 ഡിഗ്രി വരെയുള്ള ചൂട് ഒട്ടകങ്ങള്ക്ക് സുഖകരമായി അതിജീവിക്കാന് സാധിക്കും. എന്നാല് താപനില ഇതിലും ഉയരുകയും, തണലോ കുടിവെള്ളമോ മേച്ചില്പ്പുറങ്ങളോ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള് ഒട്ടകങ്ങള് കടുത്ത ഹീറ്റ് സ്ട്രെസ്-ന് ഇരയാകും.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്ഡ് അഗ്രികള്ച്ചര് ഓര്ഗനൈസേഷനിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ബെന്ഗൂമി വ്യക്തമാക്കുന്നതനുസരിച്ച്, സഹാറ ഉള്പ്പെടെയുള്ള മരുഭൂമികളില് താപനില ഉയരുന്നത് ഒട്ടകങ്ങളുടെ പ്രതിരോധശേഷിയെ പൂര്ണമായും തകരാറിലാക്കുന്നു. ചൂടേറിയ മണലില് കിടക്കുമ്പോള് ഒട്ടകങ്ങളുടെ കാലുകളില് പൊള്ളി കുമിളകള് വരുന്നു. കണ്ണുകളില്നിന്ന് ഇടതടവില്ലാതെ വെള്ളമൊഴുകുകയും, തൊലിക്കു പൊള്ളലേറ്റ് രോമങ്ങള് കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. മണലിന്റെ കടുത്ത ചൂടും തണലിന്റെ അഭാവവും കാരണം ഒട്ടകക്കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്ന ഒട്ടകങ്ങളും ചത്തുപോകുകയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനമാർഗമാണ് ഒട്ടകപരിപാലനം. വരള്ച്ചയെ പ്രതിരോധിക്കാന് പശുക്കള്ക്കു പകരം ഒട്ടകങ്ങളെ വളര്ത്താന് തുടങ്ങിയ ഗോത്രവിഭാഗങ്ങള് ഇപ്പോള് നേരിടുന്നത് വലിയ ഭീഷണികളാണ്. ഉപ്പു തൊട്ടുള്ള അവശ്യസാധനങ്ങള് കിലോമീറ്ററുകളോളം മരുഭൂമിയിലൂടെ ചുമന്നുകൊണ്ടുപോകാന് ഇന്നും ആശ്രയം ഒട്ടകങ്ങളാണ്. വെള്ളവും പച്ചപ്പുംതേടി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നത് ഒട്ടകങ്ങളെ കൂടുതല് തളര്ത്തുന്നു. മേച്ചില്പ്പുറങ്ങള് നശിക്കുന്നതും കുടിവെള്ള സ്രോതസുകള് വറ്റിവരളുന്നതും ഈ മേഖലയിലെ ജനങ്ങളുടെ ഭാവി തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ വലിയ സൂചനയാണ് ശാസ്ത്രലോകം നൽകുന്നത്. മരുഭൂമിയിലെ ജീവജാലങ്ങള് പോലും കാലാവസ്ഥാ വ്യതിയാനത്തിനു മുന്നില് അടിയറവ് പറയുന്ന സാഹചര്യമാണ് ലോകം നേരിടുന്നത്. ഭൂമിയുടെ താപനില ഉയരുന്നത് തടയാന് ആഗോളതലത്തില് ശക്തമായ നടപടികള് സ്വീകരിച്ചില്ലെങ്കില്, മനുഷ്യന്റെ ഭാവിയും പ്രവചനാതീതമായി മാറും!
International
ശാസ്ത്രം തിരിച്ചറിയുന്നതിനു മുൻപുതന്നെ; ഒരുപക്ഷേ നാമാവശേഷമാകാൻ സാധ്യതയുള്ള, അപൂർവജീവിവർഗം! ആഫ്രിക്കയിലെ ലൊമാമി, കോംഗോ നദികൾക്കിടയിലെ ഉൾക്കാടുകളിലാണ് ഇവയുടെ വാസം! വംശമറ്റുപോകാൻ സാധ്യതയുള്ള അപൂർവ ജീവികളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ വാനരകുടുംബത്തിന്റെ കണ്ടെത്തലെന്നു ശാസ്ത്രജ്ഞർ പറയുന്നു.
വിസ്മയങ്ങളുടെ മഹാഭൂഖണ്ഡമായ ആഫ്രിക്കയിലെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നിബിഡവനങ്ങളിലാണ് അപൂർവ വാനരകുടുംബത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്തിന് അദ്ഭുതമായി മാറിയ കണ്ടെത്തൽ അഫ്രിക്കയിൽ ഇതാദ്യമല്ല. 75 വർഷത്തിനിടയിൽ ആഫ്രിക്കയിൽനിന്നു കണ്ടെത്തിയ അഞ്ചാമത്തെ കുരങ്ങുവർഗമാണിത്. അതുകൊണ്ടുതന്നെ ആധുനിക പ്രൈമേറ്റ് ശാസ്ത്രശാഖയിലെ ഏറ്റവും അപൂർവമായൊരു സംഭവമായാണ് ഗവേഷകർ കണ്ടെത്തലിനെ വിലയിരുത്തുന്നത്.
കൊളൊബസ് കോംഗോയെൻസിസ്
അന്താരാഷ്ട്ര ശാസ്ത്ര ജേണലിലാണു പുതിയ ജീവിവർഗത്തിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിശദലേഖനം ഉൾപ്പെടുത്തിയിട്ടുള്ളത്. കൊളൊബസ് കോംഗോയെൻസിസ് (Colobus congoensis) എന്നാണു ശാസ്ത്രജ്ഞർ ഈ വാനരകുടുംബത്തിനു പേരിട്ടിരിക്കുന്നത്. എന്നാൽ പ്രാദേശികവാസികൾ കുരങ്ങനെ, ലിവേലി എന്നാണു വിളിക്കുന്നത്. ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റി, ലുക്കൂരു വൈൽഡ്ലൈഫ് റിസർച്ച് ഫൗണ്ടേഷൻ, യേൽ യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, ലൊമാമി നാഷണൽ പാർക്ക്, ഫ്രാങ്ക്ഫർട്ട് സുവോളജിക്കൽ സൊസൈറ്റി എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണു സുപ്രധാന കണ്ടെത്തലിനുപിന്നിൽ. കിഴക്കൻ മധ്യ കോംഗോയിലെ ലൊമാമി, കോംഗോ നദികൾക്കിടയിലുള്ള ഉൾക്കാടുകളിൽനിന്നാണു പുതിയ ജീവിയെ കണ്ടെത്തിയത്.
മറ്റ് കൊളൊബസ് കുരങ്ങുകളിൽനിന്ന് ഇതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന നിരവധിഘടകങ്ങളുണ്ട്. തിളങ്ങുന്ന കറുത്ത രോമങ്ങളുള്ള ഇവയുടെ മുഖത്തിനു ചുറ്റും ആകർഷകമായ ഓറഞ്ച് നിറത്തിലുള്ള ഒരു പാടുണ്ട്. നീളമുള്ള വാലും തിളങ്ങുന്ന രോമങ്ങളുമാണു മറ്റൊരു പ്രത്യേകത. ഏകദേശം ഏഴു കിലോഗ്രാമോളം തൂക്കമുണ്ടാകും. ഇവയുമായി സാമ്യംതോന്നുന്ന മറ്റു വർഗങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇവയ്ക്കു വലിപ്പം കുറവാണ്. മടങ്ങിയ വലിയ ചെവികളും വാലിന്റെ ഭാഗത്തുള്ള അടയാളങ്ങളും ഇവയെ മറ്റുള്ളവയിൽനിന്നു വേറിട്ടുനിർത്തുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പേരു നേരിട്ടു ലഭിക്കുന്ന ആദ്യത്തെ പ്രൈമേറ്റ് വർഗമാണിത്.
16 വർഷത്തെ അന്വേഷണം
2008-ൽ കോംഗോ ഉൾക്കാടുകളിൽനിന്നു ഗവേഷകർക്കു ലഭിച്ച മങ്ങിയ ചിത്രത്തിൽനിന്നാണ് അന്വേഷണങ്ങളുടെ തുടക്കം. എന്നാൽ, കുരങ്ങന്റെ വ്യക്തമായ ചിത്രം ലഭിക്കാൻ ശാസ്ത്രജ്ഞർക്കു പിന്നെയും പത്തുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു. 2018-ൽ ലഭിച്ച രണ്ടാമത്തെ വ്യക്തമായ ചിത്രത്തിനുശേഷമാണു ജനിതക പരിശോധന, അസ്ഥികൂടങ്ങളുടെ താരതമ്യം, ഇവയുടെ ശബ്ദങ്ങളുടെ റെക്കോർഡിംഗുകൾ എന്നിവയടക്കമുള്ള ആഴത്തിലുള്ള ശാസ്ത്രീയ അന്വേഷണങ്ങളിലേക്കു സംഘം കടന്നത്.
ജനിതക പരിശോധനയിൽ ഗവേഷകരെ ഞെട്ടിക്കുന്ന വസ്തുതകളാണു പുറത്തുവന്നത്. ഈ വാനരകുടുംബത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായ കൊളൊബസ് സറ്റനസ് ജീവിക്കുന്നത് ഇവിടെ നിന്ന് 1200 കിലോമീറ്ററിലധികം അകലെയുള്ള പശ്ചിമ മധ്യ ആഫ്രിക്കയിലാണ്. എന്നിരുന്നാലും, ഈ രണ്ടു വർഗങ്ങളും ഏകദേശം നാലു മുതൽ അഞ്ചു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരേയൊരു പൂർവികനിൽനിന്നാണു വേർപിരിഞ്ഞതെന്നു ജനിതക പഠനങ്ങൾ വ്യക്തമാക്കുന്നു. കൊളൊബസ് കുടുംബവൃക്ഷത്തിലെ ഏറ്റവും പഴക്കമേറിയ വേർപിരിയലുകളിൽ ഒന്നാണിത്.
കടുത്ത വംശനാശ ഭീഷണിയിൽ
വളരെ കുറഞ്ഞ എണ്ണം മാത്രമുള്ള ഈ ജീവിവർഗം കടുത്ത വംശനാശ ഭീഷണിയിലാണ്. 2018-നും 2022-നും ഇടയിൽ കേവലം 114 തവണ മാത്രമാണ് ശാസ്ത്രജ്ഞർക്ക് ഇവയെ കാണാൻ കഴിഞ്ഞത്. വെറും 1,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ചെറിയ പ്രദേശത്തു മാത്രമാണ് ഇവ ജീവിക്കുന്നത്. ചുറ്റുമുള്ള നദികളും കാടുകളും ഇവയെ മറ്റു പ്രദേശങ്ങളിൽ നിന്നു ഒറ്റപ്പെടുത്തി നിർത്തിയിരിക്കുന്നു.
ചെറിയ വാസസ്ഥലം, കുറഞ്ഞ എണ്ണം, വനനശീകരണം, വേട്ടയാടൽ എന്നിവ കണക്കിലെടുത്ത് ഈ പുതിയ കുരങ്ങുവർഗത്തെ ഐയുസിഎൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഗവേഷകർ ശിപാർശ ചെയ്തു. ഇവയുടെ ഭൂരിഭാഗം വാസസ്ഥലങ്ങളും ലൊമാമി നാഷണൽ പാർക്കിനുള്ളിലായതിനാൽ, പാർക്കിന്റെ സംരക്ഷണം ഈ അപൂർവജീവികളുടെ നിലനിൽപ്പിനു നിർണായകമാകും.
National
ലോകം കടുത്ത ആശങ്കയിലാണ്. കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽ നിനോ പ്രതിഭാസവും ലോകരാജ്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പുനൽകുന്നു. കടുത്ത ക്ഷാമവും ദുരിതവും ആരോഗ്യപ്രശ്നങ്ങളുമാണ് മനുഷ്യനെ കാത്തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽ നിനോയും മറ്റു ദുരിതങ്ങൾക്കൊപ്പം ഇന്ത്യയെ വൻതോതിലുള്ള വൈദ്യുതി പ്രതിസന്ധിയിലേക്കും തള്ളിവിടുമെന്നു പുതിയ പഠന റിപ്പോർട്ട്. കാറ്റിന്റെ വേഗത കുറയുന്നതും മഴലഭ്യതയിലുണ്ടാകുന്ന കുറവും മൂലം വിൻഡ് ടർബൈനുകളിൽ നിന്നും ഹൈഡ്രോ പവർ പ്ലാന്റുകളിൽ നിന്നുമുള്ള ഉത്പാദനം ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് സെന്റെ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്ത് താപനില ഉയരുന്നതോടെ എയർ കണ്ടീഷണറുകളുടെയും കൂളിംഗ് സംവിധാനങ്ങളുടെയും ഉപയോഗം കുതിച്ചുയരും. ഇത്തരം സാഹചര്യങ്ങളിൽ, ഒരു വർഷത്തിനുള്ളിൽ 10 ടിഡബ്ല്യുഎച്ച് (Terawatt-hour) അധിക വൈദ്യുതി ആവശ്യമായി വരും. ഡൽഹി നഗരത്തിലെ ആകെ വാർഷിക വൈദ്യുതി ഉപയോഗത്തിന്റെ നാലിലൊന്നാണിത്. പുനരുപയോഗ ഊർജ ഉത്പാദനത്തിലെ കുറവും വർധിച്ചുവരുന്ന ആവശ്യകതയും ചേരുമ്പോൾ ഇന്ത്യയിൽ ആകെ 18 ടിഡബ്ല്യുഎച്ച് വൈദ്യുതിയുടെ വൻ വിടവ് ഉണ്ടായേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
നിലവിലെ സാഹചര്യത്തിൽ, പ്രതിസന്ധി മറികടക്കാൻ ഇന്ത്യ കൽക്കരി നിലയങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വരും. ഇത് ഏകദേശം 17 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് അധികമായി അന്തരീക്ഷത്തിലേക്കു പുറന്തള്ളാൻ കാരണമാകും. ഏറ്റവും മോശം സാഹചര്യത്തിൽ, കൽക്കരിയിൽ നിന്നുള്ള അധിക ഉത്പാദനം 24 ടിഡബ്ല്യുഎച്ച് വരെ ഉയർന്നേക്കാം.
കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വൈദ്യുതി ആവശ്യകത 270 ജിഗാവാട്ട് ആയി രേഖപ്പെടുത്തിയിരുന്നു. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ വേഗത്തിൽ നീങ്ങണമെന്നും, ഒപ്പം ഗ്രിഡ് സംവിധാനങ്ങളും ബാറ്ററി സംഭരണശേഷിയും വികസിപ്പിക്കണമെന്നും സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ഡയറക്ടർ നന്ദികേഷ് ശിവലിംഗം വ്യക്തമാക്കി.
എൽ നിനോ പ്രതിഭാസം കൽക്കരി-ജലവൈദ്യുത നിലയങ്ങളെ ബാധിക്കുമ്പോഴും ഇന്ത്യക്കു പ്രതീക്ഷ നൽകുന്നത് സൗരോർജമാണ്. നിലവിൽ പകൽസമയത്തെ വൈദ്യുതി ആവശ്യകതയുടെ ഇരുപത്തിനാലു ശതമാനവും സോളാർ പാനലുകൾ വഴിയാണ് കണ്ടെത്തുന്നത്. എൽ നിനോ പ്രതിഭാസം സൗരോർജ ഉത്പാദനത്തെ ബാധിക്കില്ല എന്നതിനാൽ കൂടുതൽ സോളാർ പാനലുകളും ബാറ്ററികളും സ്ഥാപിക്കുന്നത് ഭാവിയിലെ ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാൻ സഹായിക്കും. കഴിഞ്ഞ വർഷം ഇന്ത്യ 44.6 ജിഗാവാട്ട് സോളാർ ശേഷിയാണ് പുതുതായി കൂട്ടിച്ചേർത്തത്. ഇതുവഴി മൊത്തം വൈദ്യുതി ഉത്പാദനത്തിൽ ഒരു ശതമാനം വർധനവുണ്ടായി. അതേസമയം കൽക്കരി ഉപയോഗം നാലു ശതമാനം കുറയുകയും പുനരുപയോഗ ഊർജ ഉത്പാദനം ഇരുപത്തിരണ്ട് ശതമാനം വർധിക്കുകയും ചെയ്തു. ഈ വർഷം ജനുവരി മുതൽ മേയ് വരെ താപവൈദ്യുത ഉത്പാദനം മുൻവർഷങ്ങളേക്കാൾ കുറഞ്ഞനിരക്കിലായിരുന്നു.
ഉയർന്ന വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിലെ കൽക്കരിനിലയങ്ങൾ ഇപ്പോഴും സുസജ്ജമല്ല. കൽക്കരിയുടെ ഉയർന്ന ഉപയോഗം അന്തരീക്ഷ മലിനീകരണവും ഉഷ്ണതരംഗവും വർധിപ്പിക്കും. സൂപ്പർ എൽ നിനോ പ്രതിഭാസം കാരണം ഇന്ത്യയിൽ വരും വർഷങ്ങളിൽ (2026–27) ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാൽ 2,700-ലധികം അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുന്പ് കസ്തൂരിരംഗൻ റിപ്പോർട്ട് വന്നതിനു ശേഷം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നൽകിയ നിർദേശപ്രകാരം ആദ്യം 123 വില്ലേജുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വില്ലേജുകൾ വിഭജിച്ചപ്പോൾ അത് 131 ആയി മാറുകയും കഴിഞ്ഞ സർക്കാർ അത് 98 വില്ലേജുകളാക്കി കുറയ്ക്കുകയും ചെയ്തു.
ഇപ്പോൾ വരുന്ന സംഘവുമായി സംസാരിച്ചു കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ കർഷകരെയും അവിടെ ജീവിക്കുന്ന ജനങ്ങളെയും ബാധിക്കാത്ത തരത്തിൽ വിഷയം കൈകാര്യം ചെയ്യാൻ യോഗം ചേർന്ന് കാര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിനു ശേഷം വിവരങ്ങൾ എംപിമാരെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് എംപിമാരുടെ യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിനു മുന്പു സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെപൂർണമായും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഏവിയേഷൻ പദ്ധതികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അതിലേക്കു സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. മനുഷ്യ - വനന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ടു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം.
ഈ വിഷയങ്ങളിലെല്ലാം എം പിമാരുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാർ, എംപിമാർ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുത്തു.
International
കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിൽക്കുമോ ഇല്ലയോ എന്നതു വേറെ കാര്യം! എന്നാൽ, ഭൂമി അതിജീവിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അഞ്ച് ബില്യൺ വർഷങ്ങൾക്കുശേഷം സൂര്യൻ അതിന്റെ ആയുസിന്റെ അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ, ഭൂമി എന്ന വിസ്മയഗ്രഹം ചാമ്പലാകും എന്നതായിരുന്നു ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിലയിരുത്തൽ. സൂര്യന്റെ മരണപ്പാച്ചിലിൽനിന്നു ഭൂമി ഒരുപക്ഷേ രക്ഷപ്പെട്ടേക്കാമെന്ന് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
കെയു ലൂവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി (ബെൽജിയം) യിലെ ഗവേഷകനായ മാറ്റ്സ് എസെൽഡൂർസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ. സൂര്യനോടു സാമ്യമുള്ള മറ്റ് ഭീമൻ നക്ഷത്രങ്ങളുടെ വാർധക്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഭൂമിയുടെ അതിജീവന സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്.
സൂര്യന്റെ അന്ത്യയാത്ര
ഇനി, 500 കോടി വർഷങ്ങളിലേക്കുള്ള ഹൈഡ്രജൻ മാത്രമാണ് സൂര്യനിൽ അവശേഷിക്കുന്നത്. ഹൈഡ്രജൻ തീരുന്നതോടെ സൂര്യൻ നിലവിലുള്ളതിനേക്കാൾ നൂറിരട്ടി വലിപ്പത്തിലേക്കു വീർത്തുവരും. എനർജി തീരുമ്പോൾ സൂര്യൻ ആദ്യം ചുവന്ന ഭീമൻ നക്ഷത്രമായി (റെഡ് ജയന്റ്) മാറും. അതിനുശേഷം അസിംപ്റ്റോട്ടിക് ജയന്റ് ബ്രാഞ്ച് (എജിബി) എന്ന അതിലും വലിയ ഘട്ടത്തിലേക്ക് സൂര്യൻ കടക്കും. ഒടുവിൽ പുറംഭാഗങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിനിഴൽ പോലെ അവശേഷിക്കുന്ന കേന്ദ്രഭാഗം മാത്രമുള്ള വൈറ്റ് ഡ്വാർഫ് എന്ന അവസ്ഥയിൽ സൂര്യന്റെ ആയുസ് അവസാനിക്കും.
ഈ ഘട്ടങ്ങളിൽ ഉണ്ടാകുന്ന അതിഭയങ്കരമായ താപതരംഗങ്ങൾ ഭൂമി, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളെ പൂർണമായും വിഴുങ്ങുമെന്നാണ് ശാസ്ത്രജ്ഞർ ദീർഘകാലമായി വിശ്വസിച്ചിരുന്നത്. എന്നാൽ സൂര്യന്റെ ഭാവിയോടു സാമ്യം പുലർത്തുന്ന; അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന, എൽ 2 പപ്പിസ് എന്ന നക്ഷത്രത്തെ നിരീക്ഷിച്ചതോടെയാണ് ഈ നിഗമനം തിരുത്തപ്പെടുന്നത്.
ഭൂമി രക്ഷപ്പെടാൻ രണ്ട് വഴികൾ
നക്ഷത്രങ്ങളുടെ പരിണാമമാതൃകകൾ പരിശോധിച്ച ഗവേഷകർ ഭൂമിയുടെ ഭാവിയെക്കുറിച്ച് രണ്ട് സാധ്യതകളാണു പറയുന്നത്.
1. ഗ്രഹത്തെ വിഴുങ്ങുന്ന ടൈഡൽ ഫോഴ്സ്
സൂര്യൻ വലിപ്പം വയ്ക്കുമ്പോൾ അതിന്റെ ശക്തമായ ഗുരുത്വാകർഷണ ബലം ഭൂമിയെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുകയും ഒടുവിൽ സൂര്യൻ ഭൂമിയെ വിഴുങ്ങുകയും ചെയ്യാം.
2. സ്റ്റെല്ലാർ വിൻഡ്
സൂര്യൻ അതിന്റെ അവസാന ഘട്ടത്തിൽ ശക്തമായ സ്റ്റെല്ലാർ വിൻഡ് പുറപ്പെടുവിക്കുകയും അതിവേഗം സ്വന്തം പിണ്ഡം നഷ്ടപ്പെടുകയും ചെയ്യാം. അങ്ങനെ വരുമ്പോൾ സൂര്യന്റെ ഗുരുത്വാകർഷണ ശക്തി കുറയുകയും, ഭൂമിക്ക് സൂര്യനിൽനിന്നും അകന്ന് കൂടുതൽ സുരക്ഷിതമായ ഒരു ഭ്രമണപഥത്തിലേക്ക് മാറിപ്പോകാൻ അവസരം ലഭിക്കുകയും ചെയ്യാം.
ഭൂമിയുടെ അന്തിമവിധി
സൂര്യനിൽനിന്ന് പിണ്ഡം നഷ്ടമാകുന്ന വേഗത്തെ ആശ്രയിച്ചിരിക്കും ഭൂമിയുടെ അന്തിമവിധി എന്ന് മുഖ്യ ഗവേഷകനായ മാറ്റ്സ് എസേൽഡൂർസ് പറയുന്നു. സൂര്യന്റെ ആകർഷണബലവും പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയും തമ്മിലുള്ള മത്സരമായിരിക്കും അന്നു നടക്കുക. ഇതിൽ ടൈഡൽ ഫോഴ്സ് ആണ് ജയിക്കുന്നതെങ്കിൽ ഭൂമി സൂര്യനിൽ ലയിക്കും. എന്നാൽ പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയ്ക്കാണ് മേൽക്കൈ എങ്കിൽ ഭൂമി സൂര്യന്റെ വലയത്തിൽനിന്നും അകന്നുമാറി അതിജീവിക്കും.
കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിന്നാലും ഇല്ലെങ്കിലും, പ്രപഞ്ചത്തിൽ ഭൂമി എന്ന ഗ്രഹത്തിന്റെ നിലനിൽപ്പ് പൂർണമായും അവസാനിക്കില്ലെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നത്.
International
ലോകത്തിന്റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി! സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്ന് ശാസ്ത്രലോകത്തിന്റെ പഠനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഭീതിജനകമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന മഹാദുരന്തം പ്രവചിക്കുന്നത്.
നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. നിലവിലെ അവസ്ഥതുടർന്നാൽ; വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി ഉയരുകയും ഈ നഗരങ്ങളിലെ ജലസ്രോതസുകൾ പൂർണമായി വറ്റിവരളുകയും ചെയ്യും.
കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡ്, കാർഷിക മേഖലയ്ക്ക് പേരുകേട്ട പ്രദേശമാണ്. ഇവിടം കടുത്ത ജലക്ഷാമത്തിലേക്കും വന്ധ്യമായമണ്ണിലേക്കും നീങ്ങുകയാണ്. അന്പതു വർഷത്തിനകം ഇവിടുത്തെ കാലാവസ്ഥ പൂർണമായും സഹാറ മരുഭൂമിക്ക് സമാനമായ വരണ്ട അവസ്ഥയിലേക്ക് മാറിയേക്കാം. വിനോദസഞ്ചാരത്തിനും വ്യവസായങ്ങൾക്കും പേരുകേട്ട റെനോ നഗരവും അതിവേഗം വരൾച്ചയുടെ പിടിയിലാവുകയാണ്. ഭൂഗർഭ ജലത്തിന്റെ അളവ് താഴുന്നതും മഴയുടെ അഭാവവും നഗരത്തിന്റെ പച്ചപ്പ് പൂർണമായി ഇല്ലാതാക്കും.
മൂന്ന് പ്രധാനകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഗവേഷകർ
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഈ നഗരങ്ങളെ മരുഭൂമിയാക്കാൻ പോകുന്നത്. വർധിച്ച ബാഷ്പീകരണം പ്രധാനമായും എടുത്തുകാണിക്കുന്നു. താപനില ഉയരുമ്പോൾ മണ്ണിലെയും ജലാശയങ്ങളിലെയും ഈർപ്പം അതിവേഗം വായുവിൽ ലയിക്കുന്നു. ഇത് മണ്ണ് വരണ്ടുണങ്ങാൻ കാരണമാകുന്നു. രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ആഗോളതാപനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണ്. ആഗോളതാപനം കാരണം പസഫിക് സമുദ്രത്തിൽ നിന്നെത്തുന്ന കാറ്റിന്റെ ഗതി മാറുകയും ഈ നഗരങ്ങളിൽ ലഭിക്കേണ്ട മഴ മറ്റ് പ്രദേശങ്ങളിലേക്കു മാറുകയും ചെയ്യുന്നു.
മൂന്നാമതായി ഗവേഷകർ പറയുന്നത്, കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് നിലനിർത്തുന്നത് നഗരങ്ങളിലെ താപനില ഗ്രാമീണ മേഖലകളേക്കാൾ വർധിപ്പിക്കാൻ ഇടവരുത്തുന്നു എന്നതാണ്.
ഇന്ത്യക്കും മുന്നറിയിപ്പ്
ഈ പഠനം അമേരിക്കയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും ഇതൊരു കനത്ത മുന്നറിയിപ്പാണ്. സമാനമായ രീതിയിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുകയും താപനില ഉയരുകയും ചെയ്താൽ ലോകമെമ്പാടുമുള്ള പല ജനവാസ മേഖലകളും വരും ദശകങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത വിധം മരുഭൂമികളായി മാറും.
ഇപ്പോഴെങ്കിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദപരമായ നഗരാസൂത്രണം നടപ്പിലാക്കാനും ലോകരാഷ്ട്രങ്ങൾ തയാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഭൂപടത്തിൽ പല നഗരങ്ങളും നഷ്ടപ്പെടുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
National
ആ വാർത്ത, ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്കും വന്യജീവി പ്രേമികൾക്കും അദ്ഭുതവും ആവേശവും പകരുന്നതായി. സിക്കിമിലെ ഹിമാലയൻ മലനിരകളിൽ ഒരു പ്രേതത്തെ കണ്ടെത്തിയിരിക്കുന്നു! മാത്രമല്ല, ആ പ്രേതം കാമറക്കണ്ണിൽ കുടുങ്ങുകയും ചെയ്തു!
അതീവരഹസ്യമായി സഞ്ചരിക്കുന്ന, പ്രേതം നിസാരക്കാരനല്ല! മലനിരകളിലെ പ്രേതം (Ghost of the mountains) എന്നറിയപ്പെടുന്ന യുറേഷ്യൻ ലിൻക്സ് (Eurasian Lynx) എന്ന അപൂർവയിനം കാട്ടുപൂച്ചയാണത്! ഹിമാലയൻ മലനിരകളിൽ കണ്ടെത്തിയ കാട്ടുപൂച്ചയുടെ അപൂർവചിത്രങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പൂച്ചവർഗത്തിൽപ്പെട്ട, എന്നാൽ സാധാരണ പൂച്ചകളേക്കാൾ വലിപ്പമുള്ള യുറേഷ്യൻ ലിൻക്സുകൾ മഞ്ഞുമൂടിയ ഉയർന്ന മലനിരകളിലാണ് ജീവിക്കുന്നത്. മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാതെ, അതീവ രഹസ്യമായാണ് ഇവരുടെ സഞ്ചാരം. കാട്ടുപൂച്ചകളുടെ ഈ സ്വഭാവമാണ് ഇവയ്ക്കു മലനിരകളിലെ പ്രേതം - എന്നു പേരുവരാൻ കാരണം. ഇന്ത്യയിൽ സാധാരണയായി ലഡാക്ക്, ഹിമാചൽ പ്രദേശ് തുടങ്ങിയ വടക്കൻ ഹിമാലയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടാറുള്ള ജീവിയെ ആദ്യമായാണ് സിക്കിം പോലുള്ള ഒരു വടക്ക്-കിഴക്കൻ സംസ്ഥാനത്ത് കണ്ടെത്തുന്നത്.
സിക്കിമിലെ ഉയർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന വൈൽഡ് ലൈഫ് കാമറ ട്രാപ്പിലാണ് അപൂർവ ദൃശ്യങ്ങൾ പതിഞ്ഞത്. അതിശൈത്യത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കട്ടിയുള്ള രോമക്കുപ്പായവും ശരീരപ്രകൃതിയുമുള്ള ഈ വന്യജീവി സിക്കിമിലുമുണ്ടെന്ന കണ്ടെത്തൽ അവിടുത്തെ ജൈവവൈവിധ്യം വ്യക്തമാക്കുന്നു. മേഖലയിലെ പരിസ്ഥിതിവ്യവസ്ഥ ഇപ്പോഴും ആരോഗ്യകരമായി തുടരുന്നു എന്നതിന്റെ സൂചനയായും ഗവേഷകർ ഇതിനെ കണക്കാക്കുന്നു. കണ്ടെത്തലോടെ, വരും ദിവസങ്ങളിൽ സിക്കിമിലെ ഉയർന്ന ഹിമാലയൻ മേഖലകളിൽ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വനംവകുപ്പ് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്.
District News
ചെറുതോണി: മനുഷ്യന്റെ അമിതമായ ധനമോഹവും അത്യാർത്തിയുമാണ് പലപ്പോഴും പ്രകൃതിക്ക് നാശം വരുത്തുന്നതെന്ന് റോയി കെ. പൗലോസ് എംഎൽഎ. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതിദിന പരിപാടികൾ മണിയാറൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർ പ്രകൃതിയുടെ കാവൽക്കാർ മാത്രമാണെന്നും വരും തലമുറക്ക് ഇവയെല്ലാം കൈമാറേണ്ട ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ടെന്നും എംഎൽഎ പറഞ്ഞു.
സ്കൂൾ ഹാളിൽ ചേർന്ന് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി ടോമി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോനട്രീസാ ജോബി, ടെസ്സി തങ്കച്ചൻ, സ്റ്റീഫൻ, ബിജു നിള, സ്കൂൾ പ്രിൻസിപ്പൽ എം. നീതു, ഹെഡ്മിസ്ട്രസ് ഷൈജാമോൾ, എ. സുജിത, പഞ്ചായത്ത് അംഗങ്ങളായ സോഫി ജെയ്സൺ, എസ്. രവി, സിജി ചാക്കോ, റിൻസി സിബി തുടങ്ങിയവർ പ്രസംഗിച്ചു. എംഎൽഎ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകളും നട്ടു.
Viral
ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ പ്രകൃതിയുടെ വന്യതയ്ക്കിടയിൽ അരങ്ങേറിയ ഒരു അപൂർവ പ്രതിരോധത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്.
മഹാനദിയുടെ കൈവഴിയായ ഖരിനാസി നദീതീരത്ത് വെള്ളം കുടിക്കാനെത്തിയ കുരങ്ങൻമാരുടെ സംഘത്തിലെ ഒരാളെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
നിമിഷനേരം കൊണ്ട് ഇരയെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ മുതല ശ്രമിച്ചെങ്കിലും, ഭയന്നോടുന്നതിന് പകരം അസാമാന്യമായ ഐക്യത്തോടെ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു ആ വാനരക്കൂട്ടം.
തങ്ങളുടെ കൂട്ടുകാരന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഒട്ടും ഭയക്കാതെ മുപ്പതിലധികം വരുന്ന കുരങ്ങൻമാർ ഒന്നിച്ച് നദിയിലേക്ക് എടുത്തുചാടി.
ചതുപ്പും മുതലകളുടെ സാന്നിധ്യവും നിറഞ്ഞ അപകടകരമായ ആ വെള്ളത്തിലേക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നീന്തിച്ചെന്നു. മുതലയെ ചുറ്റും വരിഞ്ഞും ബഹളം വെച്ചും ആക്രമിച്ചും വാനരപ്പട സൃഷ്ടിച്ച അപ്രതീക്ഷിത പ്രതിരോധം മുതലക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒടുവിൽ വാനരസംഘത്തിന്റെ കരുത്തിനു മുന്നിൽ പതറിപ്പോയ മുതല തന്റെ ഇരയെ ഉപേക്ഷിച്ച് വെള്ളത്തിനടിയിലേക്ക് പിൻവാങ്ങി. ഭയത്തെ അതിജീവിച്ചുള്ള ഈ കൂട്ടായ പോരാട്ടം വന്യജീവി ലോകത്ത് തന്നെ അത്യപൂർവമായ ഒന്നാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അപകടത്തിൽപ്പെട്ട സുഹൃത്തിനെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ശേഷം മാത്രമാണ് ആ സംഘം അവിടെ നിന്നും മാറിയത്.
മനുഷ്യർക്കിടയിൽ പോലും ഐക്യദാർഢ്യം കുറഞ്ഞുവരുന്ന ഈ കാലത്ത്, വന്യമൃഗങ്ങൾക്കിടയിലെ ഈ നിസ്വാർഥമായ സ്നേഹവും അച്ചടക്കത്തോടെയുള്ള രക്ഷാപ്രവർത്തനവും വലിയൊരു പാഠമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
പ്രകൃതിയിലെ ഏറ്റവും കരുത്തരായ വേട്ടക്കാരെ പോലും സ്നേഹവും ഒത്തൊരുമയും കൊണ്ട് പരാജയപ്പെടുത്താമെന്ന് തെളിയിക്കുന്നതാണ് ഒഡീഷയിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ കാഴ്ച.
Leader Page
റാംസർ സൈറ്റ് സംരക്ഷണത്തിന്റെ ഭാഗമായി അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണ സംരക്ഷണ നടപടികൾക്ക് വേഗം കൂട്ടുന്നതിനായി പത്തു കോടി രൂപ ഉറപ്പാക്കിയെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ സംസ്ഥാന ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.
രാജ്യാന്തര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ തന്നെ ഏറ്റുവും പ്രധാനപ്പെട്ടതും കേരളത്തിലെ ഏറ്റവും വിസ്തൃതവുമായ ഒന്നാണ് വേമ്പനാട് കായൽ. റാംസർ സൈറ്റുകൾ സംരക്ഷിക്കുന്നതിലെ വീഴ്ചയുടെ പേരിൽ 2023 മാർച്ചിൽ പിഴയ്ക്ക് തുല്യമായി 10 കോടി രൂപ ഉറപ്പു വരുത്തി ശുചീകരണ സംരക്ഷണ നടപടികളിലേക്ക് കടക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു.
വേമ്പനാട് കായലിനെ മണലൂറ്റ് കേന്ദ്രമാക്കുന്നതിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് ഭരണപക്ഷത്തെ ഒരു പ്രമുഖ പാർട്ടിയുടെ തൊഴിലാളിയുണിയൻ നേതാവിന്റെ പ്രസ്താവനയുമുണ്ടായി. ദേശീയപാത നിർമാണത്തിന്റെ മറവിൽ വേമ്പനാട് കായലിൽനിന്ന് എടുക്കുന്ന മണൽ തണ്ണീർത്തടങ്ങൾ നികത്തുന്നതിന് അനധികൃതമായി ഉപയോഗിക്കുന്നു എന്നതാണ് ഇവിടെ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. വേമ്പനാട് കായലിന്റെ നിലനില്പിനെതന്നെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ സംബന്ധിച്ച് നിയമസഭാ സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾപോലും അവഗണിക്കപ്പെട്ടതാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ഇടാൻ കാരണമായത്.
കേരള ഫിഷറീസ് പഠന സർവകലാശാല അഞ്ചു വർഷമെടുത്ത് നടത്തിയ പഠന റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ട് വർഷം ഒന്നു കഴിഞ്ഞിരിക്കുന്നു. 2018ൽ മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്ത് നടപടി ഉണ്ടായി? റിപ്പോർട്ടുകൾ കൊണ്ട് മാത്രം കായൽ നന്നാവില്ല. നടപടിയാണ് ആവശ്യം. എങ്കിലേ വേമ്പനാട് കായലും മറ്റ് ജലസ്ത്രോതസുകളും നിലവിലുള്ളതുപോലെയെങ്കിലും നിലനിർത്താൻ സാധിക്കു.
2018ലെ പ്രളയവും തുടർ വെള്ളപ്പൊക്കങ്ങളും
വിസ്തൃതിയും ആഴവും കുറഞ്ഞുവന്നിരുന്ന ഈ കായലിലേക്ക് 2018ലെ പ്രളയത്തിലും തുടർന്നുള്ള വെള്ളപ്പൊക്കങ്ങളിലും ഒഴുകിയെത്തിയ എക്കൽ വീണ്ടും ഇതിന്റെ ആഴം കുറച്ചു. വേലിയിറക്ക സമയത്ത് ചിലയിടങ്ങളിൽ ഒരു മീറ്റർ പോലും ആഴമില്ലാത്തതിനാൽ നേരിട്ട് സൂര്യപ്രകാശം അടിത്തട്ടിലെത്തുകയും അത് അടിത്തട്ടിലെ ചെടികൾക്ക് വളരാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.
അങ്ങനെ ചെടികൾ വളർന്നുവന്ന് കാലക്രമേണ കായലിന്റെ പല ഭാഗങ്ങളും ചതുപ്പായി മാറിയേക്കാമെന്ന് പഠനങ്ങൾ വെളിവാക്കുന്നു. വഴിമാറി സഞ്ചരിക്കുന്ന ജലവാഹനങ്ങൾ പലപ്പോഴും കായലിലെ മണൽത്തിട്ടകളിലും ചതുപ്പുകളിലും അകപ്പെടുന്നത് സാധാരണമാണ്.
ദശാബ്ദങ്ങൾക്ക് മുമ്പ് കായലിന്റെ പരമാവധി ആഴം 12 മീറ്ററും ശരാശരി ആഴം ഒമ്പതു മീറ്ററും ആയിരുന്നത് മൂന്നിൽ രണ്ടായി കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2018ലെ പ്രളയത്തോടെ ആഴം വീണ്ടും കുറഞ്ഞു. യഥാസമയം മണ്ണും ചെളിയും മാറ്റപ്പെടുന്നില്ല. 2019ലും തുടർന്നുള്ള വർഷങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കങ്ങളിലും കായലിന്റെ ആഴം കുറയത്തക്ക രീതിയിൽ മണ്ണും ചെളിയും ഒഴുകിയെത്തി. എന്നാൽ, പൂർണതോതിലുള്ള ആഴപ്പെടുത്തൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിച്ചോ? ഇപ്പോൾ പ്രതിഷേധം ഉയരുന്ന മണലെടുപ്പുപോലും കായൽ സംരക്ഷണം ലക്ഷ്യം വച്ചല്ല, ദേശീയപാതയുടെ നിർമാണത്തിനായുള്ള അശാസ്ത്രീയമായ മണലൂറ്റാണ് നടത്തുന്നത്.
കായൽജലം കാഴ്ചവസ്തു
പ്രധാനമായും വേമ്പനാട് കായലിലെ വെള്ളം ഉപയോഗയോഗ്യമല്ലാതാകുന്നത് പല കാരണങ്ങളാലാണ്. കോളിഫോം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യം, കൂടിയ ലവണാംശം, കീടനാശിനികൾ... മുതലായവ പ്രധാന വില്ലൻ വേഷം കെട്ടുന്നു. വേമ്പനാട് കായലിലെ ലവണാംശം 11 പിപിടി (പാർട്ട് പെർ തൗസന്റ്) വരെ ആയിരുന്നു.
എന്നാൽ, അടുത്ത കാലത്ത് ഇത് 20ന് മുകളിലെത്തിയ സമയങ്ങളുണ്ട് (കടലിലെ പിപിടി 30 ആണ്). ഓരുജലം പലപ്പോഴും പരിധിയിൽ കവിഞ്ഞ നാശനഷ്ടങ്ങൾ ജീവജാലങ്ങൾക്കും കൃഷിക്കും ഉണ്ടാക്കുന്നുണ്ട്. “കായലിലുടനീളം കോളിഫോം ബാക്ടീരിയയുടെ അളവ് വർധിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. നൂറ് മില്ലീ ലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പത്ത് മുതൽ അൻപത് വരെ അനുവദനിയമാകാമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും ഇവിടെ അവയുടെ അളവ് പതിൻമടങ്ങാണെന്ന് കണ്ടെത്തിയിരുന്നു.
ക്രോമിയം, കാഡ്മിയം, ലെഡ്, നൈട്രേറ്റ്, സൾഫേറ്റ് എന്നിവയുടെ ഉയർന്ന അളവിലുള്ള സാന്നിധ്യവും ഈ കായലിൽ കണ്ടെത്തിയിട്ടുണ്ട്.” - എന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ, പതിനാലാം കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 2018 ജൂൺ 21ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
പ്രളയവും തുടർ വെള്ളപ്പൊക്കങ്ങളും ഈ റിപ്പോർട്ടിന് ശേഷം ആയിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട് ഉണ്ടായ ആഘാതത്തിന്റെ തീവ്രത ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിന്റെ കൂടി പഠനം നടത്തിയാൽ കണക്കുകൾ അതിശയിപ്പിക്കുന്നതാവും. എൻഡോസൾഫാൻ മുതൽ മാലാത്തിയോൺ വരെയുള്ള 13 തരം കിടനാശിനികളുടെ സാന്നിധ്യം വേമ്പനാട്ട് കായലിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നടപടികൾ എവിടെയെത്തി എന്നറിയില്ല.
ഇതിനെല്ലാം പുറമേയാണ് വിനോദസഞ്ചാര മേഖലയിൽനിന്ന് പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വെള്ളത്തിൽ കലരുന്ന എണ്ണയും. വേമ്പനാട് കായലിലെ വെള്ളത്തിലെ ഓക്സിജൻ ഘടനയിൽതന്നെ മാറ്റം സംഭവിച്ചിരിക്കുന്നു. ഇത് കായലിലെ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. അതുവഴി മത്സ്യ ബന്ധനം തൊഴിലാക്കിയിരുന്നവരുടെ ജീവിതമാർഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കായലിന്റെ സമീപവാസികൾക്ക് പലവിധ രോഗങ്ങളും ഉണ്ടാകുന്നു.
തണ്ണീർമുക്കം ബണ്ട്
കുട്ടനാട്ടിൽ രണ്ട് കൃഷി നടത്തുന്നതിനായി രൂപപ്പെടുത്തിയ തണ്ണീർമുക്കം ബണ്ട് വേമ്പനാട്ട് കായലിലെ ഒഴുക്ക് തടസപ്പെടുത്തുന്നതുകൊണ്ടാണ് കായൽ മലിനമാകുന്നത് എന്നതാണ് ഒരു ആക്ഷേപം.
കൊച്ചി കായലിൽനിന്നു വേനൽക്കാലത്ത് ഉപ്പുവെള്ളം കയറി കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും കൃഷി നശിക്കാതിരിക്കാൻ ലക്ഷ്യമിട്ട് നിർമിച്ച തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത് കായലിലെ ഒഴുക്ക് ഒരു പരിധി വരെ തടയുന്നു. ഈ ആക്ഷേപം കുറെയൊക്കെ ശരിയെങ്കിലും നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ടി കുട്ടനാട്ടിലെ നെൽകൃഷി നല്കുന്ന സംഭാവനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആക്ഷേപത്തിന് നിലനില്പില്ലാതെ പോകുന്നു.
ബണ്ടിലെ ഷട്ടറുകൾ യഥാവിധി സമയബന്ധിതമായി പ്രവർത്തിപ്പിക്കാത്തതായിരുന്നു യഥാർഥ പ്രശ്നം. യഥാസമയം ബണ്ട് ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ വെള്ളത്തെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. എന്നാലും വേനൽക്കാലത്ത് വേലിയേറ്റ സമയത്ത് കുട്ടനാടൻ പാടശേഖരങ്ങളിൽ വെള്ളം കയറി മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചിരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കായൽ ക്ഷീണിക്കുന്നു
കായലിന്റെ വിസ്തൃതി മൂന്നിൽ രണ്ടായി കുറഞ്ഞിട്ടുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. കൈയേറ്റം ഒഴിപ്പിച്ച് സർവേ നടത്തി അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കണമെന്ന് ജലവിഭവ വകുപ്പ് നിർദേശിച്ചിരുന്നു. കൂടാതെ, ജലപാതകൾ വികസിപ്പിച്ച് ഗതാഗതത്തിനും ചരക്ക് നീക്കത്തിനും വിനോദ സഞ്ചാരത്തിനും ഉതകുന്ന വിധത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വകുപ്പ് അധികൃതർ പറഞ്ഞിരുന്നതാണ്.
അതുവഴി കായലിൽ കാലാകാലങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണും മാലിന്യങ്ങളും കളകളും നീക്കം ചെയ്ത് ജലയാനങ്ങൾക്ക് സഞ്ചരിക്കാൻ ആവശ്യമായ ‘ഡ്രാഫ്റ്റ് ഡെപ്ത്’ ഉറപ്പ് വരുത്തണമെന്നും മാലിന്യം തള്ളുന്നതു തടയാൻ 24 മണിക്കൂർ നീരീക്ഷണ സംവിധാനം ഉറപ്പു വരുത്തണമെന്നും ജലവിഭവ വകുപ്പ് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇവയിൽ എന്തൊക്കെ പ്രാവർത്തികമാക്കാൻ സാധിച്ചു എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
നിയമസഭാസമിതിയുടെ പ്രധാന ശിപാർശകൾ
*വേമ്പനാട് കായലുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഒരു കമ്മിറ്റിയുടെ കീഴിൽ കൊണ്ടുവരണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഈ കമ്മിറ്റിക്ക് ഉണ്ടാവണം.
*ജലാശയങ്ങളുടെയും കായലുകളുടെയും സംരക്ഷണാവകാശം സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഉണ്ടാകണം.
*വേമ്പനാട് കായലിലേക്ക് പതിക്കുന്ന നദികളുടെ സംരക്ഷണവും മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി നടപ്പിലാക്കണം. മാലിന്യങ്ങൾ കായലിലേക്ക് എത്തുന്നില്ല എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം.
*കായലിനോടും അനുബന്ധ ജലാശയങ്ങളോടും ചേർന്നുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും പരിശോധനയും വേണം.
*കൈയേറ്റം പരിശോധിക്കാൻ കായൽപ്രദേശത്ത് സർവേ നടത്തണം.
*കായലിലെ ചെളിമണ്ണ് ശേഖരിച്ച് അതിലുള്ള പോഷകങ്ങളെക്കുറിച്ച് പഠിച്ച് ജൈവ വളമായി മാറ്റാൻ കഴിയണം. അതു വഴി ജലവാഹകശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
*കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കണം.
*ഹൗസ് ബോട്ട്, ജലയാനങ്ങൾ എന്നിവയുടെ സർവീസ്, കായലിന്റെ ശേഷിക്കനുസൃതമായി നിജപ്പെടുത്തണം, പരിഷ്കരിക്കണം.
*നഗരങ്ങളിലെ ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായ യൂണിറ്റുകൾ, തുടങ്ങിയവയിൽനിന്ന് തോടുകളിലേക്കും കായലുകളിലേക്കും മാലിന്യം തള്ളുന്നത് തടയണം.
*കീടനാശിനി, കളനാശിനി, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള കൃഷി ഒഴിവാക്കി ജൈവകൃഷി നടപ്പിൽ വരുത്തണം.
*അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ കായലിന്റെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ ധനസഹായം ലഭ്യമാക്കണം. അതിനായി ശ്രമം നടത്തണം.
*വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന പോള മൂല്യവർധിത ഉത്പന്നമാക്കാൻ വേണ്ട ശ്രമം ഉണ്ടാവണം.
*പ്ലാസ്റ്റിക്കിന്റെ ഉപയോഗം കായലിൽ അനുവദിക്കരുത്.
നിയമസഭാ സമിതി മുന്നോട്ടു വച്ചിരിക്കുന്ന ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരു ശുഷ്കാന്തിയുമുണ്ടായിട്ടില്ല. ഹരിത ട്രൈബ്യൂണലിനു മുന്നിൽ നല്ലപിള്ള ചമയാനുള്ള പൊടിക്കൈകൾ അല്ല ഉണ്ടാവേണ്ടത്. പുതിയ സമിതികളും പഠനങ്ങളുംകൊണ്ട് കായലുകൾ നിലനില്ക്കില്ല. സത്വരമായ നടപടികളാണ് ഉണ്ടാകേണ്ടത്.