അബുദാബി: സമർപ്പണം അബുദാബിയുടെ രണ്ടാമത് നവരാത്രി പുരസ്കാരങ്ങൾ ബിഎപിഎസ് ഹിന്ദു മന്ദിറിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
കലാ, സാംസ്കാരിക, ആധ്യാത്മിക മേഖലകളിൽ ദശാബ്ദങ്ങളായി സമർപ്പിത സേവനം നടത്തിവരുന്ന സതീഷ് പരോൾ (ആധ്യാത്മികം), കെ.കെ. പ്രദീപ് കുമാർ (സാംസ്കാരികം), കാവ്യ നാരായൺ (ശാസ്ത്രീയ സംഗീതം), രഘു ഗോപാൽ, പ്രസന്നകുമാരി സിദ്ധാർഥൻ (ആധ്യാത്മിക സേവനം), വി.പി. ബാലസുബ്രഹ്മണ്യം (സംഗീതം), സൗമ്യ പ്രകാശ് ആർഎൽവി (ശാസ്ത്രീയ നൃത്തം), സുരേഷ് കലാനിലയം (വാദ്യകല), ഉദയലാൽ സദാശിവൻ (സാംസ്കാരികം) എന്നിവർക്കാണ് പുരസ്കാരം.
ചെട്ടികുളങ്ങര ഭഗവതിയുടെ നാമത്തിലുള്ള പുരസ്കാരങ്ങൾ അബുദാബി ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറിമാരായ സർവേഷ് അനിൽ, റോമാ ബർണ എന്നിവർ ചേർന്ന് സമ്മാനിച്ചു.
രക്ഷാധികാരി അഭിലാഷ് ജി. പിള്ള, പ്രസിഡന്റ് ജ്യോതി രാജ്, ജനറൽ സെക്രട്ടറി സിന്റോ മോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.